കറുത്ത പാമ്പ്, 13 തവണ കടിച്ചെന്ന് പെണ്‍കുട്ടി, ഭയന്ന് ഗ്രാമം വിടാനൊരുങ്ങി ഗ്രാമീണർ

Published : Sep 06, 2025, 02:47 PM IST
black snake

Synopsis

തന്നെ പിന്തുടരുന്ന കറുത്ത പാമ്പ് 40 ദിവസത്തിനിടെ 13 തവണ കടിച്ചെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്. ഇതോടെ ഭയന്ന് പോയ ഗ്രാമീണര്‍ ഗ്രാമം വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 

 

40 ദിവസത്തിനിടെ ഒരു കറുത്ത പാമ്പ് തന്നെ 13 തവണ കടിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് ഭയന്ന് പോയ ഗ്രാമീണര്‍ ഗ്രാമം വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഭയം കാരണം പെണ്‍കുട്ടിയുടെ കുടുംബം ഇളയ സഹോദരങ്ങളെ ബന്ധുക്കളുടെ വീടുകളിലേക്ക് പറഞ്ഞ് അയച്ചെന്നും ദോഷ പരിഹാരത്തിന് ഒരു തന്ത്രിയുടെ സഹായം തേടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ ബസ്തി ഭൈസ എന്ന 300 ഓളം പേര്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. 15 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അസാധാരണമായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഗ്രാമവാസികൾ ഭയത്തിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു കറുത്ത പാമ്പ് 40 ദിവസത്തിനുള്ളിൽ തന്നെ 13 തവണ കടിച്ചെന്നാണ് കുട്ടി പറയുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

'ഒരു കറുത്ത പാമ്പ് എന്‍റെ പിന്നാലെയുണ്ട്. ദയവായി എന്നെ രക്ഷിക്കൂ, അത് കടിക്കുമ്പോഴെല്ലാം, ഒരു വൈദ്യുതാഘാതം പോലെയാണ് തോന്നുന്നത്, അത് കടിച്ച പല്ലിന്‍റെ പാടുകൾ തന്‍റെ ശരീരത്തിലുണ്ടെന്നും പെണ്‍കുട്ടി അവകാശപ്പെട്ടു. രാത്രിയിൽ വാതിലുകൾ അടച്ചിട്ടാലും പാമ്പ് വീടിനകത്ത് കടക്കുന്നതായി പെണ്‍കുട്ടിയുടെ കുടുംബവും പറയുന്നു. ഓരോ തവണ അത് തന്നെ അക്രമിക്കുമ്പോഴും അതിനെ കണ്ടിരുന്നെന്നും തന്‍റെ ശരീരത്തിലെ മുറിവുകൾ പാമ്പ് കടിച്ചതിന്‍റെ അടയാളങ്ങളെന്നും പെണ്‍കുട്ടി അവകാശപ്പെട്ടു.

ആദ്യത്തെ പാമ്പുകടിയേറ്റത് ജൂലൈ 22 നാണ്. അന്ന് മകളുടെ ചികിത്സയ്ക്കായി 4 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്ന് കർഷകത്തൊഴിലാളിയായ കുട്ടിയുടെ അച്ഛന്‍ രാജേന്ദ്രൻ പറയുന്നു. പല പാമ്പ് പിടിത്തക്കാരോടും പറഞ്ഞെങ്കിലും ആരും വന്നില്ലെന്നും അദ്ദേഹം പറയുന്നു. ചിലപ്പോൾ പാമ്പിനെ വയലിലും മറ്റ് ചിലപ്പോൾ വീട്ടിടനകത്തും കാണാമെന്നും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു.

അതേസമയം വീട്ടുകാര്‍ നിരന്തരം കാണുന്ന പാമ്പിനെ ഇതുവരെ ഗ്രാമവാസികളാരും കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. “പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് മാത്രമേ ഞങ്ങൾ പാമ്പിനെക്കുറിച്ച് കേട്ടിട്ടുള്ളൂ. സത്യം പറഞ്ഞാൽ, അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ഞങ്ങൾ ഭയപ്പെടുന്നു, അടുത്തതായി അത് ഞങ്ങളുടെ പിന്നാലെ വന്നാലോ?” ഒരു ഗ്രാമീണന്‍ ചോദിച്ചു. പാമ്പ് കറുത്തതും വളരെ തടിച്ചതും ഒരു കൈയോളം നീളമുള്ളതുമാണെന്നും അതിനെ പലപ്പോഴും വീട്ടിനുള്ളിലും പുറത്ത് വച്ചും കണ്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മായി പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ മെഡിക്കൽ സമൂഹം സംശയം പ്രകടിപ്പിച്ചു.

കൗശാമ്പിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സഞ്ജയ് കുമാർ, ജൂലൈ 22 നും ഓഗസ്റ്റ് 13 നും പെൺകുട്ടിക്ക് സംശയാസ്പദമായ പാമ്പുകടിയേറ്റതിന് ചികിത്സ നൽകിയതായി സ്ഥിരീകരിച്ചു. എന്നാൽ, 13 തവണ കടിച്ചുവെന്നതിന് തെളിവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആദ്യ പാമ്പ് കടിയില്‍ ഭയന്ന് പോയ കുട്ടിക്ക് പിന്നീട് തന്നെ എപ്പോഴും പാമ്പ് കടിക്കാനായി എത്തുന്നതായി മാനസിക വിഭ്രാന്തിയാകാമെന്ന് ചില മെഡിക്കൽ വിദഗ്ജര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരേ പാമ്പ് ഒരേ വ്യക്തിയെ പലതവണ ആക്രമിക്കുന്നതിന് വൈദ്യശാസ്ത്രപരമായി ഒരു അടിസ്ഥാനവുമില്ല. ഇത് ഒരുതരം ഫോബിയ ആയിരിക്കാം, അതിൽ രോഗിക്ക് തങ്ങളെ ഒരു പാമ്പ് ലക്ഷ്യം വയ്ക്കുകയോ കടിക്കുകയോ ചെയ്യുന്നുവെന്ന തോന്നലുണ്ടാക്കുമെന്നും കൗശാമ്പി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിംഗ് പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്