ഭാര്യയ്ക്കായി മലയിൽ ഉളികൊണ്ട് കൊത്തിയെടുത്തത് 6000 പടികൾ, കണ്ണ് നനയിക്കുന്നൊരു പ്രണയകഥ!

By Web TeamFirst Published Jul 20, 2021, 3:16 PM IST
Highlights

എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അവർ ഒരു ഗുഹയിൽ താമസമാക്കി. തുടക്കത്തിൽ, ജീവിതം കഠിനമായിരുന്നു. ലിയൂവിനെ താൻ കഷ്ടപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിച്ച് സൂവിന് വല്ലാത്ത വിഷമമായിരുന്നു ആദ്യമൊക്കെ. 

80 വയസുള്ള ഭാര്യയ്‌ക്കായി ഒരു മലയുടെ ചെരുവിൽ സ്വന്തം കൈകൾകൊണ്ട് 6,000 പടികൾ തീർത്ത 70 -കാരനായ ചൈനക്കാരന്റെ കഥ 2006 -ൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു പ്രണയകഥയായിരുന്നു. അരനൂറ്റാണ്ട് മുമ്പ്, വിധവയായ സൂ ചാവോക്കിംഗ് തന്നെക്കാൾ പ്രായം കുറഞ്ഞ ലിയൂ ഗുജിയാങുമായി പ്രണയത്തിലായപ്പോൾ മുതലാണ് ആളുകളുടെ കണ്ണുകളെ ഈറനണിയിപ്പിച്ച ആ കഥ ആരംഭിക്കുന്നത്. ഒരുപാട് എതിർപ്പുകളും, അപമാനങ്ങളും ഇതിന് വേണ്ടി അവർക്ക് സഹിക്കേണ്ടി വന്നു. അവർ തമ്മിലുള്ള പ്രായവ്യത്യാസവും, സൂവിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളുമെല്ലാം പ്രണയത്തിനുള്ള തടസമായി ആളുകൾ കണ്ടു.

1956 -ലാണ് സൂവിന് ആദ്യ ഭർത്താവിനെ നഷ്ടപ്പെടുന്നത്. തുടർന്ന് നാല് കുട്ടികളോടൊപ്പം ദാരിദ്ര്യത്തിൽ കഴിയുകയായിരുന്നു അവൾ. അപ്പോഴാണ് തന്നെക്കാൾ 10 വയസ്സ് താഴെയുള്ള ലിയൂവിനെ അവൾ കണ്ടുമുട്ടുന്നത്. അദ്ദേഹം ജോലികൾ ചെയ്യാൻ അവളെ സഹായിക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്തു. എന്നാൽ വിധവയായ ഒരു സ്ത്രീ, അതും നാല് മക്കളുള്ള ഒരുവൾ തന്നെക്കാൾ ഇളയ ഒരാളെ പ്രണയിക്കുന്നത് ആളുകൾക്ക് ഒട്ടും സഹിച്ചില്ല. ഗ്രാമവാസികൾ അവരുടെ ബന്ധത്തെ എതിർത്തു. അവരെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി. ഒടുവിൽ അപവാദങ്ങൾ അതിര് വിട്ടപ്പോൾ അവർ ഇരുവരും ഒളിച്ചോടി. തെക്കുപടിഞ്ഞാറൻ ചൈനയിലെ ജിയാങ്‌ജിൻ കൗണ്ടിയിലെ ഒരു മലയിലേക്ക് അവർ കുടിയേറി. ആ ഒറ്റപ്പെട്ട മലനിരകളിൽ ആളുകളുടെ വേദനിപ്പിക്കുന്ന നോട്ടങ്ങളിൽ നിന്നും, ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് സ്വസ്ഥമായി ജീവിക്കാൻ അവർ ആഗ്രഹിച്ചു.  

എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അവർ ഒരു ഗുഹയിൽ താമസമാക്കി. തുടക്കത്തിൽ, ജീവിതം കഠിനമായിരുന്നു. ലിയൂവിനെ താൻ കഷ്ടപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിച്ച് സൂവിന് വല്ലാത്ത വിഷമമായിരുന്നു ആദ്യമൊക്കെ. അദ്ദേഹത്തോട് അവൾ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു: “ഇങ്ങനെയൊക്കെയായതിൽ നിങ്ങൾക്ക് വിഷമമുണ്ടോ?” എന്നാൽ തനിക്ക് ആരോഗ്യമുള്ള കാലത്തോളം നിന്നെ ഞാൻ നോക്കുമെന്ന് ലിയൂ മറുപടി പറഞ്ഞു. അവർക്ക് അടിസ്ഥാന സൗകര്യങ്ങളോ, വൈദ്യുതിയോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹം അവൾക്കായി മണ്ണെണ്ണ വിളക്കുകൾ ഉണ്ടാക്കി, ആ ഇരുട്ടിൽ വെളിച്ചം പകർന്നു. സൂ അപൂർവ്വമായി മാത്രമാണ് മലയിറങ്ങിയിരുന്നത്. കാരണം പായൽ മൂടിയ മലയുടെ ചരിവുകളിലൂടെ നടക്കുന്നത് തീർത്തും അപകടകരമായിരുന്നു. എന്നാൽ ഭാര്യയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ലിയൂ ഭാര്യയ്ക്ക് ഇറങ്ങാനായി മലയിൽ ഉളി ഉപയോഗിച്ച് 6,000 പടികൾ കൊത്തിയെടുത്തു.

50 വർഷക്കാലം അവർ ഒരുമിച്ച് കഴിഞ്ഞു.  2001 വരെ അവരെ കുറിച്ച് ലോകം അറിഞ്ഞിരുന്നില്ല. അവർക്ക് ആകെ 7 കുട്ടികളായിരുന്നു. യാതൊരു സുഖസൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും, അവർ സന്തുഷ്ടരായിരുന്നു. 72 വയസ്സുള്ള ലിയു 2007 -ൽ സൂവിന്റെ മടിയിൽ കിടന്ന് മരിക്കുകയായിരുന്നു. അഞ്ച് വർഷത്തിനുശേഷം, 87 -ാമത്തെ വയസിൽ സൂയും അന്തരിച്ചു. ലിയുവിന്റെ  അടുത്തായി അടക്കം ചെയ്യണമെന്ന് സൂവിന് അവസാന ആഗ്രഹമായിരുന്നു. മരണത്തിൽ പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല. അവർ സമൂഹത്തിൽ നിന്ന് അകന്നാണ്  കഴിഞ്ഞതെങ്കിലും, അവർ കാത്ത് സൂക്ഷിച്ചിരുന്ന പ്രണയം അവരുടെ ജീവിതത്തെ സുന്ദരമാക്കി. അവിടെ വിദ്വേഷത്തിന് ഇടമില്ലായിരുന്നു. ഇന്നാ 6,000 പടികൾ മഴയും, വെയിലുമേറ്റ് പഴയതായി തീർന്നിരിക്കാമെങ്കിലും, അവരുടെ സ്നേഹത്തിന്റെ അസ്തമിക്കാത്ത പ്രതീകമായി ഇന്നും അവ  നിലനിൽക്കുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!