ബംഗളൂരുവിലെ ഒരു പ്രശസ്തമായ ബേക്കറി ഉപഭോക്താവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് കടുത്ത വിമർശനം നേരിടുകയാണ്. ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് പരാതിപ്പെട്ട ഉപഭോക്താവിനെ 'പാവപ്പെട്ടവൻ' എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു ബേക്കറി.

ഉപഭോക്താക്കളോടുള്ള മോശം പെരുമാറ്റത്തിന്റെയും അധിക്ഷേപകരമായ മറുപടികളുടെയും പേരിൽ ബംഗളൂരുവിലെ കോരമംഗലയിലുള്ള ഒരു പ്രശസ്തമായ ബേക്കറി വലിയ വിമർശനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കയാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും വിലയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തിയവർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബേക്കറിയുടെ ഔദ്യോഗിക പേജിൽ നിന്നും ഉണ്ടാകുന്നത്.

ബേക്കറിയിലെ 'ഹൈ ടീ' സർവീസിനെ വിമർശിച്ചുകൊണ്ട് ഒരു ഉപഭോക്താവ് പങ്കുവെച്ച കുറിപ്പാണ് വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. ടേബിൾ ബുക്ക് ചെയ്യാൻ മാത്രം 2000 രൂപ നൽകേണ്ടി വന്നുവെന്നും ഇത് വെറും 'ഓവർ ഹൈപ്പ്' ആണെന്നും ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിന് ബേക്കറി നൽകിയ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. 'മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ യഥാർത്ഥ എക്സ്പീരിയൻസ് 16,000 രൂപയുടേതാണ്. നിങ്ങൾക്ക് അത് താങ്ങാൻ കഴിയില്ലെന്ന് എനിക്കുറപ്പാണ്' എന്നായിരുന്നു ബേക്കറി ഉടമകളുടെ പരിഹാസം.

തർക്കം മുറുകിയതോടെ, 'ഒരു പാവപ്പെട്ടവന് ഇത്തരം എക്സ്ക്ലൂസീവ് അനുഭവങ്ങളെക്കുറിച്ച് മനസ്സിലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല' എന്നും ബേക്കറി അധികൃതർ കുറിച്ചു. ഇതിന് പിന്നാലെ മറ്റ് പലർക്കും ഇത്തരത്തിൽ മോശം മറുപടികൾ ലഭിച്ചതിന്റെ സ്ക്രീൻഷോട്ടുകൾ റെഡ്ഡിറ്റിൽ പ്രചരിക്കാൻ തുടങ്ങി.

ആഗോള ബ്രാൻഡുകളായ റയൻ എയർ (Ryanair), ഡ്യുവോളിംഗോ (Duolingo) എന്നിവയെപ്പോലെ തമാശ കലർന്ന, പരിഹാസ രൂപേണയുള്ള മറുപടി നൽകാനാണ് ബേക്കറി ശ്രമിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. എന്നാൽ, ബുദ്ധിപരമായ മറുപടികൾക്ക് പകരം ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെയും മറ്റും അധിക്ഷേപിക്കുന്ന നിലവാരം കുറഞ്ഞ രീതിയാണ് ഇവർ സ്വീകരിച്ചതെന്ന് വിമർശകർ പറയുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള പരാതിക്ക് മറുപടിയായി ഉപഭോക്താവിനെ 'പാവപ്പെട്ടവൻ' എന്ന് വിളിക്കുന്നത് അങ്ങേയറ്റം ധിക്കാരപരമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.