
നിങ്ങളൊക്കെ ബോറടിച്ചാൽ എന്ത് ചെയ്യും? പാട്ടു കേൾക്കും? സിനിമയോ റീൽസോ ഒക്കെ കാണും? കൂട്ടുകാരോട് സംസാരിക്കും? ഗാർഡനിംഗ്? എന്നാൽ ചൈനയിലെ ഒരു യുവാവ് ചെയ്തത് കേട്ടാൽ നിങ്ങളെന്തായാലും ഒന്ന് അമ്പരക്കും. ബോറടിച്ചിരുന്നപ്പോൾ ബോറടി മാറ്റാൻ സ്വന്തം ചിത്രം വച്ച് വ്യാജ 'അറസ്റ്റ് വാറണ്ട്' നോട്ടീസ് ഉണ്ടാക്കുകയായിരുന്നു ഇയാൾ.
ചൈനയിലാണ് സംഭവം നടന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാങ് എന്ന യുവാവാണ് സ്വന്തമായി വ്യാജ അറസ്റ്റ് വാറണ്ട് നോട്ടീസുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നവംബർ 11 -നാണ് ഒരു വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ടുണ്ടാക്കി യുവാവ് തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നത്. അതിൽ 'വാണ്ടഡ് ഓർഡർ' എന്നും എഴുതിയിരുന്നു.
വാണ്ടഡ് ഓർഡർ ചിത്രത്തോടൊപ്പം, 'ഞാൻ ഷാങ്‌സി പ്രവിശ്യയിലെ ചാങ്‌സി നഗരത്തിലെ ക്വിൻയാൻ കൗണ്ടി സ്വദേശിയാണ്. 2024 നവംബർ 10 -ന് ഞാൻ ഒരു കമ്പനിയിൽ നിന്ന് 30 ദശലക്ഷം യുവാൻ (4 മില്ല്യൺ യുഎസ് ഡോളർ) തട്ടിയെടുത്തു' എന്നും പോസ്റ്റിൽ പറയുന്നുണ്ടായിരുന്നു.
'എൻ്റെ കൈവശം ഒരു സബ് മെഷീൻ ഗണ്ണും 500 ബുള്ളറ്റുകളും ഉണ്ട്. നിങ്ങൾ എന്നെ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് 30,000 യുവാൻ (യുഎസ് $4,000) പാരിതോഷികം നൽകും' എന്നും പോസ്റ്റിൽ പറയുന്നു. രണ്ട് ദിവസമായപ്പോൾ ഇവിടുത്തെ പൊലീസിന്റെ ശ്രദ്ധയിലും ഈ പോസ്റ്റ് പെട്ടു. അപ്പോൾ തന്നെ അന്വേഷണവും ആരംഭിച്ചു.
എന്നാൽ, പൊലീസിന്റെ അന്വേഷണത്തിൽ വാങ്ങിന്റെ കയ്യിൽ ഈ പറയുന്ന തോക്കോ ബുള്ളറ്റോ ഒന്നുമില്ല എന്നും അയാൾ ഒരു കമ്പനിയേയും പറ്റിച്ചിട്ടില്ല എന്നും മനസിലായി. ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് ആകെ ബോറടിയാണ്, ഈ ജീവിതം കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ആരും ശ്രദ്ധിക്കുന്നില്ല അതിനാലാണ് ഇങ്ങനെ ചെയ്തത് എന്ന് വാങ് വെളിപ്പെടുത്തിയത്.
എന്നാൽ, തെറ്റിദ്ധാരണജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ഇയാളുടെ മേൽ ചാർത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
മരിച്ച പെൺകുട്ടിയെ വിചാരണ ചെയ്യാൻ ജപ്പാൻ, മണ്ടത്തരത്തിന്റെ അങ്ങേയറ്റമെന്ന് ജനങ്ങൾ