ജോലിസമയം കഴിഞ്ഞിട്ടും ഓൺലൈൻ ട്രെയിനിം​ഗുകൾ, 2 ലക്ഷം രൂപ യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി

Published : Jul 27, 2025, 11:45 AM ISTUpdated : Jul 27, 2025, 11:50 AM IST
Representative image

Synopsis

ഈ സെഷനുകളിൽ പങ്കെടുക്കാത്തവരിൽ നിന്നും കമ്പനി 200 യുവാൻ (2,420 രൂപ) സ്വമേധയാ നൽകുന്ന സംഭാവന എന്ന രീതിയിൽ പിടിച്ചെടുത്തിരുന്നതായും വാങ് ആരോപിക്കുന്നു.

ജോലിസമയം കഴിഞ്ഞിട്ടും വിവിധ ഓൺലൈൻ ട്രെയിനിം​ഗ് സെഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ച തൊഴിലുടമയ്ക്കെതിരെ പരാതി നൽകി യുവാവ്. യുവാവിന് അനുകൂലമായി വിധിച്ച് കോടതി. സംഭവം നടന്നത് ബെയ്ജിം​ഗിലാണ്. ജോലി കഴിഞ്ഞുള്ള സമയങ്ങളിലും തന്റെ മുൻ തൊഴിലുടമ തന്നെ ഓൺലൈൻ ട്രെയിനിം​ഗ് സെഷനുകളിൽ പങ്കെടുക്കാൻ നിർബന്ധിച്ചു എന്ന് കാണിച്ചാണ് യുവാവ് പരാതി നൽകിയത്.

വാങ് എന്ന യുവാവ് 2020 ജൂലൈയിലാണ് ബെയ്ജിംഗിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലിയിൽ ചേരുന്നത്. പിന്നീട് 2023 ജൂണിൽ പിരിച്ചുവിടുന്നതുവരെ അവിടെ തന്നെ ജോലി ചെയ്യുകയും ചെയ്തു. എന്നാൽ, ജോലിക്ക് പുറമേ ഡിംഗ് ഡിംഗ്, വീചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി പതിവായി ആഫ്റ്റർ- ഹൗസ് ട്രെയിനിം​ഗിൽ പങ്കെടുക്കാൻ തന്നെ ഇവിടെ നിന്നും നിർബന്ധിച്ചിരുന്നതായിട്ടാണ് വാങ് അവകാശപ്പെടുന്നത്.

പിന്നാലെയാണ് വാങ് കമ്പനിക്കെതിരെ കേസുമായി മുന്നോട്ട് പോയത്. 80,000 യുവാനാണ് (9,51,013.80 രൂപ) അയാൾ കമ്പനിയിൽ നിന്നും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഈ ട്രെയിനിം​ഗ് സെഷനുകളിൽ പങ്കെടുത്തു എന്നതിന്റെ തെളിവിനായി മീറ്റിം​ഗുകളിൽ ലോ​ഗിൻ ചെയ്തതിന്റെയും സഹപ്രവർത്തകരുടെ ചാറ്റിന്റെയും സ്ക്രീൻഷോട്ടുകളും വാങ് സമർപ്പിച്ചു.

ഈ സെഷനുകളിൽ പങ്കെടുക്കാത്തവരിൽ നിന്നും കമ്പനി 200 യുവാൻ (2,420 രൂപ) സ്വമേധയാ നൽകുന്ന സംഭാവന എന്ന രീതിയിൽ പിടിച്ചെടുത്തിരുന്നതായും വാങ് ആരോപിക്കുന്നു.

എന്നാൽ, വാങ്ങിന്റെ ആരോപണങ്ങളെല്ലാം കമ്പനി നിഷേധിക്കുകയായിരുന്നു. ഇത്തരം സെഷനുകളിൽ ലോ​ഗിൻ ചെയ്താൽ മാത്രം മതിയായിരുന്നു. അതിൽ സംസാരിക്കുകയോ എന്തെങ്കിലും പറയുകയോ ഒന്നും വേണ്ടിയിരുന്നില്ല. ശ്രദ്ധിക്കണമെന്ന് പോലും ഇല്ലായിരുന്നു എന്നാണ് കമ്പനി പറഞ്ഞത്. മാത്രമല്ല, സംഭാവനയും ഇതും തമ്മിൽ ബന്ധമില്ലെന്നും കമ്പനി പറയുന്നു.

ആദ്യം ആർബിട്രേഷൻ അതോറിറ്റിയിലാണ് പരാതി നൽകിയിരുന്നത്. അതോറിറ്റി വാങ്ങിന്റെ വാദം തള്ളിക്കളഞ്ഞു. പിന്നീട് വാങ് ഈ വിഷയം ബെയ്ജിംഗ് നമ്പർ 2 ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതിക്ക് മുന്നാകെ എത്തിക്കുകയായിരുന്നു.

കോടതി വാങ്ങിനൊപ്പമാണ് നിന്നത്. ജോലി സമയം കഴിഞ്ഞുള്ള മീറ്റിം​ഗുകളിൽ സജീവമായി നില്‍ക്കേണ്ടതില്ലെങ്കില്‍ പോലും അത് ജോലിയിൽ ഇല്ലാത്ത സമയത്താണെങ്കിൽ ഒരാളുടെ സ്വകാര്യ സമയമാണ് അപഹരിക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഒടുവിൽ വാങ്ങിന് അനുകൂലമായി വിധി വരികയും 19,000 യുവാൻ (2,24,785 രൂപ) നൽകാൻ വിധിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ