
ഇന്ത്യയിൽ താമസിക്കുന്ന വിദേശികളായ പലരും ഇന്ത്യയിലെ ജീവിതത്തിന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. അതിലൊരാളാണ് ക്രിസ്റ്റൺ ഫിഷർ. നാല് വർഷമായി ഭർത്താവിനോടും കുട്ടികളോടുമൊപ്പം ഇന്ത്യയിലാണ് ക്രിസ്റ്റൺ കഴിയുന്നത്. ഇന്ത്യയിൽ തനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളും എന്നാൽ, ബുദ്ധിമുട്ട് തോന്നിയ കാര്യങ്ങളും ഏതൊക്കെയാണ് എന്ന് വെളിപ്പെടുത്തുകയാണ് തന്റെ പോസ്റ്റിൽ ക്രിസ്റ്റൺ. അതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
'ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശി എന്ന നിലയിൽ ഇക്കാര്യങ്ങൾ സമ്മതിക്കാൻ തനിക്ക് നാണക്കേടില്ല' എന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റൺ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'എനിക്ക് എന്റെ കുടുംബത്തെ മിസ്സ് ചെയ്യുന്നുണ്ട്, ഇന്ത്യയിലെ ഭക്ഷണം എനിക്ക് ഇഷ്ടമാണ്, മൈനോറിറ്റിയായിട്ടിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഡൽഹിയിലെ മലിനീകരണം താൻ വെറുക്കുന്നു, കുട്ടികൾക്ക് ഇന്ത്യയാണ് നല്ലത്, സസ്യാഹാരം കഴിക്കുന്നതാണ് നല്ലതെന്ന് താൻ കരുതുന്നു, കൂടുതൽ എളിമയുള്ള രാജ്യമാണ് ഇന്ത്യ, എന്നാൽ തെരുവുകളിലെ മാലിന്യങ്ങളോട് തനിക്ക് വെറുപ്പാണ്, ഇന്ത്യയിലെ ഭക്ഷണം ആരോഗ്യകരമാണ്, ഇന്ത്യയിലെ ആതിഥ്യമര്യാദയും മികച്ചതാണ്, ഇന്ത്യയിലെ ലോക്കൽ ഫാർമിംഗ് മികച്ചതാണ്' എന്നാണ് ക്രിസ്റ്റൺ പോസ്റ്റിൽ പറയുന്നത്.
'ഇന്ത്യ എല്ലാ കാര്യത്തിലും മികച്ചതാണ് എന്ന് ഞാൻ കരുതുന്നില്ല, എന്നാൽ നമ്മൾ തന്നെ നമ്മുടെ സന്തോഷം കണ്ടെത്തേണ്ടതുണ്ട്' എന്നാണ് ഇത് കൂടാതെ ക്രിസ്റ്റൺ പറയുന്നത്. 'ഒരു സ്ഥലവും പെർഫെക്ടല്ല. ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശവനിത എന്ന നിലയിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയ്ക്കും ഒരുപാട് പ്രശ്നങ്ങളുണ്ട്. ചില കാര്യങ്ങളിലൊക്കെ അനിഷ്ടമുണ്ടെങ്കിലും ഇന്ത്യയെ താൻ സ്നേഹിക്കുന്നു' എന്നാണ് അവൾ പറയുന്നത്.
ഒപ്പം അതുപോലെ, തനിക്ക് അമേരിക്കയും ഇഷ്ടമാണ്. എന്നാൽ, അവിടെയും ഒരുപാട് പ്രശ്നങ്ങളുണ്ട്. എല്ലാവരും കരുതുംപോലെ അതും എല്ലാം തികഞ്ഞ ഒരു രാജ്യമല്ല എന്നും ക്രിസ്റ്റൺ കുറിക്കുന്നു.