ആരും കൊതിച്ചുപോകും, നല്ല പത്തരമാറ്റ് മുതലാളി; ജീവനക്കാർക്ക് സമ്മാനം ബി എം ഡബ്ല്യു

Published : Oct 09, 2026, 07:53 AM IST
chinese Restaurant owner gifts employees BMWs

Synopsis

എട്ട് വർഷമായി റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ലി ജി എന്ന ജീവനക്കാരി പതിവായി ഇലക്ട്രിക് സ്കൂട്ടറിലാണ് ജോലിക്ക് വന്നിരുന്നത്. തണുപ്പുള്ള ഒരു ദിവസം രാവിലെ കൊടുംതണുപ്പ് കാരണം ലി ജിയുടെ മുഖം വല്ലാതെ ചുവന്നിരുന്നു. തണുത്ത കാറ്റേറ്റ് അവരുടെ കാതുകൾ നീലനിറമാവുകയും കൈകൾ മരവിച്ചിരിക്കുകയും ചെയ്തിരുന്നു.

ഇതുപോലൊരു മുതലാളിയെ കിട്ടിയിരുന്നെങ്കിലെന്ന് സോഷ്യൽ മീഡിയയെക്കൊണ്ട് പറയിപ്പിച്ചിരിക്കയാണ് ചൈനയിൽ നിന്നുള്ളൊരു റെസ്റ്റോറന്റ് മുതലാളി. സ്ഥാപനത്തിന് വേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാർക്ക് അപ്രതീക്ഷിതമായി കോടികളുടെ സമ്മാനമാണ് അവർ നൽകിയിരിക്കുന്നത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ബീഫ് ഹോട്ട്‌പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മാ യാൻലി എന്ന വനിതാ സംരംഭകയാണ് തന്റെ രണ്ട് മികച്ച ജീവനക്കാർക്ക് പുത്തൻ ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ചത്.

കൊടുംതണുപ്പിലും മോശം കാലാവസ്ഥയിലും ഇലക്ട്രിക് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ജീവനക്കാരുടെ ബുദ്ധിമുട്ട് കണ്ടാണ് മാ യാൻലി ഈ വലിയ സമ്മാനം നൽകാൻ തീരുമാനിച്ചതത്രെ. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 24-നാണ് കാറുകൾ ജീവനക്കാർക്ക് കൈമാറിയത്.

ജിയോസുവോയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന്റെ ഉടമയാണ് മാ യാൻലി. എട്ട് വർഷമായി റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ലി ജി എന്ന ജീവനക്കാരി പതിവായി ഇലക്ട്രിക് സ്കൂട്ടറിലാണ് ജോലിക്ക് വന്നിരുന്നത്. തണുപ്പുള്ള ഒരു ദിവസം രാവിലെ കൊടുംതണുപ്പ് കാരണം ലി ജിയുടെ മുഖം വല്ലാതെ ചുവന്നിരുന്നു. തണുത്ത കാറ്റേറ്റ് അവരുടെ കാതുകൾ നീലനിറമാവുകയും കൈകൾ മരവിച്ചിരിക്കുകയും ചെയ്തിരുന്നു.

ഈ കാഴ്ച തന്നെ വല്ലാതെ ചിന്തിപ്പിച്ചതായി മാ യാൻലി പറയുന്നു. 'എനിക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ സുഖവും ചൂടും ആസ്വദിക്കാം. എന്തുകൊണ്ട് അവൾക്ക് അത് കഴിയില്ല എന്ന് താൻ സ്വയം ചോദിച്ചുപോയി. കഴിഞ്ഞ വർഷത്തെ ശൈത്യകാലം മുതൽ തന്നെ ജീവനക്കാർക്ക് കാർ സമ്മാനിക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിരുന്നു' എന്നും അവർ പറയുന്നു.

സെപ്റ്റംബർ 24 -ന് ഒരു മീറ്റിംഗിന് പോകണമെന്ന് പറഞ്ഞാണ് മാ യാൻലി തന്റെ ജീവനക്കാരെ ഒരു ബിഎംഡബ്ല്യു ഷോറൂമിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ, ഷോറൂമിൽ എത്തിയപ്പോഴാണ് തങ്ങൾക്കായി കാത്തിരിക്കുന്ന പുത്തൻ കാറുകളെക്കുറിച്ച് അവർ അറിയുന്നത്. ഓരോ ബിഎംഡബ്ല്യു കാറിനും ഏകദേശം 300,000 യുവാൻ (ഏകദേശം 43 ലക്ഷം രൂപ) വിലവരും. വാഹനം കൈമാറുന്നതിന് ഏകദേശം രണ്ട് ആഴ്ച മുമ്പ് തന്നെ മാ യാൻലി ഇതിന്റെ മുഴുവൻ തുകയും അടച്ച് കാറുകൾ വാങ്ങിയിരുന്നു.

ലി ജിക്ക് ഒരു വെള്ള ബിഎംഡബ്ല്യു കാറാണ് സമ്മാനിച്ചത്. അന്ന് തന്നെ ഈ വാഹനം അവരുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനായി ലി ജി യാതൊരു പണവും നൽകേണ്ടി വന്നിട്ടില്ല, യാതൊരുവിധ കരാറുകളിലും ഒപ്പുവെക്കേണ്ടി വന്നിട്ടുമില്ല.

'ഞാൻ ഒരുപാട് സന്തോഷത്തിലാണ്! എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബിഎംഡബ്ല്യു ഷോറൂമിലേക്ക് പോകുംവഴി എനിക്കൊരു വലിയ കളിപ്പാട്ടം സമ്മാനമായി തരാനുണ്ടെന്നാണ് ബോസ് മാ പറഞ്ഞത്' ലി ജി പറഞ്ഞു.

മറ്റൊരു ജീവനക്കാരിയായ ലിയു യിങ്‍യിങ്ങിന് ഒരു ഗ്രേ നിറത്തിലുള്ള ബിഎംഡബ്ല്യു കാറാണ് ലഭിച്ചത്. 'നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്, നിങ്ങളുടെ പ്രകടനം മികച്ചതാണ്, അതിനാൽ നിങ്ങൾ ഈ കാറിന് അർഹയാണെന്നാണ് എന്റെ ബോസ് പറഞ്ഞത്' ലിയു പ്രതികരിച്ചു.

'എന്റെ കരിയറിൽ ഞാൻ വിജയം കൈവരിച്ചിട്ടുണ്ട്. എന്നാൽ എന്റെ കമ്പനിയുടെ വളർച്ച എല്ലാ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ട് തന്നെ എന്റെ കമ്പനിയുടെ വിജയത്തിന്റെ ഫലം എന്റെ തൊഴിലാളികളും അനുഭവിക്കണം' മാ യാൻലി പറയുന്നു. ചൈനയിലെ പരമ്പരാ​ഗതമായി കൊണ്ടാടുന്ന ഫെസ്റ്റിവൽ വേളകളിൽ ജീവനക്കാർക്ക് അവശ്യവസ്തുക്കളും പണമായി ബോണസുകളും മാ യാൻലി മുമ്പും നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മാരത്തോൺ ഓട്ടത്തിനിടെ സൈക്കിളിൽ കയറി ചൈനീസ് മത്സരാർത്ഥി; കൈയോടെ പൊക്കി, പിന്നാലെ സ്പോൺസറും കൈവിട്ടു
'മാസം ഒരു ലക്ഷം വരുമാനമുണ്ട് സർക്കാർ ജോലി വേണ്ടെന്ന് ബാർബ‍ർ'; ഇന്ത്യയിൽ ഗിഗ് തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നെന്ന് കണക്കുകൾ