'മാസം ഒരു ലക്ഷം വരുമാനമുണ്ട് സർക്കാർ ജോലി വേണ്ടെന്ന് ബാർബ‍ർ'; ഇന്ത്യയിൽ ഗിഗ് തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നെന്ന് കണക്കുകൾ

Published : Oct 08, 2026, 02:13 PM IST
Gig Workers

Synopsis

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ എണ്ണം 1.20 കോടിയായി ഉയർന്നതായി റിപ്പോർട്ട്. ഇതിന് ഉദാഹരണമായി മുംബൈയിൽ അർബൻ കമ്പനി വഴി മാസം ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു ബാർബറുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗിഗ് മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിലൂടെ ഉയരുന്നത്.

2025 - 2026 സാമ്പത്തിക സർവേ പ്രകാരം, രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ എണ്ണം 2020 - 21 സാമ്പത്തിക വർഷത്തിലെ 77 ലക്ഷത്തിൽ നിന്ന് 2024 - 25 -ൽ 1.20 കോടിയായി ഉയർന്നതായി കണക്കുകൾ. 55 ശതമാനത്തിന്‍റെ വർദ്ധനവാണിത് കാണിക്കുന്നത്. മുൻപ് ജീവിക്കാൻ പ്രയാസപ്പെട്ടിരുന്ന ഒരു വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ഈ മേഖല മികച്ച വരുമാന അവസരങ്ങളാണ് തുറന്നു നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പ് ഇതാണ് അടിവരയിടുന്നത്.

ബാർബർക്ക് മാസം ലഭിക്കുന്നത് ഒരു ലക്ഷം രൂപ!

മുംബൈയിൽ ജോലി ചെയ്യുന്ന ഹർഷ് ഗുപ്ത മധുസൂദൻ എന്ന വ്യക്തിയാണ് ഉത്തർപ്രദേശ് സ്വദേശിയായ തന്‍റെ ബാർബർ പ്രതിമാസം ഒരു ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന അനുഭവം പങ്കുവെച്ചത്. അർബൻ കമ്പനി ആപ്പ് വഴിയാണ് അദ്ദേഹം ബാർബറെ ബുക്ക് ചെയ്തത്. അസംഘഡ് സ്വദേശിയായ ബാർബർ ആഴ്ചയിൽ ആറ് ദിവസമാണ് ജോലി ചെയ്യുന്നത്. "യാത്രാച്ചെലവുകൾ കഴിച്ച് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ അദ്ദേഹത്തിന് വരുമാനമായി നേടാൻ കഴുയുന്നുണ്ട്. രാപ്പകലില്ലാതെ ആഴ്ചയിൽ ആറ് ദിവസമാണ് ജോലി ചെയ്യുന്നത്," മധുസൂദൻ തന്‍റെ എക്സ് പോസ്റ്റിൽ കുറിച്ചു.

നിലവിലെ ഈ ജോലി ഉപപേക്ഷിച്ച് എപ്പോഴെങ്കിലും ഒരു സർക്കാർ ജോലി സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോൾ, തന്‍റെ ജോലിയുടെ സ്വാതന്ത്ര്യമാണ് തനിക്ക് പ്രിയപ്പെട്ടതെന്നും അതിനാൽ സർക്കാർ ജോലി വേണ്ടെന്നും അദ്ദേഹം തീർത്തുപറഞ്ഞു. അതേസമയം മകനെ സ്വകാര്യ പ്രീ-സ്‌കൂളിലാണ് അയക്കുന്നതെന്നും തൽക്കാലം കുട്ടി ചെറുതായതിനാൽ ഭാര്യ ജോലിയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന്യം തിരിച്ചറിയാത്ത അസംഘടിത മേഖല

ഈ പോസ്റ്റ് വൈറലായതോടെ, ആധുനിക ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഗിഗ് ജോലികൾ വഹിക്കുന്ന പങ്ക് പലപ്പോഴും അർഹിക്കുന്ന പ്രാധാന്യത്തോടെ തിരിച്ചറിയപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. "ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്‍റെ സഹായത്തോടെ ഗിഗ് മേഖല ഉണ്ടാക്കിയ തൊഴിലവസരങ്ങൾ പ്രശംസനീയമാണ്," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, മറ്റൊരു ഉപയോക്താവ് പങ്കുവെച്ചത് ഇങ്ങനെയാണ്, "ഇന്നലെ ഞാൻ എസി ഇൻസ്റ്റാൾ ചെയ്തപ്പോൾ അയാൾ 2,000 രൂപയാണ് വാങ്ങിയത്. ദിവസം കുറഞ്ഞത് 4 - 5 എസിയെങ്കിലും അയാൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇനി കണക്കുകൂട്ടി നോക്കൂ!" "ഒരു രാജ്യമെന്ന നിലയിൽ നമുക്ക് നമ്മുടേതായ പ്രശ്നങ്ങളുണ്ട്. എന്നാൽ അധ്വാനിക്കാൻ മനസ്സുള്ളവർക്ക് ജോലിയും വരുമാനവും ഉറപ്പാണ്," എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ഗിഗ് തൊളിലാളികളിൽ ഇത്രയേറെ വർദ്ധനവുണ്ടാകാൻ കാരണം സർക്കാർ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തത് കൊണ്ടാണെന്നും നാട്ടിൽ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം ദശലക്ഷങ്ങളാണെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

'പാചകക്കാർക്ക് 8,000 രൂപ മാസം നൽകുന്നത് ഭക്ഷണത്തിനല്ല, ആ ചിന്ത തന്നെ ഒഴിവാക്കാൻ'; ബെംഗളൂരുവിലെ 'വിചിത്ര സാമ്പത്തികശാസ്ത്ര'ത്തെ കുറിച്ച് യുവതി
ഹോട്ടൽ മുറിയിൽ 39 -കാരിയുടെ മൃതദേഹം; നിർണായക തെളിവായി സിസിടിവി; ജപ്പാനിൽ യുഎസ് മറീൻ അറസ്റ്റിൽ!