സ്വയം കൊവിഡ് വൈറസ് ഏറ്റുവാങ്ങി പ്രശസ്ത ഗായിക, കാരണം വിചിത്രം!

Published : Dec 22, 2022, 07:07 PM IST
സ്വയം കൊവിഡ് വൈറസ് ഏറ്റുവാങ്ങി പ്രശസ്ത ഗായിക, കാരണം വിചിത്രം!

Synopsis

പോസിറ്റീവായവരുമായി അടുത്തിടപഴകി കൊവിഡ് വരുത്തിവെച്ചെന്ന് പോസ്റ്റ്, പ്രമുഖ ഗായിക 'എയറിലായി' 

പുതുവല്‍സര പരിപാടിയുടെ സമയത്ത് കൊവിഡ് വരാതിരിക്കാന്‍ എന്തു ചെയ്യണം? 

ചൈനയിലെ അതിപ്രശസ്തയായ ഒരു ഗായികയാണ് തന്റെ മനസ്സില്‍ വന്ന ഒരു ചിന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 

''പുതുവര്‍ഷ സമയത്ത് ഗംഭീരമായ ഒരു സംഗീത പരിപാടിയുണ്ട്. ആ സമയത്ത് കൊവിഡ് ബാധിച്ച് കിടപ്പിലായാല്‍ കുഴപ്പമാണ്. അതിനാല്‍, നേരത്തെ തന്നെ കൊവിഡ് രോഗം വരുത്തുകയാണ് ബുദ്ധി.''

വെറുതെ ആലോചിക്കുക മാത്രമല്ല ഈ ഗായിക ചെയ്തത്. കൊവിഡ് പോസിറ്റീവ് ആയ കുറേ സുഹൃത്തുക്കളെ അവരുടെ രോഗശയ്യയില്‍ പോയി കണ്ടു. അവരുമായി അടുത്തിടപഴകി. എന്നിട്ട്, കഷ്ടപ്പെട്ട് കൊവിഡ് സമ്പാദിച്ചു. പ്രതീക്ഷിച്ചതുപോലെ അവര്‍ക്ക് പനിയും തൊണ്ട വേദനയും ചുമയുമെല്ലാം വന്നു. മൂടിപ്പുതച്ചുറങ്ങുകയും നന്നായി വെള്ളം കുടിക്കുകയും മരുന്നു കഴിക്കുകയും ചെയ്തതോടെ ഒരാഴ്ചയ്ക്കകം അസുഖം മാറി. കൊവിഡ് മാറി എന്ന ധൈര്യത്തോടെ ഇനി തനിക്ക് പുതുവല്‍സര പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഗായിക ഉറപ്പിച്ചു. 

ഇവിടെ തീര്‍ന്നില്ല കഥ. ഇക്കാര്യമെല്ലാം അവര്‍ വിശദമായി ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയില്‍ എഴുതി. ആ പോസ്റ്റ് വൈറലായി. അതോടെ, സോഷ്യല്‍ മീഡിയ മുഴുവന്‍ ഗായികയ്ക്ക് എതിരായി. കൊവിഡിന്റെ പുതിയ വകഭേദമായ ബി എഫ്. 7 ഒമിേ്രകാണ്‍ ചൈനയെ വരിഞ്ഞു മുറുക്കിയ സമയത്ത് ഇത്രയും വിവരംകെട്ട പോസ്റ്റ് ഇട്ടതിന് ഗായികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സോഷ്യല്‍ മീഡിയാ ഭാഷയില്‍, നമ്മുടെ ഗായിക 'എയറിലായി.' 

അതോടെ ഗായികയ്ക്ക് കാര്യം മനസ്സിലായി. അവര്‍ തന്റെ പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്തു. അതിനു ശേഷം, പരസ്യമായി പൊതുസമൂഹത്തോട് മാപ്പു പറയുകയും ചെയ്തു. 

ചൈനയിലെ അതിപ്രശസ്തയായ ഗായികയായ ജെയിന്‍ ഴാങ് ആണ് കൊവിഡ് വരുത്തിവെച്ച കഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സ്വന്തം കുഴി തോണ്ടിയത്. 2005-ല്‍ നടന്ന ഒരു ദേശീയ സംഗീത മല്‍സരത്തില്‍ കിരീടം ചൂടിയതിനെ തുടര്‍ന്ന്, രണ്ട് പതിറ്റാണ്ടോളമായി ചൈനയിലെ സംഗീത രംഗത്ത് താരമായി തുടരുന്ന ഗായികയാണ് ജെയിന്‍ ഴാങ്. പുതുവര്‍ഷ സമയത്ത് നടക്കുന്ന പ്രശസ്തമായ സംഗീത പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ് ഇവരുടെ സംഗീത പരിപാടി. കൊവിഡ് ചൈനയാകെ പടരുന്നതിനാല്‍, തനിക്ക് അസുഖം വന്ന് പരിപാടി മുടങ്ങുമോ എന്ന് കരുതിയാണ് ഇവര്‍ സ്വയം അസുഖം വരുത്തി വെച്ചത്. ഇതിനു ശേഷം എന്തോ വീരകഥ പോലെ സ്വന്തം അനുഭവം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയുമായിരുന്നു. 

എന്തായാലും നാട്ടുകാരുടെ തെറിവിളി കേട്ടതോടെ താരത്തിന് ബോധം തെളിഞ്ഞു. താന്‍ ചെയ്തത് തെറ്റാണെന്ന് ഇവര്‍ പരസ്യമായി തന്നെ പോസ്റ്റിട്ടു. പൊതുസമൂഹത്തോട് ഈ പോസ്റ്റുകളുടെ പേരില്‍ മാപ്പു പറയുകയും ചെയ്തു. വിവാദ പോസ്റ്റുകള്‍ അതിനു മുമ്പു തന്നെ അവര്‍ പിന്‍വലിക്കുകയും ചെയ്തതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവല്‍സര സംഗീത പരിപാടി മുടങ്ങാതിരിക്കുന്നതിനും കൂടെയുള്ളവര്‍ക്ക് അസുഖം വരാതിരിക്കാനുമാണ്, നേരത്തെ തന്നെ രോഗത്തിന് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും അത് തുറന്നെഴുതിയത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ മാപ്പു പറയുന്നതായുമാണ് ഇവര്‍ പുതിയ പോസ്റ്റില്‍ പറയുന്നത്. 


 

PREV
Read more Articles on
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ