അമ്മയുടെ അവസാന 14 ദിവസം ക്യാമറയിൽ പകർത്തി മകൻ; രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു

Published : Sep 25, 2026, 05:07 PM IST
Gao and mother

Synopsis

ചൈനയിൽ ചികിത്സയ്ക്കായി എത്തിയ 63-കാരിയായ അമ്മയുടെ അവസാന 14 ദിവസങ്ങൾ മകൻ ക്യാമറയിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. പനിയും ചുമയുമായി എത്തിയ അവർക്ക് പിന്നീട് ലുക്കീമിയ ആണെന്ന് സംശയിക്കുകയും ദിവസങ്ങൾക്കകം മരണം സംഭവിക്കുകയുമായിരുന്നു. യാതൊരു പരാതികളുമില്ലാതെയാണ് അവർ മരണത്തിന് കീഴടങ്ങിയത്.

ചൈനയിൽ 63 -കാരിയായ അമ്മയുടെ ജീവിതത്തിലെ അവസാന 14 ദിവസങ്ങൾ മകൻ ക്യാമറയിൽ പകർത്തിയ സംഭവം സോഷ്യൽ മീഡിയയിൽ നിരവധി പേരെ കണ്ണീരിലാഴ്ത്തി. ഇന്നർ മംഗോളിയ സ്വദേശിയായ ഗാവോയാണ് അമ്മയുടെ അവസാന നാളുകളിലെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഓഗസ്റ്റ് 29 -ന് ചികിത്സയ്ക്കായി മകന്‍റെ നഗരത്തിലെത്തിയപ്പോൾ അമ്മ, കാഴ്ചയിൽ പൂർണ ആരോഗ്യവതിയായിരുന്നു. ഇഷ്ടപ്പെട്ട ചുവന്ന കോട്ടണിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഊർജസ്വലയായി നടന്നുവരുന്ന അമ്മയുടെ ദൃശ്യങ്ങളാണ് ആദ്യമായി മകൻ പകർത്തിയത്.

ശ്വാസകോശം അണുബാധയെന്ന് സംശയം, പക്ഷേ...

തുടർച്ചയായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അമ്മ, മകന്‍ താമസിക്കുന്ന നഗരത്തിലേക്ക് ചികിത്സയ്ക്കായി എത്തിയത്. ആദ്യം ശ്വാസകോശത്തിലെ അണുബാധയാണെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തലെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ആരോഗ്യനില അതിവേഗം വഷളായി. ശ്വാസതടസ്സവും ശരീരമാസകലം ശക്തമായ വേദനയും അനുഭവപ്പെട്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി ബെയ്ജിങ്ങിലേക്ക് മാറ്റി. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് രക്താർബുദമാണെന്ന (ലുക്കീമിയ) സംശയം ഡോക്ടർമാർ ഉന്നയിച്ചത്. പിന്നാലെ അസ്ഥിമജ്ജ ശേഖരിച്ച് കൂടുതൽ പരിശോധന നടത്തിയെങ്കിലും പരിശോധനാ ഫലം ലഭിക്കുന്നതിന് മുമ്പ് തന്നെ അമ്മ മരിച്ചു.

അപ്രതീക്ഷിത മരണം

ഓഗസ്റ്റ് 29 -ന് എത്തിയ അമ്മ സെപ്റ്റംബർ 11 -നാണ് മരിച്ചത്. രോഗം അതിവേഗം പുരോഗമിച്ചതിനാൽ കുടുംബത്തിനും അമ്മയുടെ രോഗാവസ്ഥയോ വേർപാടോ ഉൾക്കൊള്ളാൻ പോലും സമയം ലഭിച്ചില്ല. ചികിത്സ തുടരണമോ വീട്ടിലേക്ക് മടങ്ങണമോ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ, കടുത്ത വേദന അനുഭവപ്പെട്ടിരുന്ന അമ്മ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹം പ്രകടിപ്പിച്ചതെന്ന് മകൻ പറയുന്നു. ഒടുവിൽ ലുക്കീമിയ ബാധിച്ച് പല അവയവങ്ങളും പ്രവർത്തനം നിർത്തിയതിന് പിന്നാലെ തന്‍റെ 63 -മത്തെ വയസിൽ അവർ മരണത്തിന് കീഴടങ്ങി. ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു അവരുടെ അവസാന മണിക്കൂറുകൾ.

പരാതിയോ പരിഭവമോ ഇല്ലാതെ...

മരണാനന്തര ചടങ്ങുകൾക്കായി എന്ത് വസ്ത്രം ധരിക്കണമെന്ന് പോലും അവർ സ്വയം തെരഞ്ഞെടുത്തു. തന്‍റെ മൃതദേഹം ദഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അവ‍ർ, തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ മകന്‍റെ ഭാര്യയുടെ അമ്മയെ ബന്ധപ്പെടുകയും ചെയ്തു. ജീവിതത്തോട് യാതൊരു പരാതിയോ പൂർത്തിയാകാത്ത ആഗ്രഹങ്ങളോ ഇല്ലെന്നും കുടുംബത്തെക്കുറിച്ച് ആശങ്കയില്ലെന്നും അവർ പറഞ്ഞതായി മകൻ പറയുന്നു. “ജീവിതത്തെ ദൈർഘ്യം കൊണ്ടല്ല, ആഴം കൊണ്ടാണ് അളക്കുന്നതെങ്കിൽ, അമ്മയുടെ ജീവിതം സമ്പന്നവും പൂർണവുമായിരുന്നു” എന്നാണ് ഗാവോയുടെ വാക്കുകൾ. അമ്മയുടെ ഓർമകൾ എന്നും നിലനിൽക്കാനാണ് ആ ദൃശ്യങ്ങൾ പകർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

16 കോടി ലോട്ടറിയടിച്ചു, ഒന്നും സംഭവിക്കാത്തതുപോലെ ലഞ്ച് ബ്രേക്കിനുശേഷം ജോലി തുടർന്ന് യുവതി
2 വയസുകാരിയുടെ പ്രീസ്‌കൂൾ പ്രവേശനത്തിന് 1.5 ലക്ഷം രൂപ ഡൊണേഷൻ! പോസ്റ്റ്