
കുഞ്ഞുനാളിൽ സ്വന്തം കുടുംബത്തിൽ നിന്നും അകറ്റപ്പെട്ട് വേറെവിടെയെങ്കിലും വളരേണ്ടി വരുന്ന അനേകം പേരുണ്ട്. അതുപോലെ സ്വന്തം കുടുംബത്തെ അന്വേഷിക്കുകയാണ് ഒരു ചൈനീസ് പെൺകുട്ടി. തായ്ലാൻഡിൽ വിദ്യാർത്ഥിനിയായ അറോറ എന്ന പെൺകുട്ടിയാണ് തന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ തന്റെ കഥ പങ്കുവച്ചിരിക്കുന്നത്.
ഇരുപതുകളുടെ തുടക്കത്തിലാണ് അറോറയുടെ പ്രായം. അഞ്ച് മില്ല്യൺ ഫോളോവേഴ്‌സ് ഉണ്ടവൾക്ക് സോഷ്യൽ മീഡിയയിൽ. തായ്‌ലൻഡിൽ ഒരു വിദ്യാർത്ഥിനിയെന്ന നിലയിലുള്ള തന്റെ ജീവിതവും അവിടുത്തെ ഭക്ഷണത്തോടുള്ള ഇഷ്ടവും ഒക്കെയാണ് അവൾ തന്റെ വീഡിയോയിൽ കാണിക്കാറ്. അതിൽ പലതും വൈറലായി മാറുകയും ചെയ്തിരുന്നു. ടോഫു വാങ്ങുന്ന ഒരു വീഡിയോ വൈറലായതിന് പിന്നാലെ 'സിസ്റ്റർ ടോഫു' എന്നാണ് അവൾ ഓൺലൈനിൽ അറിയപ്പെടുന്നത്.
തന്റെ ശരിക്കുള്ള മാതാപിതാക്കൾ തന്നെ ഏറെ സ്നേഹിച്ചിരുന്നു എന്ന് അറോറ തന്റെ വീഡിയോയിൽ പറയുന്നു. തനിക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. എന്നാൽ, ഒരുദിവസം അച്ഛൻ തന്നെ മോട്ടോർ സൈക്കിളിൽ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സ്ത്രീയെ പരിചയപ്പെടുത്തിയ ശേഷം അവരെ അമ്മ എന്ന് വിളിക്കാൻ പറഞ്ഞു. അതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞത്. അധികം താമസിയാതെ, ആ വീടിന്റെ പുറത്ത് കളിച്ചുകൊണ്ടിരിക്കെ, മറ്റൊരു സ്ത്രീ തന്നെ തട്ടിക്കൊണ്ടുപോയി. പിന്നീട് ഹെനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലേക്ക് കടത്തിക്കൊണ്ടുപോയി. അവിടെ ഏകദേശം 50 -കളിൽ പ്രായമുള്ള ഒരാൾക്ക് തന്നെ വിറ്റു.
അയാൾ വിവാഹിതനായിരുന്നില്ല. പഠിക്കാത്തതിന് തന്നെ ഉപദ്രവിച്ചു. അയാളും അയാളുടെ സഹോദരീഭർത്താവും തന്നെ പീഡിപ്പിച്ചു. പലതവണ താൻ മരിക്കാനൊരുങ്ങി. എന്നാൽ പിന്നീട്, അവൾ പഠിക്കാനായി തായ്‍ലാൻഡിലേക്ക് പോരുകയായിരുന്നു. അവിടെ അവൾ തായ് പഠിച്ചു, ഒരു ഷോപ്പ് തുറക്കുകയും പഠിക്കാനും ജീവിക്കാനുമുള്ള പണം അതിലൂടെ കണ്ടെത്തുകയും ചെയ്തു.
ആളുകൾ ഓൺലൈനിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ കുടുംബത്തെ കണ്ടുപിടിക്കുന്നത് താൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി താൻ തന്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഒടുവിൽ തന്റെ കഥ വെളിപ്പെടുത്താം എന്ന് കരുതിയത് എന്നും അറോറ പറയുന്നു.
അവളുടെ കിഡ്നാപ്പർ എടുത്തത് എന്ന് കരുതുന്ന ഒരു പഴയ ചിത്രവും അവൾ പങ്കുവച്ചു. പിന്നീട്, ചൈനയിൽ പോയി കുടുംബത്തെ കണ്ടെത്താനായി കേസും നൽകിയിട്ടുണ്ട് അറോറ. അന്വേഷണം നടക്കുകയാണ്. തന്റെ കുടുംബത്തെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഇപ്പോഴവൾ.