
കോസ്മെറ്റിക് സർജറി ഇന്ന് വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ നല്ല കാശ് ചിലവുമുണ്ട് ഇത്തരം സർജറികൾക്ക്. എന്തായാലും, ചൈനയിൽ നിന്നുള്ള ഒരു യുവാവിന്റെ കുറേ കാശ് പോയിക്കിട്ടിയത് കാമുകിയുടെ കോസ്മെറ്റിക് സർജറി കാരണമാണ്. സുരക്ഷിതമായി സൂക്ഷിക്കാൻ കാമുകിയെ ഏൽപ്പിച്ച ഒരു മില്യൺ യുവാൻ അതായത് ഏകദേശം 1.24 കോടി രൂപയാണ് ഏതാണ്ട് പൂർണമായും കോസ്മെറ്റിക് സർജറിക്ക് വേണ്ടി കാമുകി ചെലവഴിച്ചത്. ജിൻ എന്നാണ് യുവാവിന്റെ പേര്. മിൻ എന്നു പേരായ കാമുകിയുടെ കയ്യിൽ പലപ്പോഴായി യുവാവ് സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് ഈ തുക. വർഷങ്ങളായി നൽകിക്കൊണ്ടിരുന്ന ഈ തുക കാമുകി സൂക്ഷിച്ച് വയ്ക്കും എന്നാണ് ജിൻ കരുതിയത്. ബന്ധം വളരുന്നതിനനുസരിച്ച് ഈ തുക കാമുകിക്ക് സാമ്പത്തിക സുരക്ഷ നൽകുമെന്നും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകുമെന്നുമാണ് യുവാവ് കരുതിയത്. എന്നാൽ, മിൻ ആ പണം ചെലവേറിയ കോസ്മെറ്റിക് സർജറികൾ നടത്താനാണ് ഉപയോഗിച്ചത്.
വർഷങ്ങളോളം ജിൻ ഏൽപ്പിച്ച പണം അങ്ങനെ തന്നെയിരുന്നു. എന്നാൽ പിന്നീട് ജിയാങ്‌സി പ്രവിശ്യയിൽ നിന്ന് ചോങ്‌ക്വിംഗിലേക്ക് മിൻ താമസം മാറി. അവിടെവച്ച് 2022 -ൽ മിൻ ഒരു ബ്യൂട്ടി ക്ലിനിക്ക് സന്ദർശിക്കുകയും ലി എന്ന സ്ത്രീയെ പരിചയപ്പെടുകയും ചെയ്തു. അതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ലി ക്ലിനിക്കിലെ ഒരു ഓഹരി ഉടമയാണെന്ന് അവകാശപ്പെടുകയും ചോങ്‌കിംഗിൽ മിന്നിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറുകയും ചെയ്തു. വളരെ അടുത്ത സുഹൃത്തായി മാറിയ ലി മിന്നിനോട് എല്ലാ കാര്യങ്ങളും സംസാരിക്കുകയും അഭിപ്രായം തേടുകയും ഒക്കെ ചെയ്തിരുന്നു. അധികം വൈകാതെ ലി മിന്നിനെ ചെലവ് കൂടിയ കോസ്മെറ്റിക് സർജറികൾ ചെയ്യാൻ പ്രേരിപ്പിച്ചു. ഫ്യൂബിവൈഫു മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലെ ഒരു ക്ലിനിക്കിൽ വച്ചായിരുന്നു സർജറി. രണ്ടരക്കോടിയോളം രൂപയാണ് മൂന്നുവർഷത്തിനിടയിൽ കോസ്മെറ്റിക് സർജറിക്ക് വേണ്ടി മിൻ ചെലവഴിച്ചത്. ഒടുവിൽ, 25 ലക്ഷത്തിന്റെ ആവശ്യം വന്ന് ചോദിച്ചപ്പോഴാണ് ജിന്നിന് മിൻ ഈ പണം മൊത്തം കോസ്മെറ്റിക് സർജറിക്ക് വേണ്ടി ചെലവഴിച്ചതായി മനസിലാവുന്നത്.
എന്തായാലും, ഇതിന്റെ പേരിൽ പിരിയാൻ ജിന്നും മിന്നും തയ്യാറല്ല. തന്റെ പോർഷെ വിറ്റ് ഈ പണം താൻ തിരികെ എടുക്കും എന്നാണ് മിൻ പറയുന്നത്. ഒപ്പം ലിയെ താൻ അന്ധമായി വിശ്വസിച്ചുപോയെന്നും അവർ തന്നെ പറ്റിച്ച് അധികം കാശ് കൈക്കലാക്കി എന്നുമാണ് മിൻ പറയുന്നത്. 70 ലക്ഷം തിരികെ കൊടുക്കാമെന്ന് ലി പിന്നീട് സമ്മതിച്ചു.