
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഗൈഡിനെതിരെ രൂക്ഷവിമർശനവുമായി ഇവിടം സന്ദർശിച്ച വിനോദസഞ്ചാരി. ഗൈഡിൽ നിന്നുണ്ടായ വിചിത്രമായ പെരുമാറ്റത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് വൈറലായി മാറുകയും രൂക്ഷവിമർശനത്തിന് കാരണമായി തീരുകയും ചെയ്തു. സഫാരിയിൽ ഭൂരിഭാഗം സമയവും ഗൈഡ് ഉറങ്ങുകയായിരുന്നു, മാത്രമല്ല വിനോദസഞ്ചാരികളോട് പുകയില വേണോ എന്ന് ചോദിച്ചു, നാഷണൽ പാർക്കിന്റെ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്.
'ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഞങ്ങളുടെ ഇന്നത്തെ ഗൈഡിനെ നോക്കൂ, നിർഭാഗ്യവശാൽ, അദ്ദേഹം ഞങ്ങൾക്ക് വാഗ്ദാനം ചെയ്തത് പുകയിലയാണ്. അതിന്റെ പാക്കറ്റ് വലിച്ചെറിയുന്നതിൽ നിന്നും ഞങ്ങൾക്ക് അയാളെ തടയേണ്ടതായി പോലും വന്നു' എന്നും രത്തൻ ധില്ലൺ എന്ന യൂസർ എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു. 'സഫാരിയ്ക്കിടെ ഒരു മണിക്കൂർ നീണ്ട ഉറക്കത്തിനുശേഷം, അയാൾ ഉണർന്നപ്പോൾ പറഞ്ഞത്, മാനിന്റെ ഇറച്ചിക്ക് നല്ല രുചിയാണ് എന്നാണ്. അല്ലാതെ പാർക്കിനെക്കുറിച്ചോ, വന്യജീവികളെക്കുറിച്ചോ, അവയുടെ സംരക്ഷണത്തെക്കുറിച്ചോ ഒന്നും ഒരു വാക്കുപോലും പറഞ്ഞില്ല' എന്നും ധില്ലൺ പറയുന്നു.
ഇന്ത്യയിലെ വന്യജീവികളെ കുറിച്ച് അറിയാനുള്ള കൗതുകത്തോടെയെത്തിയ വിദേശികൾക്ക് മുന്നിൽ ഗൈഡിന്റെ പെരുമാറ്റം ലജ്ജയുളവാക്കുന്നതായിരുന്നു. ഇവിടെയാണ് നമ്മൾ പരാജയപ്പെട്ട് പോകുന്നത്, വേദനാജനകമെന്ന് പറയട്ടെ ഇതാണ് ഇന്ത്യയിലെ ടൂറിസത്തിന്റെ അവസ്ഥ എന്നും പോസ്റ്റിൽ ആരോപിച്ചു. രണ്ട് മില്ല്യണിലധികം ആളുകളാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് ആളുകൾ ഗൈഡിനെ വിമർശിച്ചത്. ഒപ്പം പോസ്റ്റ് വൈറലായി മാറിയതോടെ കോർബറ്റ് ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടർ സാകേത് ബദോള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ഗൈഡിനെ ജോലിയിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും പ്രതികരിച്ചു.