വാതിലുകളും ജനലുകളും പൂട്ടാൻ താക്കോൽ വേണ്ട, കയ്യിൽ ചിപ്പ് ഘടിപ്പിച്ച് യുവതി

By Web TeamFirst Published Oct 12, 2021, 2:20 PM IST
Highlights

ചിപ്പ് ഗേൾ തന്റെ വീഡിയോയിൽ ഈ സാങ്കേതികവിദ്യയെക്കുറിച്ചും, ചിപ്പ് എങ്ങനെ സ്ഥാപിച്ചു എന്നതിനെക്കുറിച്ചും തന്റെ ഫോളോവേഴ്സിനോട് വിശദീകരിക്കുന്നു. കൂടാതെ, മറ്റൊരു വീഡിയോയിൽ, ആളുകളുടെ ചോദ്യങ്ങൾക്ക് അവൾ ഉത്തരവും നൽകുന്നു. 

നമ്മൾ എവിടെയെങ്കിലും പോകുമ്പോൾ വാതിലുകളും, അലമാരകളും എല്ലാം പൂട്ടി ഇറങ്ങുന്നത് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടോ? പോകുന്നിടത്തെല്ലാം താക്കോൽക്കൂട്ടവുമായി യാത്ര ചെയ്യേണ്ടി വരുന്നത് ചിലർക്കെങ്കിലും പ്രയാസമുള്ള കാര്യമാണ്. ഇനി കഷ്ടകാലത്തിന് താക്കോലെങ്ങാൻ കളഞ്ഞ് പോയാൽ പറയുകയും വേണ്ട. എന്നാൽ ഈ തൊല്ലയോർത്തിട്ടായിരിക്കാം ഒരു സ്ത്രീ വാതിലുകളും, അലമാരകളും തനിയെ തുറക്കാൻ സഹായിക്കുന്ന ഒരു ചിപ്പ്( chip) കൈയിൽ സ്ഥാപിച്ചത്.

'ചിപ്പ് ഗേൾ'(Chip Girl) എന്നറിയപ്പെടുന്ന ടിക്‌ടോക്കറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. തന്റെ ടെക്കി ഭർത്താവാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും അവൾ പറയുന്നു. ജൂൺ 25, 2020 -നാണ് ചിപ്പ് സ്ഥാപിക്കുന്നതിന്റെ വീഡിയോ അവൾ പങ്കിട്ടത്. ഇനി താക്കോൽ ഇല്ലാതെ തന്നെ അവളുടെ വീട്ടിലെ വാതിലുകളും അലമാരകളും അവൾക്ക് തുറക്കാം. അതിനായി ആകെ അവൾ ചെയ്യേണ്ടത് അലമാരയിലും, വാതിലിലും ഘടിപ്പിച്ചിട്ടുള്ള സെൻസറിന്റെ സമീപം ചെല്ലുക, ചിപ്പ് ചെയ്ത കൈ നീക്കുക. അത്രതന്നെ, വാതിലുകളും, അലമാരകളും തനിയെ തുറന്നുകൊള്ളും.  

ചിപ്പ് ഗേൾ തന്റെ വീഡിയോയിൽ ഈ സാങ്കേതികവിദ്യയെക്കുറിച്ചും, ചിപ്പ് എങ്ങനെ സ്ഥാപിച്ചു എന്നതിനെക്കുറിച്ചും തന്റെ ഫോളോവേഴ്സിനോട് വിശദീകരിക്കുന്നു. കൂടാതെ, മറ്റൊരു വീഡിയോയിൽ, ആളുകളുടെ ചോദ്യങ്ങൾക്ക് അവൾ ഉത്തരവും നൽകുന്നു. അവളുടെ കൈയിൽ സ്ഥാപിച്ച ആ ചിപ്പിന് ഒരു അരിമണിയുടെ വലിപ്പമേയുള്ളൂവെന്ന് അവൾ പറയുന്നു. ഒരു താക്കോലായി അത് പ്രവർത്തിക്കുന്നുവെന്നും, വീടിന്റെ മുൻവാതിലും ചുറ്റുമുള്ള മറ്റ് വാതിലുകളും പൂട്ടാൻ ഈ സാങ്കേതികവിദ്യയാണ് താൻ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും അവൾ കൂട്ടിച്ചേർത്തു. ഇത് വേണമെങ്കിൽ റീപ്രോഗ്രാം ചെയ്യാനും സാധിക്കും. അതിനാൽ, ഇത് മറ്റൊരാളുടെ കൈയിൽ കിട്ടിയാലും അയാൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. 


 

click me!