ഉത്തരാഖണ്ഡിലെ 'ഝാന്‍സി റാണി'; ആരാണ് ഗൗര ദേവി?

Published : Mar 27, 2019, 04:03 PM IST
ഉത്തരാഖണ്ഡിലെ 'ഝാന്‍സി റാണി'; ആരാണ് ഗൗര ദേവി?

Synopsis

അതെല്ലാം തന്നെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ ഗൗരയെ പ്രാപ്തയാക്കി. പഞ്ചായത്തിലും മറ്റും അവര്‍ സജീവമായി ഇടപെട്ടു. ഈ ഇടപെടലുകളെല്ലാം തന്നെ വനിതകള്‍ക്കിടയിലുള്ള ഗൗരയുടെ സ്വാധീനം വര്‍ധിപ്പിച്ചു. 'മഹിളാ മംഗള്‍ ദലി'ന്‍റെ നേതൃത്വം വഹിക്കുമോ എന്ന് അന്വേഷിച്ചുകൊണ്ട് അവര്‍ ഗൗരയെ സമീപിച്ചു. 

പരിസ്ഥിതിക്കായി ചിപ്കോ മൂവ്മെന്‍റ് പോലെ പ്രധാനമായൊരു സമരം നടന്നിട്ടുണ്ടാകില്ല. എഴുപതുകളില്‍ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിതമായ സമരമാണ് ഇത്. 

1973 -ല്‍ മണ്ഡല്‍ ഗ്രാമത്തിലാണ് സമരം തുടങ്ങുന്നത്. ചണ്ടി പ്രസാദ് ഭട്ടാണ് ഇതിന് നേതൃത്വം നല്‍കിയത്. പക്ഷെ, 1974 -ല്‍ റെനി വില്ലേജില്‍ നടന്ന സമരത്തിന് പിന്നില്‍ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം കൂടിയുണ്ട്. ഗൗര ദേവി എന്ന യുവതിയുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ സ്ത്രീകളെയെല്ലാം സംഘടിപ്പിച്ചു കൊണ്ട് നടത്തിയ ആ സമരത്തില്‍ 2,500 വനങ്ങളാണ് സംരക്ഷിക്കപ്പെട്ടത്. പക്ഷെ, ഗൗര ദേവി അധികം അറിയപ്പെടാതെ പോയി. 

പഞ്ചായത്തിലും മറ്റും അവര്‍ സജീവമായി ഇടപെട്ടു

1925 -ലാണ് ഗൗരയുടെ ജനനം. ചാമോലി ജില്ലയിലെ ലാട്ടാ എന്ന ഗ്രാമത്തിലാണ് ഗൗര ജനിച്ചത്. വിവാഹത്തിനു ശേഷമാണ് റെനിയിലേക്ക് ഗൗര എത്തുന്നത്. മകന് രണ്ട് വയസ്സായപ്പോഴേക്കും ഗൗരയുടെ ഭര്‍ത്താവ് മരിച്ചു പോയി. ഇരുപത്തിരണ്ട്  വയസ്സ് മാത്രമുണ്ടായിരുന്ന ഗൗരയിലായി കുടുംബത്തിന്‍റെ ഉത്തരവാദിത്തം. 

അതെല്ലാം തന്നെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ ഗൗരയെ പ്രാപ്തയാക്കി. പഞ്ചായത്തിലും മറ്റും അവര്‍ സജീവമായി ഇടപെട്ടു. ഈ ഇടപെടലുകളെല്ലാം തന്നെ വനിതകള്‍ക്കിടയിലുള്ള ഗൗരയുടെ സ്വാധീനം വര്‍ധിപ്പിച്ചു. 'മഹിളാ മംഗള്‍ ദലി'ന്‍റെ നേതൃത്വം വഹിക്കുമോ എന്ന് അന്വേഷിച്ചുകൊണ്ട് അവര്‍ ഗൗരയെ സമീപിച്ചു. 

ഗ്രാമത്തെ ശുചിയായി സൂക്ഷിക്കുക, കാടുകള്‍ സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു മഹിള മംഗള്‍ ദലിന്‍റെ പ്രവര്‍ത്തനങ്ങള്‍. ആ സമയത്ത് നാല്‍പ്പതുകളുടെ അവസാനത്തിലായിരുന്നു ഗൗര ദേവി. ആ സ്ത്രീകള്‍ മുന്നോട്ടുവെച്ച കാര്യം അവരേറ്റെടുത്തു. കാടുകളുടെ പ്രാധാന്യത്തെ കുറിച്ച് അടുത്ത ഗ്രാമത്തില്‍ വരെയെത്തി അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു. 

മരം മുറിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ ഈ സ്ത്രീകള്‍ക്ക് നേരെ തോക്ക് ചൂണ്ടി

അങ്ങനെയാണ് വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുമെന്ന് വന്നപ്പോള്‍ ജനങ്ങള്‍ സംഘടിക്കുന്നത്. ഭട്ട് അടക്കമുള്ളവര്‍ ശക്തമായ സമരത്തിലേക്ക് കടക്കുന്നത്. വളരെ സമാധാനപരമായ സമര രീതികളായിരുന്നു ഇവര്‍ പിന്തുടര്‍ന്ന് പോന്നത്. യോഗങ്ങള്‍ സംഘടിപ്പിക്കുകയും റാലികള്‍ നടത്തുകയുമൊക്കെയാണ് പ്രധാനമായും ചെയ്തിരുന്നത്. 

ജനങ്ങളുടെ പ്രതിരോധത്തെ മറികടക്കാനായി സര്‍ക്കാര്‍ ചെയ്തത് തെറ്റായ ചില വാഗ്ദാനങ്ങളൊക്കെ നല്‍കി പുരുഷന്മാരെ ഗ്രാമത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതായിരുന്നു. അങ്ങനെ, മരം മുറിച്ച് മാറ്റുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും  മറ്റുള്ളവരും റെനിയിലെത്തിച്ചേര്‍ന്നു. മാര്‍ച്ച് 25 -നായിരുന്നു ഇത്. പക്ഷെ, യാദൃശ്ചികമായി ഒരു പെണ്‍കുട്ടി ഇവരെ കാണുകയും അവള്‍ ഉടനെ തന്നെ ഗൗര ദേവിയെ വിവരമറിയിക്കുകയും ചെയ്തു. 

അന്നത്തെ സമരത്തിലുണ്ടായിരുന്ന സ്ത്രീകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നപ്പോള്‍

സമയം ഒട്ടും തന്നെ പാഴാക്കാനില്ലെന്ന് തിരിച്ചറിഞ്ഞ ഗൗര വളരെ പെട്ടെന്ന് തന്നെ 27 സ്ത്രീകളെ സംഘടിപ്പിച്ചു. മരം മുറിക്കാനെത്തിയവര്‍ക്ക് മുന്നിലെത്തി. ആദ്യം ഗൗര ചെയ്തത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ, അതൊന്നും വിലപ്പോവില്ലെന്ന് മനസിലായി. മാത്രവുമല്ല, മരം മുറിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ ഈ സ്ത്രീകള്‍ക്ക് നേരെ തോക്ക് ചൂണ്ടി. മരംവെട്ടുകാരോട് മരം മുറിച്ചുമാറ്റാന്‍ ആജ്ഞാപിക്കുകയും ചെയ്തു. തോക്ക് കണ്ടാല്‍ ഈ സ്ത്രീകളെല്ലാം ഭയന്ന് പിന്മാറിയേക്കും എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. എന്നാല്‍, ജീവന്‍ തന്നെ വില നല്‍കിയിട്ടാണെങ്കിലും ആ മരങ്ങളെ രക്ഷിക്കുമെന്ന് ഉറച്ചു തന്നെയായിരുന്നു ആ സ്ത്രീകളുടെ വരവ്. അവര്‍ ഭയന്നില്ല, അവര്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നു. മരങ്ങളെ ഇറുകി പുണര്‍ന്നു. അതില്‍ നിന്നും പിന്മാറാനും തയ്യാറായില്ല. ഇതുകണ്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് താല്‍ക്കാലികമായെങ്കിലും പിന്മാറിയേ തീരു എന്ന് ബോധ്യപ്പെട്ടു. 

അപ്പോഴേക്കും പുരുഷന്മാരും ഈ വിവരങ്ങളറിഞ്ഞിരുന്നു. തിരികെ നാട്ടിലെത്തുമ്പോഴേക്കും തങ്ങളുടെ മരങ്ങളെല്ലാം മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, എല്ലാ മരങ്ങളും അതുപോലെ തന്നെ നില്‍ക്കുന്നതാണ് അവര്‍ കണ്ടത്. ഇതിനെല്ലാം നന്ദി പറയേണ്ടത് ധീരകളായ ആ സ്ത്രീകളോടായിരുന്നു. 

ആ സംഭവത്തിനു ശേഷവും ഗൗര വിവിധ റാലികളും കാമ്പയിനുകളും സംഘടിപ്പിച്ചു

പിറ്റേന്ന് രാവിലെ തന്നെ സംഭവിച്ചതിനെ കുറിച്ച് ഗൗര, ഭട്ടിനോട് വിശദീകരിച്ചു. അവിടെയെത്തിയ ഉദ്യോഗസ്ഥരെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ലെന്നും മുകളിലുള്ളവരുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമായിരുന്നു അവരെന്നും കൂടി ഗൗര പറഞ്ഞു. ഏതായാലും പത്ത് വര്‍ഷത്തേക്ക് ആ വനത്തില്‍ ഒന്നും ചെയ്യരുതെന്ന് പിന്നീട് നിയമം വന്നു. 

പക്ഷെ, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗൗര ദേവിയുടെ പേര് പയ്യെ പയ്യെ മാഞ്ഞു തുടങ്ങി. ആ സംഭവത്തിനു ശേഷവും ഗൗര വിവിധ റാലികളും കാമ്പയിനുകളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ, കാര്യമായ തീരുമാനങ്ങളെന്തെങ്കിലും എടുക്കേണ്ടി വരുമ്പോള്‍ വിദ്യാഭ്യാസമില്ല എന്നതിനാല്‍ അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. കാലം കഴിഞ്ഞതോടെ ഉത്തരാഖണ്ഡിനപ്പുറത്തേക്ക് അവരുടെ പേര് അറിയപ്പെടാതെ പോയി. അവരെ എല്ലാവരും മറന്നു. 66 -ാമത്തെ വയസ്സില്‍ ഗൗര ദേവി മരണമടഞ്ഞു. 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ