
ഡെൽഹി വിമാനത്താവളത്തിൽ വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ യാത്രക്കാരന് തുണയായി സി.ഐ.എസ്.എഫ് (CISF). വിമാനത്താവളത്തിലെ തിരക്കിനിടയിൽ അബദ്ധത്തിൽ പാസ്‌പോർട്ട് മറന്നുവെച്ച ഇദ്ദേഹത്തെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ തിരഞ്ഞുപിടിച്ച് രേഖ കൈമാറുകയായിരുന്നു. അമേരിക്കയിൽ നിന്നും എത്തിയ യാത്രക്കാരൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്.
സുധീർ ഖരെ എന്ന യാത്രക്കാരനാണ് തനിക്കുണ്ടായ ഈ അനുഭവം എക്സിലൂടെ പങ്കുവെച്ചത്. വിമാനമിറങ്ങിയ ശേഷം സെക്യൂരിറ്റി ഏരിയയിലൂടെ തിരക്കിട്ട് പോകുന്നതിനിടയിലാണ് പാസ്‌പോർട്ട് മറന്നുവെച്ചതെന്ന് അദ്ദേഹം കുറിച്ചു. 'മാർച്ച് 10 വൈകുന്നേരം യുഎസിൽ നിന്ന് ഡൽഹി ടി3-ൽ (T3) വിമാനമിറങ്ങി. തിരക്കിനിടയിൽ സെക്യൂരിറ്റി ഏരിയയിൽ വെച്ച് പാസ്‌പോർട്ട് മറന്നുവെച്ചു. അത് തിരികെ കിട്ടുമെന്ന പ്രതീക്ഷ എനിക്ക് തീരെയില്ലായിരുന്നു. എന്നാൽ അത്രയും വലിയ തിരക്കിനിടയിലും ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ എന്നെ തിരഞ്ഞുപിടിച്ച് പാസ്‌പോർട്ട് ഏൽപ്പിച്ചു. സി.ഐ.എസ്.എഫിന് വലിയ നന്ദിയും അഭിവാദ്യങ്ങളും. നിങ്ങൾ ഞങ്ങളെ അഭിമാനഭരിതരാക്കുന്നു' എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഖരെയുടെ അഭിനന്ദന കുറിപ്പിന് മറുപടിയായി, സി.ഐ.എസ്.എഫ് ന്റെ എയർപോർട്ട് സെക്ടർ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് പങ്കുവെച്ച മറുപടി ഇങ്ങനെയായിരുന്നു:
'പ്രിയ യാത്രക്കാരാ, ഞങ്ങളുടെ ഉദ്യോഗസ്ഥരെ പ്രശംസിച്ചതിനും നിങ്ങളുടെ നല്ല വാക്കുകൾക്കും നന്ദി. നിങ്ങളുടെ സാധനങ്ങൾ വേഗത്തിൽ തിരികെ നൽകാൻ സഹായിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ഈ അംഗീകാരം, പൂർണ്ണമായ ഉത്തരവാദിത്തത്തോടും ആത്മാർത്ഥതയോടും കൂടി സേവനം തുടരാൻ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്.'
ഈ സംഭവം ചലച്ചിത്ര സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെയും ശ്രദ്ധ പിടിച്ചുപറ്റി. സി.ഐ.എസ്.എഫിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം എക്സിൽ (X) കുറിപ്പ് പങ്കുവെച്ചു. 'ഇതാണ് ഇന്ത്യയുടെ മാജിക്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനയാണ് @CISFHQrs, @CISFAirport' സുധീർ ഖരെയുടെ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് അഗ്നിഹോത്രി സി.ഐ.എസ്.എഫിനെ അഭിനന്ദിച്ചത്. അഗ്നിഹോത്രിയുടെ കുറിപ്പിനും സി.ഐ.എസ്.എഫ് (CISF) മറുപടി നൽകി. അദ്ദേഹത്തിന്റെ വിലയേറിയ പ്രതികരണത്തിന് നന്ദി അറിയിച്ച സേന, ഇത് തങ്ങൾക്ക് വലിയൊരു പ്രചോദനമാണെന്നും വ്യക്തമാക്കി.