കൃത്യമായ പഠനം, ക്ഷമ, ആത്മവിശ്വാസം; ശ്രീലക്ഷ്മിയുടെ റാങ്ക് നേട്ടത്തിന്‍റെ സമവാക്യം ഇങ്ങനെ

By Reshma VijayanFirst Published Apr 6, 2019, 2:50 PM IST
Highlights

കോച്ചിംഗ് ക്ലാസുകളില്‍ പോകാതെ സ്വന്തമായ പഠനരീതികളിലൂടെയാണ് ശ്രീലക്ഷ്മി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. 

സിവില്‍ സര്‍വ്വീസ് ഒരു ബാലികേറാമല ആണോ? ആര്‍. ശ്രീലക്ഷ്മിയോടാണ് ചോദ്യമെങ്കില്‍ അല്ല എന്ന ഉത്തരമാകും ലഭിക്കുക. കൃത്യമായ പഠനരീതിയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ കോച്ചിംഗ് ക്ലാസുകളില്‍ പോകാതെ സിവില്‍ സര്‍വ്വീസില്‍ നേട്ടം കൊയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 29-ാം റാങ്കുനേടിയ  ആര്‍ ശ്രീലക്ഷ്മി എന്ന ആലുവ സ്വദേശിനി. 

അഞ്ചാം തവണ, 29-ാം റാങ്ക്...

അഞ്ചാം തവണയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ തവണ ഇന്‍റര്‍വ്യൂ വരെ എത്തിയെങ്കിലും ഒമ്പത് മാര്‍ക്കിന്‍റെ വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു. ഒരു തവണ കൂടി എഴുതിയാല്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് ഇത്തവണ സാധ്യമായി. 

സെല്‍ഫ് സ്റ്റഡി, എന്‍റെ പഠനരീതി...

സെല്‍ഫ് സ്റ്റഡി ആയിരുന്നു കൂടുതലും. വളരെ കുറച്ചുനാള്‍ മാത്രം കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്നു. മെയിന്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി തിരുവനന്തപുരം ഫോര്‍ച്യൂണ്‍ കോച്ചിംഗ് സെന്‍ററില്‍ നാല് മാസത്തെ പരിശീലനത്തിലും പങ്കെടുത്തു. 

വിദ്യാഭ്യാസം...

ആലുവ നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. കളമശേരി രാജഗിരി സ്കൂളിൽ നിന്നു പ്ലസ്ടുവും ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി. ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം. പിന്നീട് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) പ്രൊജക്ട് ഫെലോ. ഇതിനൊപ്പം സിവിൽ സർവീസിനായുള്ള ഒരുക്കവും. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഐച്ഛിക വിഷയവും ഇക്കണോമിക്സ് തന്നെയായിരുന്നു. 

സിവില്‍ സര്‍വ്വീസിലേക്ക്...

ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും ബിരുദാനന്തര ബിരുദത്തിന് ശേഷം ദില്ലിയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് ഐഎഎസ് ഉദ്യോഗസ്ഥരെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വ്വീസ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് തിരിച്ചറിഞ്ഞതോടെ പഠനം ആരംഭിച്ചു.

ആഴമേറിയ പഠനം പ്രധാനം... 
എല്ലാ ദിവസവും ഇത്ര മണിക്കൂര്‍ പഠിക്കുമെന്ന് നിര്‍ബന്ധമില്ലായിരുന്നു. പഠിക്കേണ്ട വിഷയങ്ങള്‍ ഇത്ര ദിവസത്തിനകം പഠിച്ച് തീര്‍ക്കാനാണ് ശ്രമിച്ചത്. എത്ര മണിക്കൂര്‍ പഠിക്കുന്നു എന്നതിലല്ല എത്ര നന്നായി പഠിക്കുന്നു എന്നതിലാണ് കാര്യം. പഠനസമയം അല്ല ആഴത്തിലുള്ള പഠനമാണ് പ്രധാനം. 

സിവില്‍ സര്‍വ്വീസ് പ്രവചനാതീതം...

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം ഉറപ്പാക്കുക ബുദ്ധിമുട്ടാണ്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. നന്നായി പരീക്ഷ എഴുതാന്‍ സാധിച്ചെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ ശ്രമത്തില്‍ പറ്റിയ തെറ്റുകള്‍ മനസ്സിലാക്കി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തി. 

അഭിമുഖത്തില്‍ കുഴപ്പിച്ച ചോദ്യം...

എന്‍റെ കംഫര്‍ട്ട് സോണിന് പുറത്തുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. യാത്രകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ബിഹാറില്‍ പോയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ബിഹാറിനെക്കുറിച്ചും അവിടെ പോസ്റ്റിങ് ലഭിച്ചാല്‍ എന്തു ചെയ്യുമെന്നും ചോദിച്ചു. അല്‍പ്പം പ്രയാസം ഉണ്ടായിരുന്നെങ്കിലും തൃപ്തികരമായ രീതിയില്‍ ഉത്തരം നല്‍കാന്‍ സാധിച്ചു. 

ഭാഷ പ്രശ്നമായില്ല...

ഭാഷയുടെ പ്രശ്നം ഉണ്ടായിട്ടില്ല. ഇംഗ്ലീഷില്‍ നന്നായി തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞു. 

പരിശ്രമം ഫലം കണ്ടു...

റാങ്ക് ലഭിച്ചതില്‍  സന്തോഷമുണ്ട്. അഞ്ചാം തവണയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നത്. പരിശ്രമത്തിന് ഫലം കണ്ടതില്‍ അഭിമാനിക്കുന്നു. 

ഈ വിജയം കുടുംബത്തിന്...

നേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. എന്നെക്കാള്‍ കൂടുതല്‍ ഈ വിജയം ആഗ്രഹിച്ചതും അതിന് വേണ്ട പൂര്‍ണ പിന്തുണ നല്‍കിയതും മാതാപിതാക്കളും സഹോദരിയും ആയിരുന്നു. റാങ്ക് നേട്ടം അവര്‍ക്ക് അവകാശപ്പെട്ടതാണ്. വീട്ടുകാരുടെ പിന്തുണയും വിശ്വാസവുമാണ് എന്‍റെ വിജയത്തിന്‍റെ രഹസ്യം.

കുടുംബം...

ആലുവ കിഴക്കേ കടുങ്ങല്ലൂ‍രാണ് സ്വദേശം.  മാതാപിതാക്കൾ എസ്ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.എ. രാമചന്ദ്രനും ബി. കലാദേവിയുമാണ്. ഇക്കഴിഞ്ഞ 31നാണു അമ്മ സർവീസിൽ നിന്നു വിരമിച്ചത്. സഹോദരി ഡോ. ആർ. വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസി. പ്രഫസറാണ്.

പിന്തുടര്‍ന്ന് എത്തുന്നവരോട്...

ഐഎഎസ് എന്ന പദവിയുടെ ഗ്ലാമര്‍ കണ്ട് ഒരിക്കലും ഈ രംഗത്തേക്ക് ഇറങ്ങരുത്. സാമൂഹിക പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മാത്രം തെരഞ്ഞെടുക്കാവുന്ന മേഖലയാണിത്. അത്തരത്തില്‍ സമൂഹ നന്മ ലക്ഷ്യമാക്കി പഠിക്കുന്നവര്‍ക്ക് സിവില്‍ സര്‍വ്വീസ് ഏറ്റവും സുന്ദരമായ ജോലിയാണ്. സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരുപാട് വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടി വരും. കുറുക്കുവഴികള്‍ ഇല്ല. കൃത്യമായ മോട്ടീവ് ഉള്ളവര്‍ക്ക് വിജയം ഉറപ്പാണ്.  നല്ല ക്ഷമയും അനുയോജ്യമായ പഠനരീതികളുമാണ് സിവില്‍ സര്‍വ്വീസിലേക്ക് എത്താനുള്ള മാര്‍ഗം. 

അമ്മ ബാങ്കില്‍ നിന്ന് വിരമിച്ചതിന്‍റെ അഞ്ചാം നാള്‍ മകള്‍ സിവില്‍ സര്‍വ്വീസിന്‍റെ പടവുകള്‍ കയറുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ശ്രീലക്ഷ്മിയുടെ റാങ്ക് നേട്ടത്തിന്. നാലുതവണ അകന്നുപോയ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നത്തെ ശ്രീലക്ഷ്മി  യാഥാര്‍ഥ്യമാക്കിയത് പരാജയത്തിലും കൈവിടാത്ത ആത്മവിശ്വാസത്തിലൂടെയാണ്, പിന്തുടര്‍ന്ന് എത്തുന്നവര്‍ക്ക് പ്രചോദനമാകുന്ന മാതൃക. 

click me!