സ്‌കൂളിൽ കൂട്ടവെടിവയ്പ്പ് നടത്തുമെന്ന് സന്ദേശം, അഞ്ചാം ക്ലാസുകാരനെ അറസ്റ്റ് ചെയ്തു

Published : Jun 02, 2022, 04:58 PM IST
സ്‌കൂളിൽ കൂട്ടവെടിവയ്പ്പ് നടത്തുമെന്ന് സന്ദേശം, അഞ്ചാം ക്ലാസുകാരനെ അറസ്റ്റ് ചെയ്തു

Synopsis

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരം വ്യാജഭീഷണികൾ ഉണ്ടാകുന്നത്. "ഓരോ ഭീഷണിയും യഥാർത്ഥമാണ്, അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്നത് വരെ അത് യഥാർത്ഥമാണ്" മാർസെനോ കൂട്ടിച്ചേർത്തു. 

സ്‌കൂളിൽ കൂട്ടവെടിവയ്പ്പ് (mass shooting) നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു അഞ്ചാം ക്ലാസ്സുകാരനെ (Class 5 student) പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡ(Florida)യിലാണ് സംഭവം. പരസ്യമായി അവനെ അറസ്റ്റ് ചെയ്തുവെന്ന് മാത്രമല്ല, പൊലീസ് ആ പത്ത് വയസ്സുകാരന്റെ ചിത്രവും പുറത്തുവിട്ടു. എന്നാൽ പ്രായപൂർത്തിയാകാത്ത അവന്റെ ചിത്രവും ഐഡന്റിറ്റിയും വെളിപ്പെടുത്തിയതിന് ഇപ്പോൾ പൊലീസ് കടുത്ത വിമർശനം നേരിടുകയാണ്.

ശനിയാഴ്ചയാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേപ് കോറലിലുള്ള പാട്രിയറ്റ് എലിമെന്ററി സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് അവൻ ഒരു സുഹൃത്തിന് സന്ദേശം അയച്ചതായിരുന്നു അറസ്റ്റിന് കാരണമായത്. അതിന് പുറമേ, അവൻ വാങ്ങിയെന്ന് അവകാശപ്പെടുന്ന നാല് റൈഫിളുകളുടെ ചിത്രങ്ങളും കൂട്ടുകാരന് അയച്ചു കൊടുത്തു.  സ്കൂളിൽ നടക്കാനിരിക്കുന്ന ഒരു പരിപാടിയിലാണ് താൻ ഇത് ആസൂത്രണം ചെയ്യുന്നതെന്നും അവൻ പറഞ്ഞു. ആ ദിനത്തിനായി തയ്യാറാകാൻ അവൻ കൂട്ടുകാരനോട് സന്ദേശത്തിൽ പറയുന്നു. എന്നാൽ, താൻ അത് തമാശയ്ക്ക് അയച്ചതാണെന്നും, പണത്തിന്റെയും, തോക്കിന്റെയും പടം അവൻ ഗൂഗിളിൽ നിന്ന് എടുത്തതാണെന്നും കുട്ടി പിന്നീട് പറഞ്ഞു. എന്നാൽ തങ്ങൾക്ക് ഒരു തരത്തിലും റിസ്ക് എടുക്കാൻ സാധിക്കില്ലെന്നായിരുന്നു പൊലീസിന്റെ വാദം.      

"ഇത് തമാശയല്ല. അവൻ ഒരു വ്യാജ ഭീഷണി മുഴക്കി. ഇപ്പോൾ അതിന്റെ അനന്തരഫലങ്ങൾ അവൻ അനുഭവിക്കുകയാണ്. ടെക്സസിലെ ഉവാഡെയിൽ അടുത്തിടെയുണ്ടായ ദുരന്തത്തിന് ശേഷം, നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് പരമപ്രധാനമാണ്. അവന്റെ പ്രവൃത്തി വേദനാജനകമാണ്” ഷെരീഫ് കാർമൈൻ മാർസെനോ പിന്നീട് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഷെരീഫിന്റെ ഓഫീസ് കുട്ടിയുടെ പേരും ഫോട്ടോയും അറസ്റ്റിന്റെ വീഡിയോയും പുറത്തുവിട്ടു. പ്രായപൂർത്തിയാകാത്ത അവന്റെ ഐഡന്റിറ്റി പൊതുജനങ്ങൾക്ക് വെളിപ്പെടുത്തിയതിന് അദ്ദേഹം നൽകിയ വിശദീകരണം, "നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണ്. അവൻ ഇപ്പോൾ തോക്കെടുത്താലും, വലുതായ ശേഷം തോക്കെടുത്താലും ഫലം ഒന്ന് തന്നെയാണ്." ഹൂഡിയും ഷോർട്ട്‌സും ധരിച്ച ആൺകുട്ടിയുടെ കൈകൾ പുറകിൽ ബന്ധിപ്പിച്ച് ഒരു ഉദ്യോഗസ്ഥൻ കാറിലേക്ക് കൊണ്ടുപോകുന്നത് പൊലീസ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ കാണാം.    

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരം വ്യാജഭീഷണികൾ ഉണ്ടാകുന്നത്. "ഓരോ ഭീഷണിയും യഥാർത്ഥമാണ്, അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്നത് വരെ അത് യഥാർത്ഥമാണ്" മാർസെനോ കൂട്ടിച്ചേർത്തു. വ്യാജ ഭീഷണികൾ നടത്തിയാൽ ഇതായിരിക്കും ഫലമെന്ന് മനസിലാക്കി കൊടുക്കാനായിരുന്നു ആൺകുട്ടിയുടെ പരസ്യമായ അറസ്റ്റെന്നും ഷെരീഫ് അഭിപ്രായപ്പെട്ടു. സ്‌കൂളിൽ വെടിവയ്‌പ്പിന് ശ്രമിക്കുന്ന എല്ലാവർക്കുമുള്ള ഒരു പാഠമാണ് ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'നിങ്ങൾ ഒരു കുട്ടിയെയോ ഫാക്കൽറ്റി അംഗത്തെയോ കൊല്ലാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ, ഒന്ന് കൂടി ആലോചിക്കുക. നിങ്ങളെ കൊല്ലുന്നത് ഞങ്ങളായിരിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18 കാരനായ സാൽവഡോർ റാമോസ് എന്ന വിദ്യാർത്ഥി ടെക്‌സസിലെ റോബ് എലിമെന്ററി സ്‌കൂളിൽ റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തത്. വെടിവെപ്പിൽ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെടുകയും, പതിനേഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  


 

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്