
സാധാരണയായി വീടുകളിലും, പറമ്പിലുമെല്ലാം ചെടികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ, അതിന്റെ പരമാവധി നീളം അടുത്ത വീടിന്റെ മതിൽ വരെയോ, അല്ലെങ്കിൽ പറമ്പിൽ നിൽക്കുന്ന പടുകൂറ്റൻ മരം വരെയോ ഒക്കെയായിരിക്കും. എന്നാൽ, ഇനി പറയാൻ പോകുന്ന ചെടിയ്ക്ക് മീറ്ററു കണക്കിനല്ല നീളം, മറിച്ച് കിലോമീറ്റർ കണക്കിനാണ്. അതും നൂറുകണക്കിന് കിലോമീറ്റർ നീളത്തിലാണ് ചെടി പടർന്ന് കിടക്കുന്നത്. ഗവേഷകർ അടുത്തിടെ ഓസ്‌ട്രേലിയയിൽ(Australia) നിന്ന് കണ്ടെത്തിയ ഈ ചെടിയുടെ പേര് പോസിഡോണിയ ഓസ്ട്രലിസ് (Posidonia australis). വെള്ളത്തിനടിയിൽ വളരുന്ന ലോകത്തിലെ ഏറ്റവും വലിയ ചെടിയാണ് അത്.
ഓസ്‌ട്രേലിയയിലെ ഷാർക്ക് ബേ ഏരിയയിലാണ് ചെടി കണ്ടെത്തിയത്. ഈ ജലസസ്യത്തിന്റെ വിസ്തൃതി 180 കിലോമീറ്ററിലധികമാണ്. അതിശയിപ്പിക്കുന്ന നീളമുള്ള ഈ ചെടി ഒരു തരം റിബൺ വീഡ് കടൽപ്പുല്ലാണെന്ന് ഗവേഷകർ പറയുന്നു. ഈ കടൽ ചെടി 112 മൈലിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം. വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയും ഫ്‌ലിൻഡേഴ്‌സ് സർവകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ചെടി കണ്ടെത്തിയത്. ഗവേഷകർ ചെടിയുടെ സാമ്പിളുകൾ ശേഖരിക്കുകയും അതിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി നടത്തിയ അന്വേഷണത്തിൽ, ഒരൊറ്റ വിത്തിൽ നിന്നാണ് ഈ ചെടി ഇത്രയും വിസ്തൃതമായ സ്ഥലത്ത് പടർന്ന് പിടിച്ചിരിക്കുന്നതെന്ന് സംഘം കണ്ടെത്തി.
ഒരു തൈയിൽ നിന്ന് 180 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഭൂമിയിലെ എക്കാലത്തെയും വലിയ സസ്യമാണിത്. വ്യത്യസ്‌ത തരം ഊഷ്മാവ്, ചുറ്റുപാടുകൾ, അവസ്ഥകൾ എന്നിവയെ അതിജീവിച്ചാണ് ഈ ചെടി ഇത്രയും നീളം കൈവരിച്ചിരിക്കുന്നത്. ഇതിന്റെ നീളം പറയുകയാണെങ്കിൽ, ഗ്ലാസ്‌ഗോ നഗരത്തേക്കാൾ അല്പം വലുതും, മാൻഹട്ടൻ ദ്വീപിന്റെ മൂന്നിരട്ടിയിലധികം വിസ്തീർണവും വരും. ആകസ്മികമായാണ് ഈ കണ്ടെത്തലുണ്ടായതെന്ന് ഗവേഷകർ പറഞ്ഞു. ചെടിയ്ക്ക് ഏകദേശം 4,500 വർഷം പഴക്കമുണ്ടെന്നാണ് വിദഗ്ധർ കരുതുന്നത്. ഷാർക്ക് ബേ പ്രദേശത്ത് 8,500 വർഷങ്ങൾക്ക് മുൻപുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം രൂപപ്പെട്ടതാകാം ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ആഴം കുറഞ്ഞ വെള്ളത്തിലാണ് കടൽപ്പുല്ലുകൾ വളരുന്നത്. കടലിലെ ജീവജാലങ്ങൾക്കുളള കാർബൺഡയോക്‌സൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് ഇവയെ അറിയപ്പെടുന്നത്. പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയൽ സൊസൈറ്റി ബിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.