വായു കടക്കാത്ത കവറുകളില്‍ പ്രണയം പങ്കിട്ട് ദമ്പതികള്‍, വ്യത്യസ്‍തമായ ചിത്രങ്ങള്‍ സൃഷ്‍ടിച്ച് ഫോട്ടോഗ്രാഫര്‍

By Web TeamFirst Published Nov 26, 2019, 12:56 PM IST
Highlights

ഓക്സിജനൊട്ടുമില്ലാത്ത ഈ കവറുകളിലെ ഫോട്ടോഷൂട്ടിന് അത്ര എളുപ്പത്തിലൊന്നും മോഡലുകളെ കിട്ടാറില്ലെന്നും കവാഗുച്ചി സമ്മതിക്കുന്നുണ്ട്. 

ഒരു ലേശം പോലും വായു കടക്കാത്ത പ്ലാസ്റ്റിക് കവര്‍, അതിനകത്ത് പുണര്‍ന്നുകിടക്കുന്ന ദമ്പതികള്‍... ഹരുഹികോ കവാഗുച്ചി എന്ന ഛായാഗ്രാഹകന്‍ കലാസൃഷ്‍ടിയാണ്. ജീവനുള്ള രണ്ടുപേരാണ് ഈ 'വാക്വം പാക്കു'കളില്‍ പ്രണയം പങ്കുവെക്കുന്നത്. 

ഇതിലൂടെ സ്നേഹത്തിനു പുതിയ മാനങ്ങൾ തേടുകയാണ് ഈ ഛായാഗ്രാഹകൻ. നാമിതുവരെ കണ്ടിട്ടില്ലാത്ത നൂതന മാർഗ്ഗങ്ങളാണ് തന്‍റെ ഫോട്ടോ പരീക്ഷണത്തിനായി അദ്ദേഹം ആവിഷ്‍കരിച്ചത്. "നിങ്ങൾ നിങ്ങളുടെ പ്രണയിനിയെ  ആലിംഗനം ചെയുമ്പോൾ അവളിലേക്ക് അലിഞ്ഞുചേരാന്‍ ആഗ്രഹിച്ചിട്ടില്ലെ? അത് സാക്ഷാത്കരിക്കാനായുള്ള പരീക്ഷണമാണ് എന്‍റേത്. അതിനായി ഞാൻ ദമ്പതികളെ വളരെ വളരെ ചെറിയ ഇടങ്ങളിൽ വച്ച് ചിത്രീകരിക്കാൻ തുടങ്ങി. പിന്നീട് സീൽഡ് പാക്കുകളിലാക്കി ഈ ചിത്രീകരണം." കവാഗുച്ചി പറയുന്നു. ഓക്സിജനൊട്ടുമില്ലാത്ത ഈ കവറുകളിലെ ഫോട്ടോഷൂട്ടിന് അത്ര എളുപ്പത്തിലൊന്നും മോഡലുകളെ കിട്ടാറില്ലെന്നും കവാഗുച്ചി സമ്മതിക്കുന്നുണ്ട്. പബ്ബുകളിലും മറ്റും ദമ്പതികളെ തിരയാറുണ്ട്. പക്ഷേ, ചിലര്‍ മോഡലാവാന്‍ പെട്ടെന്ന് സമ്മതിക്കും. ചിലരാകട്ടെ എത്ര സംസാരിച്ചാലും സമ്മതിക്കില്ലായെന്നും അദ്ദേഹം പറയുന്നു. 

ലൊക്കേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ, അത് ഈ ദമ്പതികള്‍ക്ക് ഇണങ്ങുന്ന ഒരു സ്ഥലം തന്നെ കണ്ടെത്തുമെന്നും അദ്ദേഹം പറയുന്നു. “നിങ്ങളുടെ വ്യക്തിത്വങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ഒരു സ്ഥലമായിരിക്കണം? അത് നിങ്ങൾ താമസിക്കുന്ന വീടുതന്നെ ആയിരിക്കണമെന്നില്ല. ദമ്പതികളെന്ന നിലയിൽ നിങ്ങൾക്ക് മാത്രമായുള്ള ഒരു പ്രത്യേക സ്ഥലമായിരിക്കാം, നിങ്ങളുടെ ജോലിസ്ഥലം, നിങ്ങൾ പതിവായി പോകുന്ന ഏത് സ്ഥലവുമാകാം” എന്നാണ് ഫോട്ടോഷൂട്ടിന് തയ്യാറാവുന്ന ദമ്പതികളോട് അദ്ദേഹം പറയുന്നത്. നൈറ്റ്ക്ലബ്ബുകൾ, ബാറുകൾ എല്ലായിടത്തും എപ്പോൾ വേണമെങ്കിലും ചിത്രങ്ങളെടുക്കാന്‍ കവാഗുച്ചി തയ്യാറാണ്.

എങ്ങനെയാണ് ഈ അപകടമൊളിഞ്ഞിരിക്കുന്ന ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് കവാഗുച്ചി വിവരിക്കുന്നത് നോക്കൂ, "ദമ്പതികൾ വാക്വം പാക്കറ്റിൽ കയറിയശേഷം,  ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് അതിനകത്തെ വായു മുഴുവൻ വലിച്ചെടുക്കുന്നു. പത്ത് സെക്കൻഡ് എടുക്കും ഇത് ചെയ്യാൻ. രണ്ട് തവണയില്‍ കൂടുതല്‍ ക്ലിക്കുകള്‍ സാധ്യമല്ല. വളരെ പരിമിതമായ സമയത്തിനുള്ളിൽ എല്ലാം ചെയ്തു തീർക്കണം. ചിത്രീകരണത്തിനായി വരുന്നവരുടെ സുരക്ഷയും ഞാൻ തന്നെ ഉറപ്പാക്കും. ഷൂട്ടിംഗ് നടത്തുമ്പോൾ, അടിയന്തിര സാഹചര്യമുണ്ടെങ്കിൽ പ്ലാസ്റ്റിക് ബാഗ് തുറക്കാനും മറ്റുമായി എനിക്ക് ഒരു സഹായിയുണ്ട്.   ആർക്കെങ്കിലും അസ്വസ്ഥത വന്നാൽ ഉപയോഗിക്കാനായി ഓക്സിജൻ സ്പ്രേയറും ജെല്ലും കൂടെ കരുതാറുണ്ട്." എന്നും അദ്ദേഹം പറയുന്നു. മോഡലിന് പ്ലാസ്റ്റിക്  ബാഗിൽ പ്രവേശിക്കാൻ കഴിയാത്തപ്പോൾ മാത്രമാണ് ഷൂട്ടിനിടയില്‍ ബുദ്ധിമുട്ടുണ്ടാകുന്നത്. ചിത്രം എടുക്കുന്നതിന് മുമ്പ് എല്ലാവരിലും ചെറുതല്ലാത്തൊരു ഭയമുണ്ടാകാറുണ്ട്. എന്നാൽ, ഫോട്ടോഗ്രാഫി പൂർത്തിയാകുമ്പോൾ, എല്ലാവരും ആവേശഭരിതരാകാറുണ്ട്'' എന്നും കവാഗുച്ചി പറയുന്നു.

ഫോട്ടോഷൂട്ടിനായി വാക്വം പാക്കുകളിലേക്ക് കയറുന്ന ദമ്പതികള്‍ക്ക് മുന്നില്‍ പങ്കാളിയല്ലാതെ വേറൊന്നുമില്ല. അവര്‍ പരസ്‍പരം കാണുകയും പറ്റാവുന്നിടത്തോളം ചേര്‍ത്തുപിടിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. അവസാനശ്വാസമായി എന്ന് തോന്നുമ്പോഴുണ്ടാകുന്ന പ്രണയത്തിന്‍റെയും ആഴത്തിലുള്ള സ്നേഹത്തിന്‍റെയും പ്രകടനമായി അത് മാറുന്നു. 

ഏതായാലും പ്രണയം മാത്രമല്ല കവാഗുച്ചിയുടെ ചിത്രത്തില്‍. സാമൂഹികമായ എല്ലാം ഈ വ്യത്യസ്‍തമായ ഫോട്ടോഷൂട്ടുകളില്‍ കാണാം. 

 


 

click me!