സിനിമയേക്കാള്‍ ഭീകരം, നോര്‍ത്ത് അമേരിക്കയും  യൂറോപ്പും തണുത്തുറഞ്ഞ് പ്രേതഭൂമിയാവും!

By Web TeamFirst Published Aug 13, 2021, 3:43 PM IST
Highlights

2004 -ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ദി ഡേ ആഫ്റ്റര്‍ ടുമോറോ'യിലെ ഞെട്ടിക്കുന്ന സീനുകള്‍ വെറും ഭാവനയല്ല, മറിച്ച് ഭാവിയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുന്ന സംഭവങ്ങളാണെന്ന് മുന്നറിയിപ്പ്.

2004 -ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ദി ഡേ ആഫ്റ്റര്‍ ടുമോറോ'യിലെ ഞെട്ടിക്കുന്ന സീനുകള്‍ വെറും ഭാവനയല്ല, മറിച്ച് ഭാവിയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുന്ന സംഭവങ്ങളാണെന്ന് മുന്നറിയിപ്പ്. അതിശക്തമായ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു വലിയ സുനാമിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് നഗരം അതിശൈത്യത്തില്‍ മരവിക്കുന്നത് അതില്‍ കാണിച്ചിരിക്കുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഭൂരിഭാഗവും തണുത്തുറഞ്ഞ ജീവനില്ലാത്ത തരിശുഭൂമിയായി മാറുന്നതും അതില്‍ കാണാം. എന്നാല്‍ അതൊക്കെ വെറും സിനിമയിലല്ലേ എന്ന് പറയാന്‍ വരട്ടെ.  

 

 

ചിലപ്പോള്‍ യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ ഭയാനകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ സമുദ്ര പ്രവാഹങ്ങളുടെ ഒരു വലിയ സംവിധാനമാണ് അറ്റ്‌ലാന്റിക് മെറിഡിയോണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ (AMOC) എന്നത്. കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഈ സംവിധാനം കാലാവസ്ഥ വ്യതിയാനം മൂലം പ്രവര്‍ത്തനരഹിതമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ നിക്ലാസ് ബോയേഴ്‌സ് 'നേച്ചര്‍ ക്ലൈമറ്റ്് ചേഞ്ച്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇത് മൂലം ഇനിയുള്ള ആയിരകണക്കിന് വര്‍ഷങ്ങള്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും അതികഠിനമായ ശൈത്യമായിരിക്കും ഉണ്ടാവുകയെന്നാണ് പഠനം പറയുന്നത്. 

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് ഊഷ്മളവും ഉപ്പ് നിറഞ്ഞതുമായ വെള്ളം അറ്റ്‌ലാന്റിക് വഴി യൂറോപ്പിലേക്കും ഗ്രീന്‍ലാന്‍ഡിലേക്കും ഒഴുക്കുന്നത് അറ്റ്‌ലാന്റിക് മെറിഡിയോണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷനാണ്. ഈ പ്രവാഹം അവിടെയെത്തുമ്പോള്‍ തണുക്കുകയും അതിന് ശേഷം തിരികെ തെക്കോട്ട് ഒഴുക്കുകയും ചെയ്യുന്നു. ഇത് ഉഷ്ണമേഖലയിലെ ചൂടും, ശൈത്യമേഖലയിലെ തണുപ്പും നിയന്ത്രിച്ച് നിര്‍ത്തുന്നു. കണ്‍വെയര്‍ ബെല്‍റ്റ് പോലെയുള്ള ഈ സംവിധാനം പ്രവര്‍ത്തനരഹിതമാവും എന്നാണ് പുതിയ കണ്ടെത്തല്‍. അങ്ങനെ സംഭവിച്ചാല്‍ വടക്കേ അമേരിക്കയിലെ കിഴക്കന്‍ തീരവും യൂറോപ്പും തണുത്തുറഞ്ഞ് മരവിക്കും. 

ഇപ്പോള്‍ കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന വര്‍ദ്ധിച്ചുവരുന്ന താപനില കാരണം, ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളില്‍ നിന്ന് കൂടുതല്‍ ശുദ്ധജലം ഉരുകുകയും ഈ സംവിധാനത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ എത്തുന്ന വെള്ളം തണുത്താല്‍ പ്രശ്നമില്ല, എന്നാല്‍ ഇത് വിചാരിച്ച വേഗത്തില്‍ തണുക്കുന്നില്ല. ഇത് AMOC യുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു.  

ഏകദേശം 11,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലുള്ള ഒരു സംഭവം നടന്നിരുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഒരു ഹിമതടാകം പൊട്ടി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകിയതോടെ, AMOC പ്രവര്‍ത്തനരഹിതമായി. വടക്കന്‍ അര്‍ദ്ധഗോളത്തിന്റെ ഭൂരിഭാഗവും ശുദ്ധജലത്തിന്റെ ഈ വലിയ ഒഴുക്ക് കാരണം ആയിരം വര്‍ഷം നീണ്ടുനിന്ന അതിശൈത്യത്തിന് കീഴ്പ്പെട്ടു.  

click me!