Climate change : കാലാവസ്ഥാവ്യതിയാനം: സെക്സിലേര്‍പ്പെടാന്‍ വരെ ആശങ്ക, ലൈംഗികജീവിതം താറുമാറാകുന്നു?

By Web TeamFirst Published Dec 18, 2021, 4:06 PM IST
Highlights

മിക്ക ആളുകളും ഗര്‍ഭം ധരിക്കുന്നതിനേക്കാള്‍ കൂടുതലായി കുട്ടികളെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് ഈ ഭൂമിയിലേക്ക് മറ്റൊരു മനുഷ്യനെ കൂടി കൊണ്ടുവരാതിരിക്കാനുള്ള കാരണമാവും എന്നാണ് അവര്‍ കരുതുന്നത്. 

കാലാവസ്ഥാപ്രതിസന്ധി(Climate crisis) ലോകത്തെയാകെത്തന്നെ പിടിച്ചുലച്ച് കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ ചൂട് കൂടിക്കൂടിവരികയാണ്. എന്നാല്‍, ചില പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ ചൂട് കൂടുന്നതും കാലാവസ്ഥയിലെ മറ്റ് വ്യതിയാനങ്ങളും മനുഷ്യരുടെ ലൈംഗികബന്ധത്തെ(sexual relation) പോലും ബാധിച്ച് തുടങ്ങി എന്നാണ്. 

'ഇക്കോ ആങ്സൈറ്റി'(eco-anxiety) ആളുകളില്‍ കൂടി വരികയാണ്. പരിസ്ഥിതിയുടെ ആസന്നമായ തകർച്ചയെക്കുറിച്ചുള്ള ഉത്കണ്ഠയെയാണ് ഇക്കോ ആങ്സൈറ്റി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ഉത്കണ്ഠകൾ ആളുകളുടെ ഭക്ഷണം, ഷോപ്പിംഗ്, യാത്ര എന്നിവയെ ഒക്കെ എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാൻ എളുപ്പമാണ്. എന്നാൽ, ചില വിദഗ്ദരുടെ അഭിപ്രായത്തിൽ ഇത് ആളുകളുടെ പ്രണയബന്ധങ്ങളെയും ലൈംഗിക ബന്ധങ്ങളെയും വരെ ബാധിക്കുന്നു.

18 -നും 29 -നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാരിൽ 38 ശതമാനം പേരും കുട്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം പരിഗണിക്കുന്നുവെന്ന് 2019 -ലെ ഒരു വോട്ടെടുപ്പ് പറയുന്നു. 20 -നും 45 -നും ഇടയിൽ പ്രായമുള്ള അമേരിക്കയിലെ സ്ത്രീപുരുഷന്മാരിൽ മൂന്നിലൊന്ന് പേരും കുട്ടികളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ കാലാവസ്ഥാവ്യതിയാനം കൂടി പരിഗണിച്ചുവെന്ന് പറയുന്നു. 

 

"എനിക്ക് നിരവധി ക്ലയന്റുകൾ ഉണ്ടായിരുന്നു, അവർക്ക് പരിസ്ഥിതി-ഉത്കണ്ഠ ഒരു പ്രശ്നമാണ്. അത് അവരുടെ ബന്ധങ്ങളുടെ പല വശങ്ങളെയും ബാധിച്ചു" സെക്‌സ് തെറാപ്പി ആപ്പ് ബ്ലൂഹാർട്ടിന്റെ റിലേഷൻഷിപ്പ് തെറാപ്പിസ്റ്റായ ലോറ വോവെൽസ് VICE -നോട് പറഞ്ഞു. തങ്ങള്‍ ഡേറ്റ് ചെയ്യുന്ന വ്യക്തിക്ക് പരിസ്ഥിതിയെക്കുറിച്ച് ബോധമുണ്ടോ, അവർ എവിടെയാണ് ഡേറ്റ് ചെയ്യുന്നത് ആ റെസ്റ്റോറന്റ് എല്ലാംകൊണ്ടും പരിസ്ഥിതി സൗഹാര്‍ദ്ദപരമാണോ, അവർ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു, അതില്‍ ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഗർഭനിരോധന മാർഗം എന്താണ്, അവർക്ക് എങ്ങനെ കുട്ടികള്‍ വേണം, ഗര്‍ഭം ധരിക്കണോ ദത്തെടുക്കണമോ എന്നതെല്ലാം അതില്‍ പെടുന്നുവെന്ന് വോവെല്‍സ് പറയുന്നു. 

ഒരു വികസിത രാജ്യത്ത് ഒരു കുട്ടി ഉണ്ടാകുന്നത് പ്രതിവർഷം 58.6 ടൺ അധിക CO2 സംഭാവന ചെയ്യുന്നതായി ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ പരിസ്ഥിതിയെ കുറിച്ച് ആശങ്കകളുള്ള ആളുകള്‍ കുട്ടികളുടെ കാര്യത്തില്‍ വലിയ ആലോചനകള്‍ തന്നെ നടത്തുന്നുണ്ട്. രണ്ടുതരത്തിലാണ് കുട്ടികളുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നത്. ഒന്ന്, കുട്ടികളുണ്ടാകുമ്പോള്‍ ഒരു മനുഷ്യജീവിയെന്ന നിലയില്‍ അവരിലൂടെയുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രയാസങ്ങള്‍. രണ്ട്, കാലാവസ്ഥാവ്യതിയാനം മൂലം കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍. ഇതെല്ലാം ഗര്‍ഭം ധരിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ ദമ്പതികളുടെ ഉള്ളിലേക്ക് കടന്നുവരികയും അതവരില്‍ ലൈംഗികബന്ധത്തിന്‍റെ സമയത്ത് പേടിയോ ഉത്കണ്ഠയോ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ലൈംഗികസുഖം കുറയ്ക്കുകയും ചെയ്യുമെന്നും വോവെല്‍സ് പറയുന്നു. 

മിക്ക ആളുകളും ഗര്‍ഭം ധരിക്കുന്നതിനേക്കാള്‍ കൂടുതലായി കുട്ടികളെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് ഈ ഭൂമിയിലേക്ക് മറ്റൊരു മനുഷ്യനെ കൂടി കൊണ്ടുവരാതിരിക്കാനുള്ള കാരണമാവും എന്നാണ് അവര്‍ കരുതുന്നത്. അതേസമയം തന്നെ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതും ചിലരില്‍ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 10 ബില്യൺ പുരുഷ ലാറ്റക്സ് കോണ്ടം നിർമ്മിക്കപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരങ്ങളിൽ ചെന്നവസാനിക്കുന്നു. ഈ കോണ്ടം റീസൈക്കിൾ ചെയ്യാൻ കഴിയില്ല. കൂടാതെ സാധാരണയായി അഡിറ്റീവുകളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍, ചിലവ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നിര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍, അവ എത്രകണ്ട് ലഭ്യമാണ് എന്ന് പറയുക സാധ്യമല്ല.

ഗർഭനിരോധന ഗുളികകൾ, വാസക്ടമികൾ എന്നിവ പോലുള്ള മറ്റ് ഗർഭനിരോധന മാർ​ഗങ്ങൾ ഉണ്ടെങ്കിലും, ഇവ ലൈംഗികമായി പകരുന്ന രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നില്ല. അതിനാല്‍ കോണ്ടമാണ് മിക്കവരും ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നത് എന്നതും ഒരു പ്രധാനകാര്യമാണ്. കോണ്ടം ഉപയോഗിക്കുന്നതിന്റെ കുറ്റബോധം കാരണം ആളുകൾ അവരുടെ ലൈംഗിക ആരോഗ്യത്തെ അപകടപ്പെടുത്തരുതെന്ന് വോവെല്‍സ് ഊന്നിപ്പറഞ്ഞു. കോണ്ടം ഉപയോഗിക്കാതിരിക്കുക എന്നത് മറ്റ് അപകടങ്ങള്‍ കൂടിയുണ്ടാക്കും. അതിനാല്‍, കോണ്ടം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്നും വോവെല്‍സ് പറയുന്നു. ഒരു മനുഷ്യജീവി ഉണ്ടാക്കുന്നതിനേക്കാള്‍ കുറവ് പാരിസ്ഥിതികപ്രയാസങ്ങള്‍ മാത്രമേ കോണ്ടം ഉണ്ടാക്കൂവെന്നും അവര്‍ പറയുന്നു. ഏത് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കണമെന്ന ആലോചനയും ഗർഭധാരണത്തിനുള്ള സാധ്യതയും പലരിലും കൂടുതൽ സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കും, ഇത് സെക്‌സ് ഡ്രൈവുകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ചിലതാണെന്ന് വോവെല്‍സ് പറഞ്ഞു.

നിങ്ങളില്‍ ഉത്കണ്ഠ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലൊന്നും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. കാരണം, നിങ്ങളെ ഭരിക്കുന്നത് നിങ്ങളുടെ ചിന്തകളാവും. മാത്രവുമല്ല, ഉത്കണ്ഠ നിങ്ങള്‍ക്ക് ശാരീരികമായി കൂടി അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് ശരീരം കൊണ്ടും ലൈംഗികബന്ധം ആസ്വദിക്കാനാവില്ല എന്നും വോവെല്‍സ് പറയുന്നു. എന്നിരുന്നാലും, ലൈംഗികത ഒരു മികച്ച സ്ട്രെസ് റിലീവറും ഉത്കണ്ഠയെ നേരിടാനുള്ള സംവിധാനവുമാണ്. അതിനാല്‍, കോണ്ടമുപയോഗിക്കുന്നതിനെ കുറിച്ചോ, ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ചോ മറ്റോ ആ സമയത്ത് ഉത്കണ്ഠപ്പെടാതിരിക്കാം എന്നും അവര്‍ പറയുന്നു. 

പങ്കാളികളിലൊരാള്‍ കാലാവസ്ഥയെ കുറിച്ചും പാരിസ്ഥിതികപ്രശ്നങ്ങളെ കുറിച്ചും ഉത്കണ്ഠ ഉള്ള ഒരാളും മറ്റൊരാള്‍ അത്രയധികം ഉത്കണ്ഠയില്ലാത്ത ഒരാളും ആണെങ്കിലും അത് അവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഉരസലുകളുണ്ടാക്കിയേക്കാം. കൂടുതൽ പരിസ്ഥിതി ബോധമുള്ള വ്യക്തിക്ക് പരിസ്ഥിതിക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാത്ത ഒരാളുടെ കൂടെയുള്ളതിൽ കുറ്റബോധം തോന്നാം. അതേസമയം പരിസ്ഥിതി ബോധമില്ലാത്ത വ്യക്തിക്ക് തന്റെ പങ്കാളിയോട് നീരസമുണ്ടാകുമെന്ന് അവർ വിശദീകരിച്ചു. ഇവിടെ പങ്കാളികള്‍ക്ക് തങ്ങളുടെ ആശങ്കകളെ കുറിച്ചും തങ്ങള്‍ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുക എന്നതാണ് പ്രതിവിധി എന്ന് വൊവെല്‍സ് പറയുന്നു. 

ഏതായാലും കാലാവസ്ഥാവ്യതിയാനം അറിഞ്ഞും അറിയാതെയും ഏതെല്ലാം തരത്തിൽ നമ്മുടെ നിത്യജീവിതത്തെ ബാധിച്ചു തുടങ്ങി എന്നതിനെ കുറിച്ചാണ് വോവെൽസ് വ്യക്തമാക്കുന്നത്. 

(ചിത്രങ്ങള്‍ പ്രതീകാത്മകം)

click me!