
ബഹുമാനമർഹിക്കുന്ന പെരുമാറ്റം കൊണ്ടും, വൃത്തികൊണ്ടും ഒക്കെ അറിയപ്പെടുന്ന സമൂഹമാണ് ജപ്പാനിലേത്. അത് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. തന്റെ സഹയാത്രികന് ഫുജി പർവതത്തിന്റെ ചിത്രമെടുക്കുന്നതിന് വേണ്ടി മാറിക്കൊടുക്കുന്ന ദമ്പതികളാണ് ചിത്രത്തിൽ.
ഒരു യാത്രക്കാരൻ ട്രെയിനിന്റെ ജനാലയിൽക്കൂടി ഫുജി പർവതത്തിന്റെ ചിത്രം പകർത്തവെ കുനിഞ്ഞ് സീറ്റിലേക്ക് കൈവച്ചിരുന്ന് ചിരിക്കുന്ന ദമ്പതികളെ ചിത്രത്തിൽ കാണാം. ജപ്പാനിൽ താമസിക്കുന്ന കൊറിയോഗ്രാഫറും വീഡിയോ എഡിറ്ററുമായ അബ്ദുല്ല ഗസൻഫറാണ് തന്റെ സുഹൃത്തിന് ഈ ചിത്രം അയച്ചുകൊടുത്തിരിക്കുന്നത്. അതിനൊപ്പം ഒരു സന്ദേശവും അബ്ദുല്ല ചേർത്തിരുന്നു. “നിങ്ങൾ ഈ ചിത്രത്തെ എല്ലാവരേക്കാളും വിലമതിക്കും. ഫുജി പർവതത്തിന്റെ ചിത്രമെടുക്കാൻ വേണ്ടി അവർ മാറിത്തന്നു“ എന്നാണ് അതിൽ എഴുതിയിരുന്നത്.
“എന്തുകൊണ്ടാണ് ഇത് കൂടുതൽ മനോഹരമാകുന്നതെന്നു വച്ചാൽ അവരോട് ഞാൻ മാറിത്തരാൻ ആവശ്യപ്പെട്ടിരുന്നില്ല. ഇടുങ്ങിയ വഴിയിൽ കൂടി ആ ചിത്രം പകർത്തുക ദുഷ്കരമായിരുന്നു. അങ്ങനെ നിരാശനായി ഞാൻ പിൻവാങ്ങാനൊരുങ്ങവെയാണ് അവർ മാറിത്തരുന്നത്. എനിക്ക് കൂടുതൽ മികച്ച ചിത്രം കിട്ടാനും, എന്നെ ഫോട്ടോ എടുക്കാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ് അവർ അത് ചെയ്തത്“ എന്നും അദ്ദേഹം എഴുതി.
വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജപ്പാനിൽ സമാനമായ അനുഭവം ഉണ്ടായി എന്നും അവിടുത്തെ ആൾക്കാർ എത്രമാത്രം നല്ലവരും സഹജീവി സ്നേഹമുള്ളവരാണെന്നും പറഞ്ഞുകൊണ്ട് ഒരുപാടാളുകൾ അതിന് കമന്റ് നൽകി.
ഒരാൾ എഴുതിയത് ഇങ്ങനെയാണ്, “ടോക്കിയോയിലേക്കുള്ള യാത്രയിൽ ഞാൻ ഫുജിയുടെ ഭാഗത്തായിട്ടാണ് ഇരുന്നത്. ഞാൻ ഉറങ്ങിപ്പോയി. അടുത്തിരുന്ന വയസ്സായ ആളാണ് എന്റെ ചുമലിൽ തട്ടി എഴുന്നേൽപ്പിച്ച് എനിക്ക് ഫുജി പർവതം കാണിച്ചു തന്നത്. ഒരിക്കലും അത് ഞാൻ മറക്കില്ല.“ സമാനമായ അനുഭവം വേറെയും ഒരുപാട് പേർ പങ്കുവച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം