സാറ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയത്. ഒപ്പം ജാതിക്ക സൂക്ഷിച്ചിരുന്ന ജാറിന്റെ ചിത്രവും അവൾ എക്സിൽ പോസ്റ്റ് ചെയ്തു.

ഭക്ഷ്യവസ്തുക്കൾ, മരുന്ന് ഇവയ്ക്കൊക്കെയും കാണും ഒരു എക്സ്പയറി ഡേറ്റ്. അത് കഴിഞ്ഞും അവ ഉപയോ​ഗിച്ചാൽ ചിലപ്പോൾ വലിയ വില നൽകേണ്ടി വന്നേക്കും. അപ്പോൾ പിന്നെ 24 വർഷം പഴക്കമുള്ള ജാതിക്ക എടുത്ത് വല്ലതുമുണ്ടാക്കിയാൽ എന്താവും അവസ്ഥ? 

യുഎസ്സിൽ നിന്നുമുള്ള സാറാ മക്ഗൊനഗല് എന്ന സ്ത്രീയാണ് തന്റെ അമ്മ ചെയ്ത ഒരു അബദ്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും സാറയുടെ അമ്മ അവരുടെ പ്രിയപ്പെട്ട ആപ്പിൾ പൈ തയ്യാറാക്കും. അതിൽ നിന്നും രുചി നോക്കുന്നത് സാറയുടെയും ഒരു ശീലമായിരുന്നു. എന്നാൽ, അടുത്തിടെ അമ്മ തയ്യാറാക്കിയ ആപ്പിൾ പൈ കഴിച്ച സാറയ്ക്ക് പെട്ടെന്ന് തന്നെ എന്തോ അരുചി അനുഭവപ്പെടുകയായിരുന്നു. എന്നാലും, ഈ രുചിവ്യത്യാസത്തിന് കാരണം എന്തായിരിക്കും എന്ന അവളുടെ അന്വേഷണം ചെന്നെത്തിയത് ഒരു ഞെട്ടിക്കുന്ന കണ്ടെത്തലിലായിരുന്നു. 

ആപ്പിൾ പൈ കഴിച്ചയുടനെ തന്നെ അവൾ ചെന്ന് അമ്മയെ കണ്ടു. എന്താണ് പുതുതായി അതിൽ ചേർത്തത്, എന്തുകൊണ്ടാണ് രുചിവ്യത്യാസം വന്നത് എന്നെല്ലാം അന്വേഷിക്കുകയും ചെയ്തു. എന്നാൽ, എല്ലായ്പ്പോഴും ചേർക്കുന്ന അതേ ചേരുവകൾ തന്നെയാണ് ഇത്തവണയും ചേർത്തത് എന്നായിരുന്നു അമ്മയുടെ മറുപടി. അതിൽ ചേർത്ത ജാതിക്ക കുറച്ച് കട്ടിയായിരുന്നു. അതിനാൽ അത് നല്ലപോലെ കുഴഞ്ഞില്ല അതാവും രുചിവ്യത്യാസത്തിന് കാരണം എന്നും അമ്മ പറഞ്ഞു. പിന്നാലെ, ജാതിക്ക സൂക്ഷിച്ചിരുന്ന ജാറും അമ്മ മകൾക്ക് കാണിച്ചു കൊടുത്തു. അത് പരിശോധിച്ച സാറ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 24 വർഷം മുമ്പായിരുന്നു ആ ജാതിക്കയുടെ എക്സ്പയറി ഡേറ്റ്. 

Scroll to load tweet…

സാറ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയത്. ഒപ്പം ജാതിക്ക സൂക്ഷിച്ചിരുന്ന ജാറിന്റെ ചിത്രവും അവൾ എക്സിൽ പോസ്റ്റ് ചെയ്തു. അതോടൊപ്പം അവൾ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. അമ്മയുടെ അടുക്കള പരിശോധിച്ച സാറക്ക് ഇതുപോലെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ അനേകം സാധനങ്ങൾ അവിടെ നിന്നും കണ്ടെത്താനായി എന്നതായിരുന്നു അത്. 

ഏതായാലും, നമ്മുടെയൊക്കെ അടുക്കളയിൽ അങ്ങനെയുള്ള എത്രമാത്രം സാധനങ്ങളുണ്ട് എന്ന് പറയുക സാധ്യമല്ല. ഒന്ന് പരിശോധിക്കുന്നത് നന്നാവും അല്ലേ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം