
പ്രമുഖ അന്താരാഷ്ട്ര ലക്ഷ്വറി ബ്രാൻഡായ ഫെൻഡി പുതിയതായി വിപണിയിലിറക്കിയ ബാഗിനെച്ചൊല്ലി വലിയ വിവാദം പുകയുന്നു. 39,500 മുത്തുകളും 475 ചെറു കണ്ണാടികളും തുന്നിച്ചേർത്ത ഈ ബാഗിന് ഇന്ത്യയിലെ നവരാത്രി ആഘോഷവേളകളിൽ സാധാരണയായി ഉപയോഗിക്കാറുള്ള മൾട്ടി-കളർ ബാഗുകളുമായി സാദൃശ്യമുണ്ടെന്നാണ് പ്രധാന ആരോപണം.
8.3 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഈ ബാഗിന്റെ ഡിസൈനിൽ ഇന്ത്യൻ പരമ്പരാഗത കരകൗശല വിദ്യകളെ ബ്രാൻഡ് അനുകരിക്കുകയാണ് ചെയ്തത് എന്ന് ആരോപിച്ച് പ്രമുഖ വ്യവസായികളായ ഹർഷ് ഗോയങ്കയും കിരൺ മജുംദാർ ഷായും രംഗത്തെത്തി. "പ്രാഡയുടെ (Prada) കോലാപ്പൂരി ചെരുപ്പ് വിവാദത്തിന് പിന്നാലെ ഇതാ ഫെൻഡിയുടെ 'നവരാത്രി' ബാഗ് എത്തിയിരിക്കുന്നു" എന്ന് ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക എക്‌സിൽ കുറിച്ചു. ഗുജറാത്തിലെ തെരുവുകളിൽ വെറും 500 രൂപയ്ക്ക് ലഭിക്കുന്ന ബാഗിന്റെ അതേ ഡിസൈനാണ് 8.3 ലക്ഷം രൂപയ്ക്ക് ഇവർ വിൽക്കുന്നതെന്നും, ഇന്ത്യൻ കരകൗശല വിദഗ്ദ്ധർക്ക് യാതൊരു ക്രെഡിറ്റും നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ പരമ്പരാഗത പാദരക്ഷയായ കോലാപ്പൂരി ചെരുപ്പുകളോട് സാദൃശ്യമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള പരാമർശമില്ലാതെ വിറ്റതിന് പ്രമുഖ ബ്രാൻഡായ പ്രാഡയും സമാനമായ രീതിയിൽ വിമർശനം നേരിട്ടിരുന്നു. ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് മറുപടിയായി, ഇറ്റാലിയൻ ബ്രാൻഡിന്റെ ഈ നടപടി കേവലമൊരു അനുകരണമല്ലെന്നും സാംസ്കാരികമായ കൈയേറ്റമാണെന്നും ബയോക്കോൺ സ്ഥാപക കിരൺ മജുംദാർ ഷാ ആരോപിച്ചു. "ഇന്ത്യയുടെ പാരമ്പര്യ കരകൗശല വിദ്യയെ സംരക്ഷിച്ചുപോരുന്ന ഇവിടുത്തെ കരകൗശല വിദഗ്ദ്ധർക്ക് യാതൊരു അർഹമായ അംഗീകാരവും നൽകാതെ, അത് ലക്ഷ്വറി ഉൽപ്പന്നമായി പുനരവതരിപ്പിക്കുന്നത് നമ്മുടെ കഴിവുകളെ ചെറുതാക്കി കാണിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ കരകൗശല വിദ്യ അർഹിക്കുന്നത് വ്യാജ അനുകരണമല്ല, മറിച്ച് അർഹമായ അംഗീകാരമാണ്" എന്ന് അവര്‍ കുറിച്ചു.
ഫെൻഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ "Baguette 26424: Multicolour Re Edition bag with embroidery and mirrors" എന്നാണ് ഈ ബാഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 138 മണിക്കൂറിലധികം സമയമെടുത്ത് പൂർണ്ണമായും കൈകൊണ്ട് തുന്നിയെടുത്തതാണെന്നും, ഇത് ഇറ്റലിയിലാണ് നിർമ്മിച്ചതെന്നുമാണ് ബ്രാൻഡിന്റെ അവകാശവാദം. പരമ്പരാഗത ഇന്ത്യൻ ഡിസൈനുകളെയും രീതികളെയും അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്ര തുന്നലുകൾക്ക് ഇന്ത്യയ്ക്ക് യാതൊരുവിധ ക്രെഡിറ്റും നൽകാത്തതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചത്.
After the Prada Kolhapuri chappal scandal, here comes the Fendi "Navratri" bag. Charging ₹8.3 Lakhs for a design that looks exactly like a ₹500 bag available in the streets of Gujarat. And zero credit to Indian artisans. When will luxury brands stop colonising our crafts? pic.twitter.com/mneHhBUQNt
— Harsh Goenka (@hvgoenka) September 14, 2026
സോഷ്യൽ മീഡിയ ഇതിനെ 'നവരാത്രി ബാഗ്' എന്ന് വിളിക്കുന്നുണ്ടെങ്കിലും ഫെൻഡിയുടെ ഔദ്യോഗിക വിവരങ്ങളിൽ ആ പേരില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ഫോൾ/വിന്റർ 2026-27 കളക്ഷന്റെ ഭാഗമായ ഈ ബാഗിന്റെ നിർമ്മാണത്തിന് പിന്നിൽ മുംബൈ ആസ്ഥാനമായുള്ള 'ചാണക്യ' എന്ന ക്രാഫ്റ്റ് ഹൗസിന് പങ്കുണ്ട്. ബാഗിന്റെ പണിപ്പുരയിൽ ഇന്ത്യൻ കരകൗശല വിദഗ്ദ്ധരുടെ പങ്കാളിത്തം ഉണ്ടെങ്കിലും, തങ്ങളുടെ വെബ്‌സൈറ്റിലോ പ്രൊഡക്റ്റ് വിവരങ്ങളിലോ ഈ സാംസ്കാരിക പശ്ചാത്തലം വ്യക്തമാക്കാൻ ഫെൻഡി തയ്യാറായിട്ടില്ലെന്നതാണ് വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നത്.