'മറ്റാരും അധികം സംസാരിച്ചു കാണാത്ത മറ്റൊരു കാര്യം ഇതിലെ ഒറ്റപ്പെടലാണ്. ആരുമായും പെട്ടെന്ന് എന്തെങ്കിലും സംസാരിക്കാനോ, ഒന്നിച്ച് ഒരു ചായ കുടിക്കാനോ, ഒരല്പം ചിരിച്ചു വർത്തമാനം പറയാനോ ആരും ഒപ്പമില്ല. വീട്ടിലിരുന്നുള്ള ജോലി നല്ല സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നത് സത്യമാണ്, എന്നാൽ അതിനോടൊപ്പം അതിന്റേതായ പോരായ്മകളും ഉണ്ട്.'

വീട്ടിലിരുന്നുള്ള ജോലി കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതും ദിവസേനയുള്ള യാത്ര ഒഴിവാക്കാമെന്നതും കൊണ്ടുതന്നെ വളരെ സൗകര്യപ്രദമായ ഒരു വഴിയായാണ് പലരും കാണുന്നത്. എന്നാൽ, മറ്റു ചിലർക്കാകട്ടെ ഓഫീസിൽ നേരിട്ടെത്താതെ ജോലി ചെയ്യുന്നത് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇൻസ്റ്റഗ്രാം യൂസറായ ദിവിജ്, തന്റെ 'വർക്ക് ഫ്രം ഹോം' അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് എപ്പോഴും അത്ര ആസ്വാദ്യകരമല്ലെന്ന് കരുതുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജോലിയില്ലാത്ത അധിക സമയം ചിലപ്പോഴൊക്കെ തന്റെ പ്രൊഡക്ടിവിറ്റിയെ ബാധിക്കാറുണ്ടെന്ന് ദിവിജ് പറയുന്നു.

ചെയ്യാനേറെ ജോലികളുള്ളപ്പോൾ വീട്ടിലിരുന്നുള്ള ജോലി താൻ ഏറെ ആസ്വദിക്കാറുണ്ടെന്ന് ദിവിജ് പറയുന്നു. എന്നാൽ, ജോലിഭാരം കുറവുള്ള സമയങ്ങളിൽ, ആ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം സിനിമകളോ ഷോകളോ കാണുന്നതിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലുമാണ് താൻ അധികവും സമയം ചെലവഴിക്കുന്നത്.

'നേരിട്ട് ചെയ്തു തുടങ്ങുന്നത് വരെ വീട്ടിലിരുന്നുള്ള ജോലി എന്നത് വളരെ ആകർഷകമായി തോന്നും. ആവശ്യത്തിന് സമയവും സ്വാതന്ത്ര്യവും ലഭിക്കുന്നു എന്നതൊക്കെ ശരിയാണ്. കൃത്യമായ ഉത്തരവാദിത്തത്തോടെയാണ് ഞാൻ അത് ചെയ്യുന്നത്, ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ എനിക്കത് വളരെ ഇഷ്ടവുമാണ്. എന്നാൽ, ജോലിയില്ലാത്ത ഒരു നിമിഷം വന്നാൽ ഉടൻതന്നെ ഞാൻ യൂട്യൂബും, പ്രൈമും, നെറ്റ്ഫ്ളിക്സും കാണാനോ വെറുതെ സമയം കളയാനോ തുടങ്ങും. അങ്ങനെ സമയം പാഴാക്കുന്നത് പ്രൊഡക്ടീവല്ലാതായിട്ടിരിക്കുന്നത് തെറ്റാണെന്നും എനിക്ക് തോന്നാറുണ്ട്' യുവാവ് പറയുന്നു.

റിമോട്ട് വർക്ക് ചെയ്യുമ്പോൾ ആളുകൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യത്തിലേക്കും ദിവിജ് വിരൽ ചൂണ്ടുന്നു. കൂടെ ജോലി ചെയ്യുന്നവർ ഒപ്പമില്ലാത്തതിനാൽ, ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ നഷ്ടപ്പെടുകയാണ്.

'മറ്റാരും അധികം സംസാരിച്ചു കാണാത്ത മറ്റൊരു കാര്യം ഇതിലെ ഒറ്റപ്പെടലാണ്. ആരുമായും പെട്ടെന്ന് എന്തെങ്കിലും സംസാരിക്കാനോ, ഒന്നിച്ച് ഒരു ചായ കുടിക്കാനോ, ഒരല്പം ചിരിച്ചു വർത്തമാനം പറയാനോ ആരും ഒപ്പമില്ല. വീട്ടിലിരുന്നുള്ള ജോലി നല്ല സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നത് സത്യമാണ്, എന്നാൽ അതിനോടൊപ്പം അതിന്റേതായ പോരായ്മകളും ഉണ്ട്' ദിവിജ് പറയുന്നു.

View post on Instagram
 

'വർക്ക് ഫ്രം ഹോമിന്റെ ചില വശങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ദിവിജ് പറഞ്ഞ കാര്യങ്ങളോട് തങ്ങളും യോജിക്കുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സഹപ്രവർത്തകരുമൊത്തുള്ള കുശലാന്വേഷണങ്ങളെയും ടീ ബ്രേക്കിനെയും കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സത്യമാണന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.