മെഡിക്കൽ ലീവ് കഴിഞ്ഞപ്പോൾ കിട്ടിയത് പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ്; ഇനിയെന്ത് ചെയ്യും, പോസ്റ്റ്

Published : Jul 24, 2026, 08:41 PM IST
woman

Synopsis

മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം ഡോക്ടറുടെ നിർദ്ദേശം വ്യക്തമാക്കി കമ്പനിക്ക് ഇമെയിൽ അയച്ചു. ഇതംഗീകരിച്ച കമ്പനിയുടെ സിജിഒ മെഡിക്കൽ ലീവ് അനുവദിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പറയുകയും ചെയ്തതാണ്.

മെഡിക്കൽ ലീവിലായിരുന്ന തന്നെ കമ്പനി പിരിച്ചുവിട്ടതായി യുവതിയുടെ പോസ്റ്റ്. അപകടത്തിൽപ്പെട്ട് ചികിത്സലായിരുന്ന യുവതി നേരത്തെ തന്നെ അനുമതി വാങ്ങിയാണ് മെഡിക്കൽ ലീവെടുത്തത്. റെഡ്ഡിറ്റിലൂടെയാണ് 27 -കാരിയായ യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. കമ്പനി ആദ്യം മെഡിക്കൽ ലീവ് അനുവദിച്ചെങ്കിലും പിന്നീട് യാതൊരു വിശദീകരണവുമില്ലാതെ ഇമെയിൽ വഴി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് അയക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. നിയമപരമായി ഇനി എന്താണ് ചെയ്യാനാവുക എന്നാണ് യുവതി ചോദിക്കുന്നത്.

'വിരലിന് പരിക്കേറ്റ് ലീവിലായിരിക്കെ ഇമെയിൽ വഴി പിരിച്ചുവിട്ടു; നോട്ടീസ് പേ നൽകാതിരിക്കാൻ കമ്പനി വ്യാജ ആരോപണം ഉന്നയിക്കുന്നു' എന്ന ടൈറ്റിലിലാണ് യുവതി പോസ്റ്റ് പങ്കുവെച്ചത്. രണ്ടുമാസം അന്വേഷിച്ച് ഒടുവിൽ ജൂലൈ 1-നാണ് താൻ പുതിയ കമ്പനിയിൽ ജോലിക്കെത്തിയത്. എന്നാൽ, വെറും മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്യാനായത്. അതിനിടയിലാണ് അപകടം സംഭവിച്ചത്. ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേൽക്കുകയും അസ്ഥിക്ക് പൊട്ടലേൽക്കുകയും ചെയ്തു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായതോടെ 2-3 ആഴ്ച വരെ ഡോക്ടർമാർ നിർബന്ധമായും വിശ്രമം നിർദ്ദേശിക്കുകയായിരുന്നു.

അവധിയിൽ കഴിയവേ റിപ്പോർട്ടിംഗ് മാനേജർ ഫോണിൽ വിളിച്ചെങ്കിലും, വയ്യാത്തതിനാൽ എമർജൻസി കോൺടാക്റ്റായി നൽകിയ ആളാണ് ഫോണെടുത്തതും അപകടവിവരം അറിയിച്ചതും. തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം ഡോക്ടറുടെ നിർദ്ദേശം വ്യക്തമാക്കി കമ്പനിക്ക് ഇമെയിൽ അയച്ചു. ഇതംഗീകരിച്ച കമ്പനിയുടെ സിജിഒ മെഡിക്കൽ ലീവ് അനുവദിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പറയുകയും ചെയ്തതാണ്.

എന്നാൽ, ഏകദേശം 8-9 ദിവസങ്ങൾക്കുള്ളിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ ആരോഗ്യം വീണ്ടെടുത്ത യുവതി, ജൂലൈ 15 -ന് ജോലിയിൽ പ്രവേശിക്കുകയാണ് എന്ന് എച്ച്.ആറിനെയും മാനേജ്‌മെന്റിനെയും അറിയിച്ചു. എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്ന് മൗനമായിരുന്നു മറുപടി. മാനേജരുമായും എച്ച്.ആറുമായും നിരന്തരം ബന്ധപ്പെട്ടതോടെയാണ് തനിക്ക് പിരിച്ചുവിടൽ കത്ത് ഇമെയിലിൽ ലഭിച്ചതായി യുവതി അറിയുന്നത്.

ഉൽപ്പന്നങ്ങളെക്കുറിച്ച് പഠിക്കാൻ യുവതി വിസമ്മതിച്ചു എന്നും ഉപഭോക്താക്കളോട് സംസാരിക്കാൻ വിമുഖത കാണിച്ചു എന്നുമുള്ള ആരോപണങ്ങളാണ് പിരിച്ചുവിടലിന് കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ യുവതി ശക്തമായി നിഷേധിച്ചു. 'കമ്പനിയിൽ ജോലി ചെയ്ത് വെറും മൂന്ന് ദിവസത്തിന് ശേഷമാണ് ഞാൻ അംഗീകരിച്ചിരിക്കുന്ന മെഡിക്കൽ ലീവിൽ പ്രവേശിച്ചത്. കമ്പനി ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണ്, ഇതിനുള്ള തെളിവ് നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇപ്പോൾ പ്രതികരിക്കുന്നില്ല' എന്നും യുവതി പറഞ്ഞു.

 

 

യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ഉപദേശങ്ങളുമായി എത്തിയത്. ഇതിൽ ഒരു എംപ്ലോയ്മെന്റ് ലോയറുടെ പ്രതികരണം ശ്രദ്ധേയമായി. 'ഇത് പൂർണ്ണമായും നിങ്ങളുടെ ഓഫർ ലെറ്ററിലെ വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും. എന്നാൽ, നിങ്ങൾ പങ്കുവെച്ച വിവരങ്ങളനുസരിച്ച്, 'ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്' പ്രകാരം കുറഞ്ഞത് ഒരു മാസത്തെ നോട്ടീസ് പേയ്ക്ക് നിങ്ങൾക്ക് അർഹതയുണ്ടെന്നാണ് കരുതുന്നത്' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

വെറുതെ ബന്ധുക്കളെ കാണിക്കാനായി കല്ല്യാണത്തിന് 20 ലക്ഷം പൊടിക്കണോ? പകരം ഇക്കാര്യങ്ങൾ ചെയ്തൂടേ? പോസ്റ്റ്
വെറും 6 മാസമായതേയുള്ളൂ, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, ഇത് ശരിയല്ല; അനുഭവം പങ്കുവച്ച് യുവാവ്