ഇന്ത്യൻ സംസ്കാരത്തിന്റെ മനോഹാരിതയും ആഴവും നേരത്തെ മനസ്സിലാക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്ന് ജെമ പറഞ്ഞു. ഈ സന്ദർശനം ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ പൂർണ്ണമായും മാറ്റിമറിച്ചുവെന്നും, ഇനി മുതൽ തന്റെ കലയിലൂടെ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് വൻകിടശക്തികളായ രാജ്യങ്ങൾ വെച്ചുപുലർത്തുന്ന കാഴ്ചപ്പാടുകളിലെ ഇരട്ടത്താപ്പിനെ വിമർശിച്ചുകൊണ്ട് ന്യൂയോർക്കിലെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റായ ജെമ ഫെറർ രംഗത്ത്. രാജസ്ഥാനിലെ ജയ്പൂർ സന്ദർശിക്കുന്നതിനിടെ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോകളിലാണ് ജെമ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ വാനോളം പുകഴ്ത്തുകയും പാശ്ചാത്യ ലോകത്തിന്റെ നിലപാടുകളെ തുറന്നെതിർക്കുകയും ചെയ്തത്.
ഇന്ത്യൻ സംസ്കാരത്തിന്റെ മനോഹാരിതയും ആഴവും നേരത്തെ മനസ്സിലാക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്ന് ജെമ പറഞ്ഞു. ഈ സന്ദർശനം ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ പൂർണ്ണമായും മാറ്റിമറിച്ചുവെന്നും, ഇനി മുതൽ തന്റെ കലയിലൂടെ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ്
വിദേശ സിനിമകളിലും പോപ്പ് കൾച്ചറിലും ഇന്ത്യയെ എപ്പോഴും ദാരിദ്ര്യവും അമിത ജനസാന്ദ്രതയും മോശം ജീവിത സാഹചര്യങ്ങളുമുള്ള ഒരു രാജ്യമായി മാത്രമാണ് ചിത്രീകരിക്കുന്നത്. എന്നാൽ അതേസമയം തന്നെ, ഇന്ത്യയിൽ നിന്ന് വേരൂന്നിയ യോഗ, ആയുർവേദം, ധ്യാനം, പരമ്പരാഗത തുണികൾ തുടങ്ങിയവയെല്ലാം വൻകിട ആഗോള വ്യവസായങ്ങളാക്കി മാറ്റി വിദേശ ലോകം വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പാരമ്പര്യങ്ങളെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമ്പോൾ, ഇവ വികസിപ്പിച്ചെടുത്ത ഇന്ത്യൻ ജനതയ്ക്കോ സമൂഹത്തിനോ അർഹമായ ക്രെഡിറ്റോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് ജെമ തുറന്നടിച്ചു.
ബ്രിട്ടീഷ് ഭരണവും ചരിത്രവും
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ നേരിട്ട സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ചും ജെമ തന്റെ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. പരുത്തി, മസ്‌ലിൻ, പട്ട് എന്നിവ ഉൽപ്പാദിപ്പിക്കുന്നതിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങളെ ബ്രിട്ടീഷ് നയങ്ങൾ തകർത്തെറിയുകയായിരുന്നു. ഇത് പ്രാദേശിക നെയ്ത്തുകാരെ വൻ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടുവെന്നും അവർ അഭിപ്രായപ്പെട്ടു. കൊളോണിയൽ ഭരണം ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരം
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും അഹിംസാ മാർഗ്ഗത്തെയും ജെമ വാനോളം പ്രശംസിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരം ലോകചരിത്രത്തിലെ തന്നെ വേറിട്ട ഒന്നാണെന്നും, സായുധ പോരാട്ടങ്ങളില്ലാതെ തന്നെ വൻ സാമ്രാജ്യങ്ങളെ കീഴടക്കാൻ സാധിക്കുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരത്തെയും കൊളോണിയൽ ഭൂതകാലത്തെയും കുറിച്ചുള്ള ജെമയുടെ നിരീക്ഷണങ്ങൾ അടങ്ങിയ വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്.
