ആരുമില്ലാത്ത 99 -കാരിയെ സ്വാധീനിച്ച് തട്ടിയത് കോടികൾ, നഴ്സിന് ആജീവനാന്ത വിലക്ക്

Published : Oct 17, 2026, 07:53 PM IST
old woman

Synopsis

2017 -ൽ വീഴ്ചയെത്തുടർന്ന് തീരെ വയ്യാതായ, തനിച്ചായ വയോധികയെ റെബേക്ക തന്ത്രപൂർവ്വം തന്റെ കൂടെ നിർത്തി സ്വാധീനിക്കുകയായിരുന്നു.

യുകെയിൽ വയോധികയായ രോഗിയുടെ കോടികളുടെ സ്വത്തുക്കളും പണവും തട്ടിയെടുത്ത നഴ്സിനെ നഴ്സിങ് രജിസ്ട്രിയിൽ നിന്ന് പുറത്താക്കി. 99 -കാരിയെ ചൂഷണം ചെയ്ത് ഏകദേശം 7,70,000 പൗണ്ട് (ഏകദേശം 9.6 കോടി രൂപ) വിവിധ വർഷങ്ങളിലായി കൈക്കലാക്കിയെന്ന് ട്രിബ്യൂണൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റെബേക്ക ബർവുഡ് എന്ന നഴ്സിനാണ് നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ ട്രിബ്യൂണൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

2002 -ൽ നഴ്സിങ് രജിസ്ട്രേഷനെടുത്ത റെബേക്ക, വെയിൽസിലെ ഫ്ലിന്റ്ഷെയറിലുള്ള 'ബ്രൈൻ യർ ഹൗൾ കെയർ ഹോമിൽ' ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തുവരവെയാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. 2017 -ൽ വീഴ്ചയെത്തുടർന്ന് തീരെ വയ്യാതായ, തനിച്ചായ വയോധികയെ റെബേക്ക തന്ത്രപൂർവ്വം തന്റെ കൂടെ നിർത്തി സ്വാധീനിക്കുകയായിരുന്നു.

തുടർന്ന് 400,000 പൗണ്ട് (ഏകദേശം 5 കോടി രൂപ) വിലമതിക്കുന്ന ഇവരുടെ വീട് തന്റെ പേരിൽ എഴുതാൻ റെബേക്ക ഇവരെ പ്രേരിപ്പിച്ചു. ഇതിനുശേഷമാണ് 2018 -ൽ വയോധികയെ കെയർ ഹോമിലേക്ക് മാറ്റിയത്. വീടിന് പുറമെ അഞ്ച് വർഷത്തിനിടയിൽ 370,000 പൗണ്ടോളം (ഏകദേശം 4.6 കോടി രൂപ) പണമായും ഇവർ കൈക്കലാക്കിയതായി ട്രിബ്യൂണൽ കണ്ടെത്തി. അങ്ങനെ ആകെ തുക 7,70,000 പൗണ്ടിലെത്തി.

വയോധികയുടെ അക്കൗണ്ടിൽ നിന്ന് എടിഎം വഴി ഏകദേശം 160,000 പൗണ്ട് (ഏകദേശം 2 കോടി രൂപ) പിൻവലിച്ചു. സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികൾ, യൂട്ടിലിറ്റി ബില്ലുകൾ, കൗൺസിൽ ടാക്സ് എന്നിവയ്ക്കായി ഈ പണം ഉപയോഗിച്ചു. തങ്ങൾക്കൊരുമിച്ച് യാത്രകൾ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ പക്കൽ നിന്ന് കാർ വാങ്ങാൻ 20,000 പൗണ്ടും, കാമ്പർവാനിനു വേണ്ടി 9,000 പൗണ്ടും കൈക്കലാക്കി.

ലോക്ക്ഡൗൺ കാലത്ത് വയോധികയ്ക്ക് കൂടെ താമസിക്കാൻ വീടിന് എക്സ്റ്റൻഷൻ പണിയണമെന്നും പറഞ്ഞ് പണം വാങ്ങി. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഈ നിർമ്മാണങ്ങൾ പൂർത്തിയായിരുന്നു. ഈ പണത്തിന്റെ ഒരു ഭാഗം കോസ്മെറ്റിക് സർജറിക്കായി ഉപയോഗിച്ചതായും ആരോപണങ്ങളുണ്ട്.

ഈ സാമ്പത്തിക ചൂഷണം കാരണം വയോധികയ്ക്ക് വെറും 23 മാസത്തെ കെയർ ഹോം ചെലവുകൾക്ക് മാത്രമുള്ള പണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനുശേഷം പ്രാദേശിക കൗൺസിൽ ഇവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുമായിരുന്നു.

ബാങ്കിന്റെ ഇടപെടലും പുറത്തുവന്ന വിവരങ്ങളും

വലിയ തോതിലുള്ള പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2023 മാർച്ചിൽ വയോധികയുടെ ബാങ്ക് അധികൃതർ നോർത്ത് വെയിൽസ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും, ഇത് മാറ്റാനായി റെബേക്ക വയോധികയെയും കൂട്ടി വീണ്ടും ബാങ്കിലെത്തി. പണം പിൻവലിക്കാൻ അനുവദിച്ചില്ലെങ്കിൽ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവില്ലെന്ന് റെബേക്ക വയോധികയെ ഭീഷണിപ്പെടുത്തുന്നത് ബാങ്ക് ജീവനക്കാർ കേട്ടിരുന്നു. എങ്കിലും അക്കൗണ്ട് അൺഫ്രീസ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു.

പിന്നീട് 2023 ഏപ്രിലിൽ മറ്റൊരു നഴ്സ്, റെബേക്ക വയോധികയോട് "ഞാൻ പണം തിരിച്ചുതരാം, ഇവിടെ ഒപ്പിടൂ" എന്ന് പറയുന്നത് കേൾക്കുകയും, അധികാരികളെ അറിയിക്കുകയും ചെയ്തു. തുടർന്ന് റെബേക്കയ്ക്ക് വയോധികയെ കാണാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മേയിൽ നടന്ന സുരക്ഷാ പരിശോധനയിൽ, റെബേക്ക തന്റെ തെറ്റുകളിൽ നിന്ന് പഠിച്ചിട്ടുണ്ടെന്നും തങ്ങൾ തമ്മിലുള്ള സൗഹൃദം വിലമതിക്കുന്നുവെന്നും പറഞ്ഞ് വയോധിക പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ല.

നഴ്സിങ് കൗൺസിലിന്റെ (NMC) നടപടി

2023 ജൂണിൽ കേസ് നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന് കൈമാറി. വയോധികയുടെ ദൗർബല്യവും ഒറ്റപ്പെടലും മുതലെടുത്ത് ആസൂത്രിതമായി തട്ടിപ്പ് നടത്തിയ റെബേക്കയ്ക്ക് ഇനി ഒരിക്കലും നഴ്സായി ജോലി ചെയ്യാൻ കഴിയില്ലെന്ന് എൻഎംസി വ്യക്തമാക്കി.

താൻ വയോധികയെ സ്വന്തം മുത്തശ്ശിയെപ്പോലെയാണ് കണ്ടിരുന്നതെന്നും അതുകൊണ്ടാണ് പ്രൊഫഷണൽ അതിരുകൾ ലംഘിക്കേണ്ടി വന്നതെന്നുമാണ് റെബേക്ക ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാത്ത ട്രിബ്യൂണൽ, വ്യക്തിപരമായ നേട്ടങ്ങൾക്കായി വയോധികയെ ബോധപൂർവ്വം ചൂഷണം ചെയ്തതായി കണ്ടെത്തുകയായിരുന്നു. നിലവിൽ വയോധിക മരിച്ചു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിലെ കാര്യം നോക്കണം, മേക്കപ്പ് ചെയ്യണം, പുരുഷമന്ത്രിമാരേക്കാളും സമയം കൂടുതൽ വേണം; ജപ്പാൻ പ്രധാനമന്ത്രി
രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോൾ തകർന്നുപോയി, ജീവിതം എളുപ്പമാക്കിയത് എഐ ഏജന്‍റ്സ്; ആൻഡേല സി.ഇ.ഒ