
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും കുഞ്ഞുകുഞ്ഞു വഴക്കുകളും ഒക്കെ കാണിക്കുന്ന അനേകം വീഡിയോകളും പോസ്റ്റുകളും ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, ഒരു സഹോദരി ജോലി കിട്ടി വീട്ടിൽ നിന്നും മാറി നിൽക്കാൻ പോകുന്ന തന്റെ സഹോദരന് എഴുതിയ കത്താണ് ഇപ്പോൾ വൈറലായി മാറുന്നത്.
സഹോദരിയുടെ കത്തിൽ സഹോദരനുള്ള ചില നിയമങ്ങളാണ് പറയുന്നത്. ചെന്നൈയിലേക്ക് ജോലി കിട്ടി പോകുന്ന തെലുഗു യുവാവാണ് തന്റെ കുഞ്ഞുസഹോദരി തനിക്കായി തയ്യാറാക്കിയ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാത്രമല്ല, മറന്നു പോകാതിരിക്കാൻ വേണ്ടി ആ കത്തിന്റെ ചിത്രം സഹോദരി തന്റെ വാൾപേപ്പറാക്കിച്ചു എന്നും യുവാവ് പറയുന്നു.
13 ഡിമാൻഡുകളാണ് ഒരു കടലാസിൽ അനിയത്തി എഴുതി സഹോദരന് നൽകിയിരിക്കുന്നത്. രാത്രിയായാലും പകലായാലും കുറഞ്ഞത് 2-3 തവണയെങ്കിലും വിളിക്കണം, ഞാൻ നിങ്ങളെ വിളിക്കുമ്പോഴോ സംസാരിക്കുമ്പോഴോ എന്നോട് ദേഷ്യപ്പെടരുത്. ചെന്നൈയിൽ നിന്ന് വരുമ്പോൾ എനിക്ക് എന്തെങ്കിലും കൊണ്ടുവരണം. നിങ്ങളുടെ പൂച്ചയേക്കാൾ പ്രാധാന്യം എനിക്കാണ് തരേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് അവൾ കത്തിൽ എഴുതിയിരിക്കുന്നത്.
തന്റെ പത്താം ക്ലാസ് കഴിഞ്ഞ ശേഷം തന്നെയും ചെന്നൈയിലേക്ക് കൊണ്ടുപോകണം എന്നും അവൾ എഴുതുന്നുണ്ട്. ഒപ്പം അവൾക്കൊരു നോവലോ റിത്വിക് സിങ്ങിൻ്റെ കവിതാ പുസ്തകങ്ങളോ വാങ്ങണം എന്നും പറയുന്നു.
അവൾ തന്റെ സഹോദരനെ എത്രമാത്രം കെയർ ചെയ്യുന്നുവെന്നും ഈ കത്തിൽ നിന്നും മനസിലാക്കാം. ഭക്ഷണം കഴിക്കാതിരിക്കരുത്, പതിവായി വ്യായാമം ചെയ്യണം, തടി കുറക്കണം, ഒരു വിഡ്ഢിയെ പോലെ അലഞ്ഞുതിരിയരുത്, കൃത്യമായി ഉറങ്ങുക എന്നെല്ലാം അവൾ എഴുതിയ കത്തിൽ പറയുന്നു.
റെഡ്ഡിറ്റിൽ പങ്കുവച്ച ചിത്രത്തിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കരുത്. ഈ കുഞ്ഞനുജത്തിയുടെ സ്നേഹം വളരെ പെട്ടെന്നാണ് ആളുകളുടെ മനം കവർന്നത്. ലൂസിയാനയില്‍ നിന്നുള്ള ആളുകള്‍ വരെ ഇതിന് കമന്‍റ് നല്‍കിയിട്ടുണ്ട്. 'താന്‍ ലൂസിയാനയില്‍ നിന്നാണ്, ഇതെങ്ങനെ തനിക്ക് റെക്കമെന്‍ഡ് ചെയ്തു എന്നറിയില്ല, ഈ പോസ്റ്റ് മനോഹരമാണ്' എന്നായിരുന്നു കമന്‍റ്.