
ഭൂമിക്ക് മുകളില്‍ മനുഷ്യന്‍ പണിത് വച്ചിട്ടുള്ള നിരവധി അതുല്യമായ സ്ഥലങ്ങളുണ്ട്. അവയില്‍ ചിലത് പര്‍വ്വതങ്ങള്‍ക്ക് മുകളിലാണെങ്കില്‍ മറ്റ് ചിലത് സമുദ്രത്തില്‍ സൃഷ്ടിച്ച കൃത്രിമ ദ്വീപുകളിലാണ്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ഥലം അങ്ങ് ഓസ്ട്രേലിയയില്‍ ഉണ്ട്. അതും ഭൂഗര്‍ഭ നഗരം, അതാണ് കൂബര്‍ പെഡി (Coober Pedy). ഭൂഗര്‍ഭ ആവാസ വ്യവസ്ഥയ്ക്ക് പേര് കേട്ട നഗരമാണിത്. ഇവിടെ ഭൂരിപക്ഷം ആളുകളും ഭൂമിക്കടിയിലാണ് താമസിക്കുന്നത്. അതെ, കൂബര്‍ പെഡി അക്ഷരാര്‍ത്ഥത്തില്‍ ഒരു പതാള ലോകമാണെന്ന് (ഭൂഗര്‍ഭ ലോകം) പറയാം.
ഭൂമിക്കടിയില്‍ ഏങ്ങനെയാണ് ഒരു നഗരം പണിതതെന്നല്ലേ? അതിന്‍റ കഥ ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വലിയ രത്ന ശേഖരം ഈ പ്രദേശത്തായിരുന്നു. അതിനാല്‍ ഈ പ്രദേശത്തിന് ലോകത്തിന്‍റെ രത്ന തലസ്ഥാനം (Opal Captial) എന്നും വിളിപ്പേരുണ്ട്. രത്നങ്ങള്‍ക്ക് പേരുകേട്ട പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നീടിങ്ങോട്ട് 100 വര്‍ഷത്തോളം ഇവിടെ രത്ന ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതിനിടെ ജോലി ചെയ്യുന്നവര്‍ ഭൂമിക്കടിയില്‍ തന്നെ ഗുഹകള്‍ തീര്‍ത്ത് താമസം തുടങ്ങി. ഇന്ന് ഏതാണ്ട് 2,500 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. മറ്റ് പട്ടണങ്ങളിലെ പോലെ കടകളും പള്ളിയും ഹോട്ടലും പുസ്തകശാലകളും മാളുകളുമെല്ലാം ഇവിടെയുണ്ട്. എന്നാല്‍ എല്ലാം ഭൂമിക്കടിയിലാണെന്ന് മാത്രം.
ഭൂമിക്കടിയിലെ വീടുകളിലെല്ലാം നല്ല ഫര്‍ണിര്‍ച്ചറുകളാണ്. ഇന്‍റര്‍നെറ്റ്, കുടിവെള്ളം, വൈദ്യുതി തുടങ്ങി ആധുനിക കാലത്ത് മനുഷ്യന് അത്യാവശ്യമുള്ളതെല്ലാം ഇവിടെ ലഭ്യമാണ്. എല്ലാ നഗരത്തെയും പോലെ ഇവിടെ ഡ്രൈവ് ഇന്‍ സിമിനാ തീയറ്ററും ഗോള്‍ഫ് കോഴ്സുകളുമുണ്ട്. ഗോള്‍ഫ് കോഴ്സില്‍ പുല്ലുകളില്ല. മാത്രമല്ല, പല കുഴികള്‍ക്ക് സമീപവും സന്ദര്‍ശകര്‍ക്ക് 'വീഴരുതെന്ന്' ഉള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. സാധാരണ വീടുകളും കൂബര്‍ പെഡിയിലെ വീടുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം കൂബര്‍ പെഡിയിലെ വീടുകള്‍ക്ക് മുകളില്‍ സൂര്യപ്രകാശം അടിക്കില്ലെന്നതാണ്.
കൂബർ പെഡിയിലെ മുഴുവൻ പ്രദേശവും ഉയർന്ന താപനിലയുള്ള ഒരു മരുഭൂമിക്ക് സമാനമാണ്. ഈ സ്ഥലത്ത് മരങ്ങളില്ല. മഴ തീരെയില്ല. അതിനാല്‍ തന്നെ പകല്‍ സമയത്ത് ഭൂമിക്ക് മുകളില്‍ നില്‍ക്കുകയെന്നാല്‍ അസഹനീയമാണ്. പുറത്തെ ചൂടില്‍ നിന്നും രക്ഷനേടാനായാണ് ആദ്യം ഇവിടെ രത്നം തേടിയെത്തിയ മനുഷ്യര്‍ ഭൂമിക്കടിയിലേക്ക് താമസം മാറ്റിയത്. പിന്നീട് വന്നവരും അത് തുടര്‍ന്നു. അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഭൂമിക്കടിയില്‍ ഒരു പൂര്‍ണ്ണ നഗരം സൃഷ്ടിക്കപ്പെട്ടത്. ഇന്ന് ഇവിടെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വായു മാര്‍ഗ്ഗമോ ടൂര്‍ പ്രോഗ്രാം വഴിയോ സ്വകാര്യ കാര്‍ ഉപയോഗിച്ചോ ഇപ്പോഴും നിലവിലുള്ള റെയില്‍വേയോ ഉപയോഗിച്ച് മാത്രമാണ് ഇവിടെ എത്തിച്ചേരാന്‍ കഴിയൂ.
2,500 വർഷം പഴക്കമുള്ള 'മരിച്ചവരുടെ ഭക്ഷണം' ഇറ്റലിയിലെ ഒരു പുരാതന ശവകുടീരത്തിനുള്ളിൽ കണ്ടെത്തി !