ഡിജിറ്റൽ യുഗത്തിലെ പ്രണയം ഇപ്പോൾ വെറുമൊരു വികാരമല്ല, മറിച്ച് വിചിത്രമായ പദപ്രയോഗങ്ങളുടെയും സങ്കീർണ്ണമായ ട്രെൻഡുകളുടെയും ഒരു വലിയ ലോകമാണ്. പണ്ട് കേട്ടിരുന്ന 'ഗോസ്റ്റിംഗ്' പോലുള്ള വാക്കുകൾ ഇന്ന് പഴങ്കഥയായി മാറിക്കഴിഞ്ഞു. ജെൻ സികളുടെ ഡേറ്റിംഗ് ലോകം ഇപ്പോൾ പണ്ടത്തേക്കാൾ സീനാണ്. സോംബിയിംഗ് മുതൽ ത്രോണിംഗ് വരെ..

പ്രണയത്തിന്റെ ഭാഷ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് കത്തുകളിലും നേരിട്ടുള്ള സംസാരത്തിലും ഒതുങ്ങിയിരുന്ന വികാരങ്ങൾ ഇന്ന് വിചിത്രമായ പല പേരുകളിലും ട്രെൻഡുകളിലുമായി പരിമിതപ്പെട്ടിരിക്കുന്നു. 'ഗോസ്റ്റിംഗ്' , ബെഞ്ചിങ് എന്നിങ്ങനെ തുടങ്ങുന്ന പല വാക്കുകളും ഇന്ന് ഔട്ട്‌ ഡേറ്റഡായിരിക്കുന്നു. പ്രണയബന്ധങ്ങളെയും പങ്കാളികളുടെ മാനസികാരോഗ്യത്തെയും ഒരുപോലെ തളർത്തുന്ന പുതിയ ചില പ്രവണതകളാണ് ഇപ്പോൾ ഡേറ്റിംഗ് ലോകത്ത് ചർച്ചയാകുന്നത്. സോംബിയിംഗ്, ത്രോണിംഗ് തുടങ്ങി കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും വലിയ അപകടങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഈ 'ഡേറ്റിംഗ് ലിംഗോ'കളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

'ത്രോണിംഗ്' ; സിംഹാസനത്തിൽ പ്രതിഷ്ഠിക്കപ്പെടുന്ന പ്രണയം

പങ്കാളിയെ അതിരറ്റ് സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും നല്ല കാര്യമാണ്. എന്നാൽ പങ്കാളിയെ ഒരു സിംഹാസനത്തിൽ ഇരുത്തി ആരാധിക്കുന്നത് പോലെയുള്ള രീതിയെയാണ് 'ത്രോണിംഗ്' എന്ന് വിളിക്കുന്നത്. കേൾക്കുമ്പോൾ ഇത് വലിയൊരു അംഗീകാരമായി തോന്നാമെങ്കിലും സത്യത്തിൽ ഇത് ബന്ധങ്ങളിൽ ഇംബാലൻസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരാളെ മാത്രം വലുതായി കാണുകയും മറ്റേയാൾ സ്വയം വിലകുറച്ചു കാണുകയും ചെയ്യുന്നത് ബന്ധത്തിന്റെ അടിത്തറ തകർക്കും. പരസ്പര ബഹുമാനവും തുല്യതയുമാണ് ഒരു ബന്ധത്തിന്റെ വിജയമെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

'സോംബിയിംഗ്' ; മരിച്ചവർ തിരിച്ചുവരുമ്പോൾ!

സിനിമകളിലെ സോംബികളെപ്പോലെ തന്നെയാണിത്. യാതൊരു കാരണവുമില്ലാതെ നിങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ ഒരാൾ, മാസങ്ങൾക്ക് ശേഷം പെട്ടെന്ന് ഒരു ദിവസം യാതൊരു കുറ്റബോധവുമില്ലാതെ തിരിച്ചുവരുന്നതിനെയാണ് 'സോംബിയിംഗ്' എന്ന് വിളിക്കുന്നത്. ഗോസ്റ്റിംഗിന്റെ അടുത്ത ഘട്ടമാണിത്. ഒന്നും സംഭവിക്കാത്തതുപോലെ അവർ വീണ്ടും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് വലിയ മാനസികാഘാതത്തിന് കാരണമാകാറുണ്ട്. താൽക്കാലികമായ ആശ്വാസത്തിനോ ബോറടി മാറ്റാനോ വേണ്ടി മാത്രം വീണ്ടും വരുന്ന ഇത്തരം സോംബികളെ തിരിച്ചറിയുക എന്നത് പ്രധാനമാണെന്നാണ് റിപ്പോർട്ട്.

'കിറ്റൺ ഫിഷിംഗ്'; പകുതി നുണകളുടെ ലോകം

ഒരാളെ ചതിക്കാൻ വേണ്ടി പൂർണ്ണമായും പുതിയൊരു ഐഡന്റിറ്റി ഉണ്ടാക്കുന്നതാണ് 'ക്യാറ്റ് ഫിഷിംഗ്' എങ്കിൽ, അതിന്റെ ലഘുവായ പതിപ്പാണ് 'കിറ്റൺ ഫിഷിംഗ്'. ഇവിടെ ഒരാൾ തന്റെ ഓൺലൈൻ പ്രൊഫൈലിലോ പെരുമാറ്റത്തിലോ ചെറിയ നുണകൾ ചേർത്ത് മറ്റൊരാളെ ആകർഷിക്കാൻ ശ്രമിക്കുന്നു. പഴയ ഫോട്ടോകൾ ഉപയോഗിച്ച് പ്രായം കുറച്ചു കാണിക്കുകയോ ഇല്ലാത്ത കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. സത്യസന്ധതയില്ലാത്ത ഇത്തരം തുടക്കങ്ങൾ പിന്നീട് വലിയ തർക്കങ്ങളിലേക്കും വിശ്വാസത്തകർച്ചയിലേക്കും നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

'കഫിംഗ് സീസൺ' ; മഞ്ഞുകാലത്തെ താൽക്കാലിക കൂട്ട്

മഞ്ഞുകാലം വരുമ്പോൾ തനിച്ചിരിക്കാൻ മടി തോന്നി, ഒരു കമ്പനിക്ക് വേണ്ടി മാത്രം ആരോടെങ്കിലും പ്രണയത്തിലാകുന്നതിനെയാണ് 'കഫിംഗ് സീസൺ' എന്ന് വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാവരും പങ്കാളികളോടൊപ്പം നിൽക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരുതരം സാമൂഹിക സമ്മർദ്ദമാണ് ഇതിന് പിന്നിൽ. എന്നാൽ കാലാവസ്ഥ മാറുന്നതോടെ ഇത്തരം ബന്ധങ്ങളുടെ ആയുസ്സും അവസാനിക്കാൻ സാധ്യതയുണ്ട്. ഒരു നിശ്ചിത കാലയളവിലേക്ക് വേണ്ടി മാത്രം കെട്ടിപ്പടുക്കുന്ന ഇത്തരം ബന്ധങ്ങൾക്ക് വൈകാരികമായ ആഴം കുറവായിരിക്കും.

വ്യക്തമായ ആശയവിനിമയവും സത്യസന്ധതയുമാണ് ഇത്തരം ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി. ട്രെൻഡുകൾ വരികയും പോവുകയും ചെയ്യും, എന്നാൽ പരസ്പര വിശ്വാസത്തിലൂന്നിയുള്ള ബന്ധങ്ങൾക്കേ ആയുസ്സുണ്ടാകൂ.