
മുംബൈ ആസ്ഥാനമായുള്ള ഒരു അഭിഭാഷക തന്റെ പാചകക്കാരനെ കുറിച്ച് ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അര മണിക്കൂർ ജോലി ചെയ്യുന്നതിന് ഒരു വീട്ടിൽ നിന്നും 18,000 രൂപയാണ് കുക്ക് ശമ്പളം വാങ്ങുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
അതേ കോംപ്ലക്സിൽ തന്നെ 10-12 വീടുകളിൽ ഇതുപോലെ എല്ലാ ദിവസവും അദ്ദേഹം ജോലി ചെയ്യുന്നുണ്ട്. ഓരോ കുടുംബവും എത്രയുണ്ട് എന്നതിന് അനുസരിച്ച് ഓരോന്നിലും ഏകദേശം 30 മിനിറ്റ് നേരമാണ് കുക്ക് ജോലി ചെയ്യുന്നത് എന്നും ആയുഷി ദോഷി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു. ഓരോ വീട്ടിൽ നിന്നും സൗജന്യമായി ഭക്ഷണവും ചായയും ലഭിക്കും. ഇനി അഥവാ കൃത്യസമയത്ത് ശമ്പളം കൊടുത്തില്ലെങ്കിൽ ഒരു ഗുഡ്ബൈ പോലും പറയാതെ ആള് ആളുടെ പാട്ടിന് പോവുകയും ചെയ്യും.
അതേസമയം, നിരവധിപ്പേരാണ് ആയുഷിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഈ പറയുന്നത് കള്ളമാണ് എന്നും ഈ ശമ്പളം വളരെ കൂടുതലാണ് എന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ, മുംബൈ പോലൊരു സ്ഥലത്ത് ഇത് നൽകേണ്ടി വരും എന്നാണ് ആയുഷി പറയുന്നത്. മാത്രമല്ല, അത്രയും പണം വാങ്ങാൻ അയാൾ അർഹനാണ് എന്നും ആയുഷി പറയുന്നു.
ഒരുപാടുപേർ കമന്റ് നൽകിയപ്പോൾ ഇതുപോലെ വലിയ തുക നൽകുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഇൻബോക്സിൽ വരൂ, താൻ തന്റെ കുക്കിന് അധികം പണമാണോ നൽകുന്നത് എന്നൊരു സംശയവും ആയുഷി ഉന്നയിച്ചിട്ടുണ്ട്. അതേസമയം, 10-12 വീടുകളിൽ നിന്നും 18,000 രൂപ വച്ച് ഈടാക്കിയാൽ ആയുഷിയുടെ കുക്ക് ഏകദേശം മാസം രണ്ട് ലക്ഷം രൂപയെങ്കിലും സമ്പാദിക്കുന്നുണ്ടാകുമല്ലോ എന്ന ഞെട്ടലാണ് മറ്റ് ചിലരെല്ലാം പങ്കുവച്ചത്.