
കനത്ത മഴയ്ക്ക് പിന്നാലെ ഗുഡ്ഗാവിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുമുണ്ട്. ഇതിനിടയിൽ, ഇവിടുത്തെ റോഡുകളിൽ നിന്നും വളരെ ആശങ്കാജനകമായ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. റോഡിലെ വെള്ളക്കെട്ടിൽ കുട്ടികൾ നീന്തുന്നതും കളിക്കുന്നതുമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ റോഡരികിലായി കുറച്ച് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. റോഡിലെ വെള്ളത്തിൽ ഒരു കുട്ടി നീന്തുന്നത് കാണാം. അതേസമയം മറ്റ് ചില കുട്ടികൾ പ്ലാസ്റ്റിക് ഡിവൈഡറിന്റെയോ മറ്റോ സഹായത്തോട് കൂടി തുഴഞ്ഞ് നീങ്ങുകയാണ്.
'നിങ്ങൾ ഗുഡ്ഗാവിലാണ് താമസിക്കുന്നതെങ്കിൽ, നേരത്തെ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയായി വിധി നിങ്ങളെ ഇവിടെ എത്തിക്കാൻ മാത്രം നിർഭാഗ്യവാനാണ് നിങ്ങൾ എന്ന് കരുതിക്കോളൂ. വലിയ ജീവിതച്ചെലവും ഏറ്റവും മോശം അടിസ്ഥാന സൗകര്യങ്ങളും' എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഗുഡ്ഗാവിലെ സെക്ടർ 10A ഭാഗത്ത് നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്. ഒരു പുഴയെന്ന പോലെ റോഡിലൂടെ വെള്ളമൊഴുകുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ അഴുക്കുവെള്ളത്തിലൂടെയാണ് കുട്ടികൾ നീന്തിയും ഒഴുകിയും പോകുന്നത്. വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
ഗുഡ്ഗാവിൽ എല്ലാം കുഴപ്പമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. വർഷാവർഷം ഡ്രെയിനേജ് വൃത്തിയാക്കാനും മറ്റുമായി നികുതിദായകരുടെ പണം ചെലവഴിക്കുന്നുണ്ടെങ്കിലും മഴ പെയ്യുമ്പോൾ ഇതാണ് അവസ്ഥ എന്നായിരുന്നു അയാൾ സൂചിപ്പിച്ചത്.
ഗുഡ്ഗാവിൽ മഴ പെയ്താൽ അവസ്ഥ വളരെ മോശമാണ് എന്ന് തന്നെയാണ് പലരും കമന്റ് ബോക്സിൽ സൂചിപ്പിച്ചത്. അതേസമയം, ഇവിടെ നിന്നുള്ള മറ്റ് ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി.