
കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും ദുരിതം വിതയ്ക്കുന്നതിനിടെ, 2030 -ഓടെ വനനശീകരണം ഇല്ലാതാക്കാനും വനവല്‍ക്കരണം നടത്താനും നടപടി സ്വീകരിക്കുമെന്ന് ലോകനേതാക്കളുടെ ഉറപ്പ്. ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് 100-ലേറെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണത്തലവന്‍മാര്‍ ഈ ഉറപ്പുനല്‍കിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച ആഗോള കാലാവസ്ഥാ ഉച്ചകോടിയിലെ സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്. എന്നാല്‍, ഇത് വെറും പ്രഹസനം ആണെന്നും 2014-ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ എടുത്ത സമാനമായ തീരുമാനങ്ങളിലൊന്ന് പോലും നടപ്പാക്കാന്‍ ആരും ശ്രമിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ഗ്ലാസ്‌ഗോയില്‍ നടക്കുന്നത്. ഈ വിഷയത്തില്‍ നടക്കുന്ന 26-ാമത് ആഗോള ഉച്ചകോടി ആണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 26 (COP26 ) എന്ന ഈ ഉച്ചകോടി. ഒക്ടോബര്‍ 31 ന് ആരംഭിച്ച ഉച്ചകോടി ഈ മാസം 12 -നാണ് സമാപിക്കുന്നത്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് വ്യാപനം അനിയന്ത്രിതമായി ഉയരുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്യുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വനനശീകരണമാണ് ഇതിനു വഴിയൊരുക്കുന്ന മുഖ്യ സാഹചര്യം. കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യാന്‍ കഴിവുള്ള വനമേഖലയെ ഇല്ലാതാക്കുന്ന വ്യാപക വനനശീകരണം തടയുക എന്നത് ഉച്ചകോടിയുടെ സുപ്രധാന ലക്ഷ്യമാണ്. അതാണ്, 100-ലേറെ രാജ്യങ്ങള്‍ ചേര്‍ന്ന് ഇത്തരമൊരു തീരുമാനം എടുക്കാനുള്ള കാരണം. ആമസോണ്‍ കാടുകളെ ഇല്ലാതാക്കുന്ന വിധത്തില്‍ പരിസ്ഥിതി വിരുദ്ധ നയനിലപാടുകള്‍ പിന്തുടരുന്ന ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളാണ് 19 വര്‍ഷത്തിനകം വനനശീകരണം ഇല്ലാതാക്കുമെന്ന് ഉച്ചകോടിയില്‍ വാഗ്ദാനം നല്‍കിയത്.
ലോകത്തെ വനമേഖലയുടെ 85 ശതമാനവും സ്ഥിതി ചെയ്യുന്ന കാനഡ, ബ്രസീല്‍, റഷ്യ, ചൈന, ഇന്തോനേഷ്യ, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. സര്‍ക്കാറുകളുടെയും സ്വകാര്യ കമ്പനികളുടെയും സഹായത്തോടെ വനവല്‍കരണത്തിനായി 14 ബില്യണ്‍ ഡോളര്‍ വിനിയോഗിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. ഈ തുക വികസ്വര രാജ്യങ്ങളില്‍ വനവല്‍കരണം, മണ്ണിനുണ്ടാവുന്ന കേടുപാട് പരിഹരിക്കല്‍, കാട്ടുതീ തടയല്‍, ആദിമനിവാസികളുടെ സംരക്ഷണം എന്നിവയ്ക്കായി വിനിയോഗിക്കും.
പാമോയില്‍, സോയ, കൊക്കോ തുടങ്ങിയ കൃഷികള്‍ക്കായി വ്യാപകമായി വനംനശിപ്പിക്കുന്നത് തടയുമെന്ന് 28 രാജ്യങ്ങള്‍ പങ്കാളികളായ മറെറാരു കരാറില്‍ വ്യക്തമാക്കി. വനനശീകരണം ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതിന് ലോകത്തെ പ്രധാനപ്പെട്ട 30 കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ നിത്യഹരിത വനങ്ങളായ കോംഗോ ബേസിന്‍ സംരക്ഷിക്കുന്നതിനായി 1.1 ബില്യന്‍ ഡോളര്‍ വിനിയോഗിക്കാനും തീരുമാനമായി.
വനനശീകരണം ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ച് തീരുമാനമെടുത്തതും അതിനായി ഫണ്ട് ഉറപ്പാക്കിയതും സുപ്രധാന ചുവടുവെപ്പാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ വാഗദാനങ്ങള്‍ എത്രമാത്രം നടപ്പാകുമെന്ന കാര്യത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. 2014-ല്‍ ലോകരാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പലതും ഇനിയും നടപ്പാക്കിയിട്ടില്ല എന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ബണ്‍ ഡേയാക്‌സൈഡിന്റെ ആഗോള പുറന്തള്ളല്‍ ഈ പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഏഴ് ശതമാനമായി കുറയ്ക്കുക, 1.5 ഡ്രിഗ്രീ സെല്‍ഷ്യസില്‍ ആഗോള താപനം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉച്ചകോടി മുന്നോട്ട് വെക്കുന്നത്. 2050 ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് കൂടതല്‍ രാജ്യങ്ങളെ എത്തിക്കുകയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. അന്തരീക്ഷത്തില്‍ ബഹിര്‍ഗമിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അളവ് ഏതാണ്ട് തുല്യമാവുന്നതിനെയാണ് നെറ്റ് സീറോ എന്ന് പറയുന്നത്. കല്‍ക്കരി ഉപയോഗം കുറക്കുക, മീഥൈന്‍ വാതകത്തിന്റെ ബഹിര്‍ഗമനം ഇല്ലാതാക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പാരിസ്ഥിതികമായി നേരിടുക, ദരിദ്രരാജ്യങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള ധനസഹാലയം ലഭ്യമാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളും ഈ ഉച്ചകോടിക്കുണ്ട്.