ഫൈവ് ജി ഇന്റര്‍നെറ്റും കൊറോണ വൈറസും തമ്മിലെന്ത്?

By Web TeamFirst Published Apr 2, 2020, 3:59 PM IST
Highlights

കേരളത്തിലെ മിടുക്കന്‍മാര്‍ പോലും ഇത്തരം തിയറികള്‍ ഉണ്ടാക്കി ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവയ്ക്കുന്നുണ്ട്. മിക്കപ്പോഴും നാസയുടേയും യൂറോപ്യന്‍ സ്പെയിസ് ഏജന്‍സിയുടേയുമെല്ലാം ചെലവിലായിരിക്കും അവ നമ്മെത്തേടിയെത്തുക. ടി അരുണ്‍കുമാര്‍ എഴുതുന്നു

അങ്ങേയറ്റം രസകരമായ മറ്റൊരു തിയറി പറയുന്നത് ഫൈവ് -ജി ഇന്റര്‍നെറ്റാണ് കോറോണയ്ക്ക് പിന്നിലെന്നാണ്. അമേരിക്കന്‍ ഗായകന്‍ കെറി ഹില്‍സനുള്‍പ്പെടെ ഈ തിയറി ട്വീറ്റ് ചെയ്ത് വിട്ടവരിലുണ്ടെന്നതാണ് അത്ഭുതം. ഇത് പ്രകാരം നവംബറിലാണ് ചൈനയില്‍ കോറോണ പ്രത്യക്ഷപ്പെട്ടത്. ചൈന അവരുടെ ഫൈവ്-ജി നെറ്റ്വവര്‍ക്കുകളില്‍ ചിലത് പ്രവര്‍ത്തനക്ഷമമാക്കിയതും നവംബറിലാണ്. ഫൈവ് -ജിയുടെ അതിമാരക റേഡിയോതരംഗങ്ങള്‍ രക്തത്തിലെ ഓക്സിജന്‍ ലെവലിനെ മാരകമായ വിധത്തില്‍ താഴ്ത്തുന്നതാണ് ആളുകള്‍ കൂട്ടമായി മരിക്കുന്നതിന്റെ കാരണമെന്നാണ് ഇവര്‍ സമര്‍ത്ഥിച്ചത്. എന്നാല്‍ ഫൈവ്-ജി തിയറി അധികം ചെലവായില്ല. ലോകമെമ്പാടും രോഗം പടര്‍ന്നതോടെ ഫൈവ്-ജി സിദ്ധാന്തം ഷട്ട്ഡൗണായി.

 

 

മനുഷ്യനുള്ള കാലം മുതല്‍ തന്നെ അപവാദപ്രവചരണവുമുണ്ടെന്നാണ് ഹരാരി (Yuval Noah Harari) പോലും പറയുന്നത്. മനുഷ്യനെ സമൂഹജീവിയാക്കുന്ന ഘടകങ്ങളിലൊന്ന് ഗോസിപ്പ് പറയാനും കേള്‍ക്കാനുമുള്ള താല്‍പര്യമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ലോകചരിത്രം പരിശോധിച്ചാല്‍ ഇപ്പറഞ്ഞതില്‍ ഇത്തിരി കാര്യവുണ്ടെന്ന് മനസ്സിലാവും. ലോകചരിത്രത്തിലെ നാഴികക്കല്ലുകള്‍ക്കൊപ്പം ഹോക്സുകളും കോണ്‍സ്പിരസി തിയറികളും ഉണ്ട്. അതിലേക്ക് കടക്കും മുമ്പൊരു ചോദ്യമുണ്ട്: എന്താണ് ഹോക്സുകള്‍ ? എന്താണ് കോണ്‍സ്പിരസി തിയറികള്‍?

ഹോക്സ് ( Hoax ) എന്ന ഇംഗ്ളീഷ് വാക്കിനര്‍ത്ഥം കെട്ടിച്ചമച്ചത്, തട്ടിപ്പ് എന്നൊക്കെയാണ്. ലോക-മനുഷ്യചരിത്രവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പ്രധാനസംഭവങ്ങളൊക്കെ ഹോക്സുകളാണെന്ന് കരുതുന്ന മനുഷ്യരും ഇത് പ്രചരിപ്പിക്കുന്ന കൂട്ടായ്മകളുമുണ്ട്. മനുഷ്യന്‍ എന്ത് കൊണ്ട് ഇത് ചെയ്യുന്നു എന്നതിന് സെല്‍ഫ് ഈഗോ മുതല്‍ സോഷ്യല്‍ ഇന്‍സെക്യൂരിറ്റി വരെ ഉള്‍പ്പെടുന്ന നിരവധി കാര്യങ്ങള്‍ സാമൂഹ്യമന:ശാസ്ത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. അത് നമ്മുടെ വിഷയമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല. നമുക്ക് ഒരു ഹോക്സ് എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ഉദാഹരണത്തിന് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായ ചന്ദ്രായനം എടുക്കുക. ജൂലായ് 20, 1969-ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ഇതൊരു ഹോക്സ് , അതായത് അമേരിക്കന്‍ തട്ടിപ്പാണെന്നും വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തില്‍ മേല്‍ക്കൈ നേടാനുള്ള അമേരിക്കന്‍ ഗൂഢാലോചനയാണ് ചാന്ദ്രയാത്രാക്കഥ സൃഷ്ടിക്കുന്നതിന് കാരണമായതെന്നാണ് ഇവര്‍ പറയുന്നത്. വിഖ്യാതസംവിധായകന്‍ സ്റ്റാന്‍ലി ക്രുബ്രിക് സ്റ്റുഡിയോയില്‍ സംവിധാനം ചെയ്തെടുത്ത രംഗങ്ങളാണ് ചന്ദ്രയാത്രയുടേതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ചന്ദ്രയാത്ര തട്ടിപ്പാണ് എന്ന് പറയുന്നത് മറ്റൊരു ഹോക്സ് അഥവാ തട്ടിപ്പാണെന്നും അതിന് പിന്നില്‍ പലതരം കോണ്‍സ്പിരസി ഉണ്ടെന്ന് വാദിക്കുന്നവരും മറുവശത്തുണ്ട്. ലോകത്തുണ്ടാവുന്ന പ്രധാനസംഭവങ്ങളുടെയെല്ലാം നമ്മളറിയാത്ത മറ്റൊരുദ്ദേശം ഉണ്ടെന്നും, അതൊരു ഗൂഢാലോചന ആവാമെന്നും വിശ്വസിക്കുന്ന കോണ്‍സ്പിരസി തിയറിക്കാരുടെ ഏറ്റവും പ്രശസ്തമായൊരു വിശ്വാസം അടുത്തിടെ ഒരു സിനിമയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരുന്നതോര്‍ക്കുക- ഇലുമിനാറ്റി.

കോറോണ ഹോക്സുകള്‍
കോറോണ ഒരു ഹോക്സ് ആണെന്ന് വിശ്വസിക്കുന്നതിനേക്കാളേറെ കോറോണയുമായി ബന്ധപ്പെട്ട ഹോക്സുകള്‍, തട്ടിപ്പുകഥകള്‍ വിശ്വസിക്കുന്നവരാണ് ഏറെയും. കോറോണ ഒരു ഗൂഢാലോചനയെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാട്. പലരും പലതാണ് പറയുന്നത് എന്ന് മാത്രം.

യു.എസ് കോറോണയെ ആദ്യമേ തന്നെ ചൈനീസ് വൈറസെന്ന് വിളിച്ച് കോണ്‍സ്പിരസി തിയറിക്കാര്‍ക്ക് ഊര്‍ജ്ജം നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈനികരാണ് ചൈനയിലേക്ക് വൈറസിനെ കൊണ്ടുവന്നതെന്ന് ചൈന ഔദ്യോഗികമായി പറയുകയും ചെയ്തു. ഇത് ലോകമെമ്പാടും ഗൂഢാലോചനസിദ്ധാന്തക്കാരുടെ ഭാവനയ്ക്ക് മരുന്നായി.

കോറോണ ഒരു ജൈവായുധമാണ് അതായത് അത് ദുരുദ്ദേശപരമായിത്തന്നെ മനുഷ്യനിര്‍മ്മിതമാണ് എന്ന സിദ്ധാന്തത്തിനാണ് നിലവില്‍ ഏറ്റവും പ്രശസ്തിയുള്ളത്. ആളുകള്‍ ഇതില്‍ ആകൃഷ്ടരാവാന്‍ നിരവധി കാരണങ്ങളുണ്ട്. ഭാവിയിലെ യുദ്ധം ജൈവായുധങ്ങളുടെയും രാസായുധങ്ങളുടെയും ഓണ്‍ലൈന്‍ വൈറസുകളുടേതും ഒക്കെ ആയിരിക്കുമെന്ന ചര്‍ച്ചകള്‍ പണ്ടേ തന്നെ വായുവിലുണ്ട്. കോറോണ അതിലേക്ക് കൃത്യമായി നിപതിക്കുകയായിരുന്നു. ചൈന-യുഎസ് സാമ്പത്തികധ്രുവീകരണം ലോകത്ത് നിലനിന്നതും വ്യാപാരയുദ്ധം നീണ്ടുനിന്ന സാഹചര്യവും അതിന് ഉത്പ്രേരകമായി. ആര് ആര്‍ക്കെതിരെ പ്രയോഗിച്ചു എന്ന കാര്യത്തിലേ നിലവില്‍ തര്‍ക്കമുള്ളൂ. ചൈന വിപണിയിലെ കുത്തക പിടിച്ചുപറ്റാന്‍ ചെയ്തു എന്ന സിദ്ധാന്തമാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. രോഗത്തില്‍ നിന്ന് ചൈന എളുപ്പം സ്വതന്ത്രമായത് ചൂണ്ടിക്കാട്ടി ഈ തിയറി ഇപ്പോഴും മുന്നേറുന്നുണ്ട്. നിലവില്‍ ചൈന മറ്റ് രാജ്യങ്ങളിലേക്ക് ആരോഗ്യരക്ഷാഉപകരണങ്ങള്‍ കയറ്റി അയക്കാന്‍ തുടങ്ങിയത് ഈ സിദ്ധാന്തം ചമച്ചവരെ ആഹ്ളാദിപ്പിക്കുന്ന ഘടകമാണ്.

എന്നാല്‍ യു.എസ് ചൈനക്കെതിരെ സാമ്പത്തികതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്തതാണെന്ന തിയറി അമേരിക്ക കോറോണയുടെ പിടിയില്‍ ദയനീയമായി അകപ്പെട്ട ചിത്രത്തിന് മുന്നില്‍ ദുര്‍ബലമായിപ്പോവുകയായിരുന്നു.


ഫൈവ് ജി ഇന്റര്‍നെറ്റ്

അങ്ങേയറ്റം രസകരമായ മറ്റൊരു തിയറി പറയുന്നത് ഫൈവ് -ജി ഇന്റര്‍നെറ്റാണ് കോറോണയ്ക്ക് പിന്നിലെന്നാണ്. അമേരിക്കന്‍ ഗായകന്‍ കെറി ഹില്‍സനുള്‍പ്പെടെ ഈ തിയറി ട്വീറ്റ് ചെയ്ത് വിട്ടവരിലുണ്ടെന്നതാണ് അത്ഭുതം. ഇത് പ്രകാരം നവംബറിലാണ് ചൈനയില്‍ കോറോണ പ്രത്യക്ഷപ്പെട്ടത്. ചൈന അവരുടെ ഫൈവ്-ജി നെറ്റ്വവര്‍ക്കുകളില്‍ ചിലത് പ്രവര്‍ത്തനക്ഷമമാക്കിയതും നവംബറിലാണ്. ഫൈവ് -ജിയുടെ അതിമാരക റേഡിയോതരംഗങ്ങള്‍ രക്തത്തിലെ ഓക്സിജന്‍ ലെവലിനെ മാരകമായ വിധത്തില്‍ താഴ്ത്തുന്നതാണ് ആളുകള്‍ കൂട്ടമായി മരിക്കുന്നതിന്റെ കാരണമെന്നാണ് ഇവര്‍ സമര്‍ത്ഥിച്ചത്. എന്നാല്‍ ഫൈവ്-ജി തിയറി അധികം ചെലവായില്ല. ലോകമെമ്പാടും രോഗം പടര്‍ന്നതോടെ ഫൈവ്-ജി സിദ്ധാന്തം ഷട്ട്ഡൗണായി.

പ്രവചനസിദ്ധാന്തക്കാരും കോറോണയില്‍ പറ്റിക്കൂടിയിട്ടുണ്ട്. ലോകത്ത് നടക്കുന്ന പ്രധാനസംഭവങ്ങളെല്ലാം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതാണെന്ന് സമര്‍ത്ഥിച്ച് ആനന്ദമടയുന്ന ഒരു പ്രത്യേകവിഭാഗമാണ് ഇക്കൂട്ടര്‍. സാധാരണ നോസ്ട്രദാമസിന്റെ പ്രവാചകപുസ്തകമാണ് ഇവരുടെ ഇരയെങ്കിലും ഇക്കുറി ഒരാധുനികനോവലിലാണ് ഇവര്‍ കയറിപ്പിടിച്ചത്. ഡീന്‍കൂന്റ്സ് എഴുതി 1981-ല്‍ പ്രസിദ്ധീകരിച്ച ദി ഐസ് ഓഫ് ദി ഡാര്‍ക്ക്നെസ് എന്ന നോവലില്‍ കോറോണ ഔട്ട് ബ്രേക്ക് പ്രവചിക്കുന്നുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ തിയറി കേരളത്തിലുള്‍പ്പെടെ ഫേസ്ബുക്ക്-വാട്ട്സപ്പിലും നന്നായി ഓടിയതാണ്.

പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി ഹോക്സ്-കോണ്‍സ്പിരസി തിയറികള്‍ ഇന്ന് ഐ.ടി വിപ്ളവത്തിന്റെ കൂടി ഗുണഭോക്താക്കളാണ്. സത്യം ചെരിപ്പണിഞ്ഞ് വരുന്നതിന് മുമ്പ് തന്നെ നുണ നൂറ്് വട്ടം ലോകം ചുറ്റി സഞ്ചരിച്ചുകഴിഞ്ഞിരിക്കും. വുഹാന്‍ എന്ന നഗരത്തിന് പുറത്തുള്ള ഒരു ലാബില്‍ നിര്‍മ്മിക്കപ്പെട്ട വുഹാന്‍-400 എന്ന വൈറസിനെപ്പറ്റി നോവലില്‍ പരാമര്‍ശമുണ്ട്. ഇതാണ് കോറോണവൈറസ് തന്നെയാണെന്നാണ് പ്രവചനസിദ്ധാന്തക്കാര്‍ പറയുന്നത്.

രാജ്യാന്തര പ്രശ്‌നങ്ങള്‍

നിലവില്‍ കോവിഡ് ഹോക്സുകള്‍ അന്താരാഷ്ട്രതലത്തില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈജിപ്ത് ആദ്യം കോറോണയെ ഒരു ഹോക്സ് ആയി കണ്ട് പുച്ഛിച്ച് തള്ളിയ രാജ്യമായിരുന്നു. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ തുടക്കത്തിലവര്‍ക്ക് കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. യു.എസ്-ചൈന നയതന്ത്രബന്ധത്തെ ബാധിക്കും വിധം ജൈവായുധആരോപണം വളര്‍ന്നു. ഇറാനിലും ഇത്തരം തിയറികള്‍ നന്നായി വേരോടി. ഒടുവില്‍ ശാസ്ത്രവും തെറ്റിദ്ധാരണകളും തമ്മിലാണ് യുദ്ധമെന്ന് പോലും ഇറാന്‍ അധി:കൃതര്‍ക്ക് പറയേണ്ടി വന്നു. അമേരിക്കയാണ് വൈറസ് പരത്തിയതെന്ന കോണ്‍സ്പിറസി തിയറി റഷ്യാക്കാര്‍ പ്രചരിപ്പിക്കുന്നു എന്ന് അമേരിക്ക ആരോപിച്ചതാണ് മറ്റൊരു സംഗതി. തുടര്‍ന്ന് റഷ്യയ്ക്ക് ശക്തിയായി ഇത് നിഷേധിച്ച് രംഗത്ത് വരേണ്ടി വന്നു.

ഇന്ത്യയിലെ ആരോഗ്യരംഗത്തും ഇത്രയുമില്ലെങ്കിലും ചില തിയറികള്‍ പ്രശ്നം സൃഷ്ടിച്ചു. അമാവാസിയെയും വൈറസിനെയും ബന്ധപ്പെടുത്തി അമിതാഭ്ബച്ചന്‍ ട്വീറ്റ് ചെയ്തതും വെയിലത്ത് നിന്നാല്‍ വൈറസ് നശിക്കുമെന്ന പ്രചരണവുമൊക്കെ ഇത്തരം തിയറികള്‍ സാധാരണക്കാരെയയും പ്രശസ്തരെയുമെല്ലാം ഒരുപോലെ സ്വാധീനിക്കുമെന്നതിന് തെളിവാണ്. ഇതെഴുതുമ്പോഴും പുതിയ തരം കോറോണാഹോക്സുകള്‍ വൈറസോളം തന്നെ ശക്തിയില്‍ പടര്‍ന്നുപിടിക്കുന്നുമുണ്ട്.  

ഇത് കോറോണ സംബന്ധിച്ചുണ്ടായതില്‍ പ്രാമുഖ്യം ലഭിച്ച തിയറികള്‍ മാത്രമാണ്. വിസ്താരഭയത്താല്‍ മറ്റുള്ളവയിലേക്ക് കടക്കുന്നുമില്ല.

കേരളത്തിലെ മിടുക്കന്‍മാര്‍ പോലും ഇത്തരം തിയറികള്‍ ഉണ്ടാക്കി ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവയ്ക്കുന്നുണ്ട്. മിക്കപ്പോഴും നാസയുടേയും യൂറോപ്യന്‍ സ്പെയിസ് ഏജന്‍സിയുടേയുമെല്ലാം ചെലവിലായിരിക്കും അവ നമ്മെത്തേടിയെത്തുക. ലോകത്തിന്റെ കോണുകളിലിരുന്ന് ഇതു പോലെ പലരും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ പലതും എഴുതി മൊബൈല്‍ ഫോണുകളിലൂടെ ലോകത്തിലേക്ക് പറത്തി വിടുന്നുണ്ട്. സത്യത്തില്‍ മൊബൈലുകളില്‍ നിന്ന് മനുഷ്യന്റെ തലച്ചോറിലേക്ക് പകരുന്ന വൈറസുകളാണ് ഭൂരിഭാഗം ഹോക്സുകളും തിയറികളും. വസ്തുതകളാണ് അവയ്ക്കുള്ള പ്രതിരോധവാക്സിന്‍ എന്ന് മാത്രം അറിയുക.

click me!