
സ്കൈഡൈവിംഗിൽ നല്ല പരിചയസമ്പത്തുള്ള ആളാണ് 32 -കാരിയായ സ്കൈഡൈവർ ജേഡ് ഡമറെൽ. എന്നാൽ, ഏപ്രിൽ 27 -ന് സ്കൈഡൈവിംഗിനിടെ ഉണ്ടായ ഒരു അപകടത്തിൽ അവർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഡർഹാമിലെ ഷോട്ടൺ കോളിയറിയിലെ ഒരു പ്രദേശത്തേക്ക് 15,500 അടി മുകളിൽ നിന്നും വീഴുകയായിരുന്നു അവർ. മാരകമായ പരിക്കുകളെ തുടർന്ന് ജേഡിന് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയായിരുന്നു. ഇപ്പോഴിതാ ജേഡിന്റെ ജീവൻ നഷ്ടപ്പെട്ട അപകടം അവർ മനപ്പൂർവം സൃഷ്ടിച്ചതാണ് എന്നാണ് അന്വേഷണം നടത്തിയ ലെസ്ലി ഹാമിൽട്ടൺ പറയുന്നത്.
വെയിൽസിലെ കേർഫില്ലിയിൽ നിന്നുള്ളയാളാണ് ജേഡ്. ദി ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം, തന്റെ സ്കൈ ഡൈവിംഗ് കരിയറിൽ 500 -ലധികം ജമ്പുകളിൽ പങ്കെടുത്ത ആളാണ് ജേഡ്. മാത്രമല്ല, മരണത്തിന് തലേദിവസം തന്നെ ആറ് ഡൈവുകൾ അവർ പൂർത്തിയാക്കിയിരുന്നു.
അവസാനത്തെ ജമ്പിന് തലേദിവസമാണ് ജേഡിന്റെ പ്രണയബന്ധം അവസാനിക്കുന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും വാടകയ്ക്കെടുത്ത സ്ഥലത്ത് ഒരുമിച്ചായിരുന്നു താമസമെന്നും റിപ്പോർട്ടുകൾ പറയുന്നു. പരസ്പരം പിരിഞ്ഞിരിക്കാൻ കൂട്ടാക്കാത്തവരായിരുന്നു അവർ ഇരുവരും. എപ്പോഴും ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു എന്നാണ് ഇവരുടെ സുഹൃത്ത് പറയുന്നത്.
അവസാനത്തെ ഡൈവിംഗിനിടെ, അവൾ തന്റെ മെയിൻ പാരച്യൂട്ട് നിവർത്താതെ വയ്ക്കുകയായിരുന്നു. സാധാരണയായി 5,000 അടി ഉയരത്തിൽ എത്തുമ്പോൾ തുറക്കേണ്ടിയിരുന്നതാണ്. എന്നാൽ, അത് തുറക്കാനുള്ള ബാക്കപ്പ് ഡിവൈസ് അവൾ ഓഫ് ചെയ്തിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഈ ഉപകരണങ്ങളെല്ലാം തന്നെ നന്നായി പ്രവർത്തിക്കുന്നവയായിരുന്നു എന്നും അത് മനപ്പൂർവം ഓഫ് ചെയ്തിരിക്കുകയായിരുന്നു എന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സാധാരണയായി സ്കൈഡൈവിംഗിനിടെ ജേഡ് ക്യാമറ ഓണാക്കാറുണ്ടായിരുന്നെങ്കിലും അന്ന് അതും ഓഫ് ചെയ്ത നിലയിലായിരുന്നു. തന്റെ മരണശേഷം ഫോണിൽ നിന്ന് വിവരങ്ങൾ എങ്ങനെ എടുക്കാമെന്ന് അവൾ നിർദ്ദേശങ്ങൾ നൽകിയിരുന്നതായി ഡർഹാം പൊലീസിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ സ്റ്റീഫൻസൺ പറഞ്ഞു. ഒപ്പം വീട്ടുകാരോട് തന്നെ പിന്തുണച്ചതിന് നന്ദി പറയുന്ന നോട്ടും ഫോണിൽ കണ്ടെടുത്തു. അതിൽ അവൾ വീട്ടുകാരോട് മാപ്പ് പറയുന്നുമുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. അത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)