
കനത്ത മഴയെ തുടർന്ന് ഗുഡ്ഗാവിൽ വെള്ളം കയറിയതിന്റെയും ജനജീവിതം ബുദ്ധിമുട്ടിലായതിന്റേയും അനേകം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസം റഷ്യയിൽ നിന്നുള്ള, ഗുഡ്ഗാവിൽ താമസിക്കുന്ന ഒരു യുവതി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ ഷെയർ ചെയ്യുകയുണ്ടായി. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒറ്റയടിക്ക് എങ്ങനെയാണ് ഗുഡ്ഗാവ് വെനീസ് ആയി മാറുന്നത് എന്നാണ് യുവതി വീഡിയോയിൽ കാണിച്ച് തരുന്നത്.
എലിസ യുയീ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് യുവതി ഗുഡ്ഗാവിലെ തന്റെ താമസസ്ഥലത്ത് നിൽക്കുന്നതാണ്. വീഡിയോയിൽ കുറിച്ചിരിക്കുന്നത്, 'ഞാൻ ഗുഡ്ഗാവിലാണ് ഉള്ളത്, പ്രപഞ്ചമേ, ദയവായി എന്നെ വെനീസിലേക്ക് കൊണ്ടുപോകൂ' എന്നാണ്. ശേഷം മഴയ്ക്ക് മുമ്പും മഴയ്ക്ക് ശേഷവും ഉള്ള ദൃശ്യമാണ് കാണുന്നത്. ആദ്യം തെളിഞ്ഞ വെള്ളമൊന്നുമില്ലാത്ത റോഡ് വീഡിയോയിൽ കാണാം. എലിസ കൈഞൊടിക്കുന്നതും കാണാം. പിന്നാലെ ദൃശ്യമാകുന്നത് മഴ പെയ്ത് ചുറ്റിനും വെള്ളം കയറിയിരിക്കുന്നതാണ്.
'അടുത്ത തവണ താൻ പാരീസിലേക്ക് പോകാനാണ് ആവശ്യപ്പെടുക' എന്നാണ് എലിസ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 2.2 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധിപ്പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
'മെട്രോയുടെയും വെനീസിന്റെയും വൈബ് ഒരേ സമയം നിങ്ങൾക്ക് നൽകാൻ ഗുഡ്ഗാവിന് മാത്രമേ കഴിയൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഞാനിവിടെ വർഷങ്ങളോളം കഴിഞ്ഞ ഒരാളാണ്, അവിടെ ഒന്നും മാറിയിട്ടില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'നിങ്ങൾക്ക് വെനീസെങ്കിലും കിട്ടിയല്ലോ ഞങ്ങൾക്ക് മഴ പെയ്യുമ്പോൾ കിട്ടുന്നത് കുറേ കുഴികൾ മാത്രമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.