
കാറുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ പ്രൊഫസർ ദമ്പതികൾക്ക് ക്രൂര മർദ്ദനം. ഭാര്യയെ കൊണ്ട് അക്രമിയുടെ കാലും പിടിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഖണ്ട്വയിലെ മൊഗട്ട് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ലാൽ ചൗക്കിന് സമീപത്താണ് സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെയുള്ള സൂപ്പർ മാർക്കറ്റിനകത്തെ സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സംഘം ഇതോടെ പ്രകോപിതരായി. ഇവർ ദമ്പതികളെ ചീത്ത വിളിക്കാനും അക്രമിക്കാനും തുടങ്ങി. ഇതിൽ നിന്നും രക്ഷ നേടാനായി ഭാര്യയും ഭർത്താവും സമീപത്തുണ്ടായിരുന്ന സൂപ്പർ മാർക്കറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ, കാറിലുണ്ടായിരുന്ന സംഘം അവരെ പിന്തുടർന്ന് സൂപ്പർ മാർക്കറ്റിലേക്കും എത്തി.
വീഡിയോയിൽ, ആദ്യം ദമ്പതികൾ സൂപ്പർമാർക്കറ്റിലേക്ക് കയറി നിൽക്കുന്നത് കാണാം. ഭാര്യ ഭർത്താവിനെ മറച്ചാണ് നിൽക്കുന്നത്. അവർ ആരെയോ ഫോണും ചെയ്യുന്നുണ്ട്. പിന്നാലെ കുറച്ച് പേർ അങ്ങോട്ട് വരുന്നുണ്ട്. ശേഷം ഒരാൾ കൂടി അങ്ങോട്ട് വരുന്നത് കാണാം. അയാളെ ആരോ തടയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അയാൾ നേരെ അകത്തേക്ക് വന്ന് സ്ത്രീയെ കടന്നു പിടിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഭർത്താവിനെ അക്രമിയിൽ നിന്നും രക്ഷിക്കാനായി അവർ അക്രമിയുടെ കാൽ വരെ തൊടാൻ നിർബന്ധിക്കപ്പെട്ടു എന്ന് റിപ്പോർട്ടുകളും പറയുന്നു. ഇതിന്റെ അങ്ങേയറ്റം അസ്വസ്ഥാജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
വലിയ പ്രതിഷേധമാണ് വീഡിയോ വൈറലായതോടെ സംഭവത്തിലുണ്ടായിരിക്കുന്നത്. എത്രയും പെട്ടെന്ന് അക്രമികളെ കണ്ടെത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും അനേകം പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: