
130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി. അവിടെ നമ്മെക്കാത്ത് നമുക്കൊരു പരിചയവുമില്ലാത്ത ഒരാളെഴുതിയ കത്ത്. ആ കത്തിൽ അതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ആ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ. എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു അനുഭവമാണ് കോട്നിക്കും മാറ്റിനും ഉണ്ടായത്. വൈറലായിരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയിലാണ് കോട്നി തങ്ങൾക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. 'വാങ്ങുന്നയാൾക്ക്' (Purchaser) എന്ന് മാത്രമാണ് ആ കത്തിന് മുകളിൽ എഴുതിയിരുന്നത്. കാനഡയിൽ താമസിക്കുന്ന ഒരാളാണ് ആ കത്ത് എഴുതിയത് എന്ന് കരുതുന്നതായും കോട്‍നി പറയുന്നു.
ഇവർ വാങ്ങിയിരിക്കുന്ന വീടിന്റെ ഉടമകളായിരുന്ന മാഡിസൺ കുടുംബത്തിലെ ഏറ്റവും ഒടുവിലത്തെ ആളാണ് താൻ എന്നും കത്തിൽ പറഞ്ഞിരുന്നു. വീട് മുമ്പ് തന്റെ കുടുംബത്തിന്റേതായിരുന്നുവെന്നും അവിടെയാണ് തന്റെ കുട്ടിക്കാലം താൻ ചെലവഴിച്ചതെന്നും കത്തിൽ പറഞ്ഞിരുന്നു. എന്തിനാണ് ആ കത്ത് എഴുതിയത് എന്ന കാര്യവും വ്യക്തമാക്കിയിരുന്നു. അതിൽ പറയുന്നത് ഈ വീട് വാങ്ങുന്നവരെ വീട്ടിലുള്ള രഹസ്യ മുറികളെക്കുറിച്ചും വീട് വാങ്ങുമ്പോൾ അവരുമായി പങ്കുവെച്ചിട്ടില്ലാത്ത മറ്റ് വിവരങ്ങളെക്കുറിച്ചും അറിയിക്കാൻ താൻ ആഗ്രഹിക്കുന്നു അതിനായിട്ടാണ് ഈ കത്ത് എന്നാണ്.
കോട്നി പങ്കുവച്ച, വീട്ടിലെ നിഗൂഢമായ ഇടങ്ങൾ കാണിച്ചുതരുന്ന ടിക്ടോക്ക് വീഡിയോ 1.5 മില്ല്യൺ പേരാണ് കണ്ടിരിക്കുന്നത്. വീഡിയോയിൽ, കോട്നിയും മാറ്റും ചേർന്ന് ഈ വിശാലമായ, വിക്ടോറിയൻ ശൈലിയിലുള്ള വീട് കാണിച്ചുതരുന്നത് കാണാം. എന്നാൽ, ഈ വീട് എവിടെയാണ് എന്നതിനെ കുറിച്ച് കോട്നി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കത്തിൽ പറഞ്ഞിരിക്കുന്ന ക്ലൂ പിന്തുടർന്ന് വീട്ടിൽ മറഞ്ഞിരിക്കുന്ന, അതുവരെ കണ്ടിട്ടില്ലാത്ത ഓരോ ഇടങ്ങളും ദമ്പതികൾ കണ്ടുപിടിക്കുകയായിരുന്നു.
അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫയർപ്ലേസിന് പിന്നിൽ ഒരു ഗ്ലാസ് പാനൽ വച്ച് മറച്ചുവച്ച നിലയിൽ കണ്ടെത്തിയ വൈൻ കാബിനെറ്റ്. കാബിനറ്റിനുള്ളിൽ പഴയതും പൊടിപിടിച്ചതുമായ വൈൻ കുപ്പികളും ഉണ്ടായിരുന്നു. അവയിൽ തുറന്നിട്ട് പോലുമില്ലാത്ത 1970 -ലെ ഫ്രഞ്ച് റോസ് വൈനും 1989 -ലെ കാബർനെറ്റ് സോവിഗ്നണും ഉൾപ്പെടുന്നു. ഇതിന് പുറമെ ബാത്ത്റൂമിനകത്ത് ഒരു കുഞ്ഞുരഹസ്യ അറ, മറ്റൊരു മുറിയോട് ചേർന്നിട്ടുള്ള ഇത്തിരി വലിയ രഹസ്യ അറ എന്നിവയും കണ്ടെത്തി. ബാത്ത്റൂമിലുള്ള ചെറിയ അറ തന്നെ ഭയപ്പെടുത്തി എന്നാണ് കോട്നി പറയുന്നത്. എന്തായാലും, 130 വർഷം പഴക്കമുള്ള ഈ വീട് സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാരെ ആകർഷിച്ചു. എന്നാൽ, അതേസമയം ഇത് സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിക്കാനുണ്ടാക്കിയ കള്ളക്കഥയല്ലേ എന്ന് ചോദിച്ചവരുമുണ്ട്.