ഇന്റേൺഷിപ്പിന് പോയാൽ പൈസ കിട്ടില്ല, ഡെലിവറി ഡ്രൈവറായി കോളേജ് വിദ്യാർത്ഥി, ശ്രദ്ധേയമായി പോസ്റ്റ്

Published : Jan 16, 2026, 05:48 PM IST
 delivery rider

Synopsis

ശമ്പളം ലഭിക്കാത്തതിനാൽ ഇന്റേൺഷിപ്പിന് പകരം സെപ്റ്റോ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന കോളേജ് വിദ്യാർത്ഥിയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ചർച്ചയാകുന്നത്. 

ഏതെങ്കിലും കോർപറേറ്റ് സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് പകരം സെപ്റ്റോ ഡെലിവറി ഏജന്റായി ജോലി ചെയ്യാനിറങ്ങിയ ഒരു കോളേജ് വിദ്യാർത്ഥിയെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ ധാരാളമാണെങ്കിലും ശമ്പളം കിട്ടുന്ന അവസരങ്ങൾ വളരെ കുറവായതിനാലാണ് വിദ്യാർത്ഥികൾക്കും പഠനം കഴിഞ്ഞിറങ്ങുന്നവർക്കും ഇത്തരത്തിലുള്ള മറ്റ് ജോലികൾ നോക്കേണ്ടി വരുന്നത്. ഈ വിഷയത്തിൽ വലിയ ചർച്ച നടക്കാൻ പോസ്റ്റ് കാരണമായി തീർന്നിരിക്കയാണ്. അതുപോലെ തന്നെ ‍ഡെലിവറി ഏജന്റുമാരെ പോലെയുള്ള ജോലികളിൽ തൊഴിൽ സാധ്യത കൂടുന്നതിനെ കുറിച്ചും പോസ്റ്റിന് പിന്നാലെ ചർച്ചയായി.

'എന്റെ സുഹൃത്തിന്റെ ഇളയ സഹോദരനെ കണ്ടു. അവൻ ബിരുദത്തിന് പഠിക്കുകയാണ്. കോളേജ് കഴിഞ്ഞുള്ള നേരങ്ങളിൽ അവൻ സെപ്റ്റോയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നു. ബാഗുകളുമായി പോകുന്നു. ഓർഡറുകൾ എത്തിക്കുന്നു. പോക്കറ്റ് മണി സമ്പാദിക്കുന്നു' എന്നാണ് സ്വപ്‌നിൽ കൊമ്മാവർ എന്ന യൂസർ എക്‌സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്. 'എന്തുകൊണ്ട് ഇന്റേൺഷിപ്പിനൊന്നും ശ്രമിക്കുന്നില്ല' എന്ന് സ്വപ്നിൽ അവനോട് ചോദിക്കുകയും ചെയ്തുവത്രെ. 'ഇന്റേൺഷിപ്പ് കണ്ടെത്തുന്നത് എളുപ്പമാണ്, എന്നാൽ, കാശ് കിട്ടുന്ന ഇന്റേൺഷിപ്പ് കണ്ടെത്തുക പ്രയാസമാണ്' എന്നായിരുന്നു അവന്റെ മറുപടി.

 

 

'കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി അവൻ അതെങ്കിലും ചെയ്യുന്നു. വലിയ തുക കിട്ടുന്നുണ്ടായിരിക്കില്ല. വലിയ ശമ്പളമായിരിക്കില്ല. പക്ഷേ, വലിയ ഒരു പാഠമാണിത്' എന്നാണ് സ്വപ്നിൽ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലരൊക്കെ പറഞ്ഞത്, ഇന്റേൺഷിപ്പ് എന്നാൽ അവരുടെ കഴിവ് വളർത്താനുള്ള ഒരു അവസരമാണ്, അവിടെ പണം നോക്കരുത് എന്നാണ്. എന്നാൽ, അതേസമയം തന്നെ പണം നോക്കാതെയിരുന്നാൽ എങ്ങനെ അവരുടെ ചിലവുകൾ കഴിഞ്ഞുപോകും എന്ന് കമന്റ് നൽകിയവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിമാനയാത്രയ്ക്കിടെ ഭയന്നു നിലവിളിച്ച് യുവതി, ഇത് വെറും അഭിനയമോ അതോ ആ പഴയ നടുക്കുന്ന ഓര്‍മ്മയുടെ ബാക്കിയോ?
ഈ സ്വർണവള കൊള്ളാമല്ലോ ഫോട്ടോയെടുത്തോട്ടെ എന്ന് യുവതി, അടുത്ത നിമിഷം ഞെട്ടിച്ച് പെൺകുട്ടിയുടെ പ്രതികരണം