
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാനിലെ പുഷ്കർ മേള വിവിധ കാരണങ്ങളാൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇവിടെ നിന്നും മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മേളയിലെത്തിയ ദമ്പതിമാർ ഒട്ടക സവാരി നടത്തുന്നതിനിടയിൽ ഒട്ടകത്തിന്റെ പുറത്തുനിന്ന് വീണ് അപകടം പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തുടനീളമുള്ള ഏറ്റവും ജനപ്രിയമായ മേളകളിൽ ഒന്നിൽ സംഭവിച്ച ഈ അപകട വീഡിയോ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങളിൽ, നിലത്ത് കിടക്കുന്ന ഒട്ടകത്തിന്റെ പുറത്ത് അതിൻറെ പരിചാരകൻ്റെ സഹായത്തോടെ ഒരു പുരുഷനും സ്ത്രീയും കയറുന്നത് കാണാം. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഒട്ടകം വേഗത്തിൽ എഴുന്നേൽക്കുന്നു. എന്നാൽ, ഈ സമയം ഒട്ടകത്തിന്റെ പുറത്തിരുന്ന ദമ്പതിമാർ അപ്രതീക്ഷിതമായി പിടുത്തം വിട്ട് താഴേക്ക് വീഴുന്നു. വീഴ്ചയിൽ ഇരുവർക്കും സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നിലത്തുവീണ സ്ത്രീ എഴുന്നേൽക്കാനാവാതെ അവിടെത്തന്നെ കിടക്കുന്നതും വീഡിയോയിൽ കാണാം.
ഒരുപക്ഷേ ആവശ്യത്തിന് ഭക്ഷണവും വെള്ളവും വിശ്രമവും നൽകാതെ ഒട്ടകത്തെ തുടർച്ചയായി ഉപയോഗിച്ചതാകാം അതിന് അസ്വസ്ഥത ഉണ്ടാകാൻ കാരണമായത് എന്ന് നിരവധി പേർ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു. ഇത്തരം മേളകളിൽ വിനോദത്തിനായി എത്തിക്കുന്ന മൃഗങ്ങൾ പീഡനത്തിന് ഇരയാകുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികൃതർ പരിശോധിച്ചുറപ്പാക്കണം എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം അത് മൃഗങ്ങൾക്കും അവയുമായി അടുത്തിടപഴകുന്ന മനുഷ്യർക്കും ഒരുപോലെ അപകടം വരുത്തിവെക്കുമെന്നും ആളുകൾ പറഞ്ഞു.
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദമ്പതികൾ വീണുപോയതിനുശേഷം അവരെ സഹായിക്കുന്നതിന് പകരം സംഭവസ്ഥലത്ത് കാഴ്ചക്കാർ ആ കാഴ്ച കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം അവരുടെ പെരുമാറ്റത്തെ വിമർശിച്ചു. കൂടാതെ ഒട്ടകത്തിന്റെ പരിചാരകനായി ഉണ്ടായിരുന്ന വ്യക്തി ഈ സംഭവത്തെ തീർത്തും അവഗണിച്ച് ഒന്നും സംഭവിക്കാത്തത് പോലെ നിന്നതും നെറ്റിസൺസിനിടയിൽ വിമർശനത്തിന് കാരണമായി.