വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ, അതീവ ദയനീയാവസ്ഥയിൽ 150 പൂച്ചകളും

By Web TeamFirst Published Feb 4, 2023, 12:00 PM IST
Highlights

വീട്ടില്‍ എങ്ങും പൂച്ചകളായിരുന്നു. പട്ടിണിയായിരുന്ന അവ പലയിടത്തും തളര്‍ന്നിരിക്കുകയും ഭക്ഷണം തേടി അലയുകയും ചെയ്യുകയായിരുന്നു.

ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. ഒപ്പം 150 പൂച്ചകള്‍ വീട്ടില്‍ വളരെ വൃത്തിഹീനവും ദയനീയവുമായ അവസ്ഥയിൽ പട്ടിണിയില്‍ കഴിയുന്നതായും കണ്ടെത്തി. വളരെ വൃത്തിഹീനമായ രീതിയിലാണ് പൂച്ചകള്‍ കഴിഞ്ഞിരുന്നത്. പൊലീസ് എത്തുമ്പോള്‍ വീട്ടില്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു എന്ന് SPCA (Society for the Prevention of Cruelty to Animals) വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. 

തങ്ങള്‍ ചെയ്ത ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇത് എന്നും SPCA പറയുന്നു. ന്യൂയോർക്കിലെ യോർക്ക്ടൗൺ ഹൈറ്റ്‌സിലെ കോർഡിയൽ റോഡിലാണ് പൂച്ചകളെ കണ്ടെത്തിയ വീട്. ഈ വീട്ടുകാരുടെ ഒരു ബന്ധുവാണ് ആ വീട്ടില്‍ കാര്യങ്ങള്‍ നന്നായി പോകുന്നോ എന്ന് അറിയുന്നതിനായി ഒരു പരിശോധന നടത്തണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, പൊലീസ് എത്തുമ്പോള്‍ വീട്ടില്‍ ഒരു സ്ത്രീയും പുരുഷനും മരിച്ച് കിടക്കുകയായിരുന്നു. 

വീട്ടില്‍ എങ്ങും പൂച്ചകളായിരുന്നു. പട്ടിണിയായിരുന്ന അവ പലയിടത്തും തളര്‍ന്നിരിക്കുകയും ഭക്ഷണം തേടി അലയുകയും ചെയ്യുകയായിരുന്നു. SPCA -യില്‍ നിന്നും ആളുകളെത്തി പൂച്ചകളെ രക്ഷപ്പെടുത്തിയ ശേഷമാണ് പൊലീസിന് വീട്ടില്‍ പരിശോധന നടത്താനും മൃതദേഹങ്ങള്‍ മാറ്റാനും സാധിച്ചത്. എന്നാൽ, മരണകാരണം എന്താണ് എന്നൊന്നും സ്ഥിരീകരിക്കാൻ ആ സമയം പൊലീസിന് സാധിച്ചില്ല. അതിന് വേണ്ടി ഓട്ടോപ്സി നടത്തും. സ്വാഭാവിക കാരണങ്ങളാലാണോ മരണം എന്ന് പൊലീസ് അന്വേഷിക്കും. 

ഇവിടെ ഉണ്ടായിരുന്ന പൂച്ചകളെല്ലാം വർഷങ്ങളായി അവ​ഗണന അനുഭവിക്കുന്നവയായിരുന്നു. നേരാംവണ്ണം ഭക്ഷണമോ വെള്ളമോ കിട്ടാതെ പലതിന്റെയും അവസ്ഥ വളരെ പരിതാപകരം ആയിരുന്നു. മിക്കതിനും ഉടനടി ചികിത്സ ആവശ്യമായിരുന്നു എന്നും SPCA പറഞ്ഞു. ചില പൂച്ചകൾ ​ഗർഭിണികളായിരുന്നു. ചിലവ മാറ്റുന്നതിനിടയിൽ പ്രസവിച്ചു. എന്തിരുന്നാലും ഇത്രയധികം പൂച്ചകളെ നോക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ SPCA ഇപ്പോൾ സംഭാവനകൾ തേടുകയാണ്. 

click me!