
വിവാഹ മോചനത്തിനായി ഒരേ വേഷത്തിലെത്തിയ ദമ്പതികളോട് വീണ്ടും വരാന്‍ ആവശ്യപ്പെട്ട് ജഡ്ജി. സംഭവം നടന്നത് അങ്ങ് നൈജീരിയിലാണ്. വിവാഹ മോചനത്തിനായി കേസ് നല്‍കിയതായിരുന്നു ദമ്പതികൾ (ഇരവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല). വിവാഹ മോചന കേസ് കേൾക്കാനായി കോടതി ഇരുവരെയും കോടതിയിലേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് ഒരേ തരം ഡിസൈനുള്ള വസ്ത്രങ്ങൾ ധരിച്ച് ദമ്പികൾ കോടതിയിലെത്തിയത്. ഇത് കോടതിയെ തന്നെ പുനർവിചിന്തനത്തിന് നിർബന്ധിതമാക്കിയെന്ന് റിപ്പോര്‍ട്ടുകൾ.
വിവാഹം പോലുള്ള ആഘോഷങ്ങൾക്കാണ് സാധാരണയായി ആളുകൾ ഓരേ നിറവും ഡിസൈവുമുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നത്. എന്നാല്‍, രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്ന അവസരത്തിലും ഇരുവരും ഒരേ വസ്ത്രങ്ങൾ ധരിച്ച് വന്നത് ജഡ്ജിയിലും കൗതുകമുണർത്തി. വിവാഹ മോചനത്തോടുള്ള ഇരുവരുടെയും പ്രതിബദ്ധതയെ ജഡ്ജി ചോദ്യം ചെയ്തു. പിന്നാലെ കോടതി മുറിയില്‍ ഉണ്ടായിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കോടതി കേസ് അസാധുവാണെന്നും ഇരുവരും തങ്ങളുടെ വിവാഹ മോചനത്തെ ഗൗരവമായി എടുക്കുമ്പോൾ വീണ്ടും അപേക്ഷയുമായി എത്താന്‍ ആവശ്യപ്പെട്ടു.
കോടതി വിധി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടോടെ വലിയ പ്രധാന്യം നേടി. കാഴ്ചക്കാര്‍ സംഭവത്തിൽ വിരോധാഭാസവും തമാശയും കണ്ടെത്തി. സാധാരണയായി പരസ്പരം കൂടിച്ചേരുന്ന പരിപാടികൾക്കാണ് ആളുകൾ ഓരോ നിറവും ഡിസൈനുമുള്ള വസ്ത്രങ്ങൾ ധരിക്കാറ്. എന്നാല്‍. ഇവിടെ രണ്ട് പേരും പിരിയാന്‍ തീരുമാനിച്ചിരിക്കുമ്പോഴും അവരിരുവരും ഓരേ ഡിസൈനിലും നിറത്തിന്‍റെ പാറ്റേണുമുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഇതോടെ ഇവരും വിവാഹ മോചനത്തെ ഒരു തമാശയായിട്ടാണ് കണ്ടതെന്ന് ജഡ്ജി കരുതിയെന്ന് ചിലര്‍ കുറിച്ചു. അതേസമയം വസ്ത്രം തെരഞ്ഞെടുത്തത് ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ജഡ്ജി അപ്പോൾ തന്നെ വിവാഹ മോചനം തന്നേനെയെന്ന് മറ്റ് ചിലരും എഴുതി. സംഗതി എന്തായാലും ലോകമെങ്ങുമുള്ള സമൂഹ മാധ്യമങ്ങളില്‍ സംഭവം വലിയ പ്രാധാന്യത്തോടെ പങ്കുവയ്ക്കപ്പെട്ടു. അതേസമയം സംഭവത്തിന്‍റെ നിജസ്ഥിതി പരിശോധിക്കപ്പെട്ടിട്ടില്ല. ഔദ്ധ്യോഗികമായ പ്രതികരണങ്ങളും ഈ വിഷയത്തിലുണ്ടായിട്ടില്ല.