
മരിച്ചുപോയ മകളുടെ ശവശരീരവുമായി ദമ്പതികൾ യാത്ര ചെയ്തത് മാസങ്ങൾ. ഇരുവരും വിവിധ സംസ്ഥാനങ്ങളിലൂടെ തങ്ങളുടെ മകളുടെ ശവശരീരം വച്ചിരിക്കുന്ന വാഹനവുമായി സഞ്ചരിക്കുകയായിരുന്നുവത്രെ. ഈ വിചിത്രമായ പെരുമാറ്റത്തിന് ഇരുവരും കാരണമായി പറഞ്ഞത് അത്രയും നേരം മകൾക്കൊപ്പം സമയം ചെലവഴിക്കാമല്ലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത് എന്നാണ്.
ഇതേ തുടർന്ന് മാൻഡി മില്ലർ എന്ന 33 -കാരിയേയും പങ്കാളിയായ അലക്സാണ്ടർ കുർമോയറോവ് എന്ന 28 -കാരനേയും ബുധനാഴ്ച സൗത്ത് ഡക്കോട്ടയിലെ മിച്ചലിൽ വെച്ച് അറസ്റ്റ് ചെയ്തു. ദമ്പതികൾ പെൺകുട്ടിയുടെ മൃതദേഹം വാഷിംഗ്ടൺ സ്റ്റേറ്റിൽ നിന്നും സൗത്ത് ഡെക്കോട്ടയിലെ പൈൻ റിഡ്ജ് നേറ്റീവ് അമേരിക്കൻ റിസർവേഷൻ വരെ കൊണ്ടുവരികയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഇവരുടെ ദത്തുപുത്രിയാണ് മരിച്ചത്. സപ്തംബർ പത്തിനായിരുന്നു മരണമെന്നാണ് മില്ലർ പറഞ്ഞത്. എന്നാൽ, അലക്സാണ്ടർ പറഞ്ഞത് ഇതിന് വിരുദ്ധമായിട്ടായിരുന്നു. ഹാലോവീന് തൊട്ടുപിന്നാലെയാണ് പെൺകുട്ടി മരിച്ചത് എന്നാണ് അലക്സാണ്ടർ പറഞ്ഞത്. എന്നാൽ, പെൺകുട്ടിയുടെ മരണം ഉറപ്പാക്കാൻ അവർ അവളെ ആശുപത്രിയിൽ കൊണ്ടുപോവുകയോ മരിച്ച വിവരം അധികാരികളെ അറിയിക്കുകയോ ഒന്നും ചെയ്തില്ല. അതിനുള്ള കാരണമായി ഇരുവരും പറഞ്ഞത് തങ്ങൾ അവളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, മരണവിവരം മറ്റുള്ളവരറിഞ്ഞാൽ അത് നടക്കില്ല എന്ന് ഭയന്നു എന്നാണ്.
എട്ട് വയസ്സുകാരിയുടെ മരണത്തെക്കുറിച്ച് ദമ്പതികൾ ഒരിക്കലും വാഷിംഗ്ടൺ സ്റ്റേറ്റിലെയോ സൗത്ത് ഡക്കോട്ടയിലെയോ അധികൃതരെ അറിയിച്ചില്ല. പകരം, ദമ്പതികൾ തന്നെ ബന്ധപ്പെട്ടെന്ന് പറഞ്ഞ് ഡേവിസൺ കൗണ്ടി കൊറോണർ ബുധനാഴ്ച മിച്ചൽ പൊലീസിനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് വിചിത്രമായ ഈ സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്.
പിന്നീട്, പൊലീസ് ദമ്പതികളുടെ വാഹനം പരിശോധിച്ചു. അതിൽ ഒരു ശവപ്പെട്ടിയിൽ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നു. എട്ട് വയസുകാരിയുടെ മരണത്തെ കുറിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാത്തതിനും ഇത്തരത്തിൽ പെരുമാറിയതിനും ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.