
മിക്ക ആളുകളും പ്രായമാകുമ്പോൾ വീട്ടിൽ തന്നെ കഴിയാറാണ് പതിവ്. അതുപോലെ പലപ്പോഴും പല സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായിട്ടുള്ള ബന്ധവും നഷ്ടപ്പെടാറുണ്ട്. എന്നാൽ, ഇതിന് വിപരീതമായി ചിലർ വയസ് കൂടിയാലും എനർജി ഒട്ടും കുറയാത്തവരായിട്ടുണ്ട്. അപ്പോഴും അവർ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കും. അവരെപ്പോഴും എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്.
മഹാരാഷ്ട്രയിൽ നിന്നുമുള്ള ഈ ദമ്പതികളും ചെയ്തത് അത് തന്നെയാണ്. അവർക്ക് അവരുടെ സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവർ ഒരു യാത്ര പോയി. അങ്ങനെ ചില്ലറ യാത്ര ഒന്നുമല്ല. എവറസ്റ്റ് സന്ദർശിക്കുകയാണ് ദമ്പതികൾ ചെയ്‍തത്.
ആൻഡി തപയാണ് ഇൻസ്റ്റഗ്രാമിൽ വൃദ്ധ ദമ്പതികളുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. വളരെ അടുത്തു നിന്നും ദമ്പതികൾ എവറസ്റ്റ് കൊടുമുടി കൺകുളിർക്കെ നോക്കിക്കാണുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും അരികിലായി ഒരു ഹെലികോപ്‍ടർ നിർത്തിയിട്ടിട്ടുണ്ട്. ദമ്പതികൾ വാക്കിംഗ്സ്റ്റിക്കുമായിട്ടാണ് നടക്കുന്നത്.
വൃദ്ധന് 86 വയസായി. ജീവിതത്തിന്റെ അവസാനത്തെ സ്റ്റേജിലാണ്. എവറസ്റ്റ് കൊടുമുടി അടുത്ത് നിന്ന് കാണുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹം ആയിരുന്നു. അദ്ദേഹം ആ ആഗ്രഹം തന്റെ ഭാര്യയോടൊപ്പം സാധിച്ചിരിക്കുന്നു എന്ന് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.
തപ പങ്കിട്ട ദമ്പതികളുടെ തന്നെ മറ്റൊരു വീഡിയോയിൽ, ഈ കൊടുമുടി സമുദ്രനിരപ്പിൽ നിന്നും 17,000 അടി ഉയരത്തിലായതിനാലും അവിടെ വളരെ കുറഞ്ഞ ഓക്സിജനേ ഉള്ളൂ എന്നതിനാലും ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് പറയുന്നുണ്ട്. അഭിമാനിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് അദ്ദേഹത്തെ നിർത്താതെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത് എന്നും വീഡിയോയിൽ പറയുന്നു. നല്ല ഓർമ്മകൾ സൃഷ്ടിച്ചും ലോകത്തിന് പ്രചോദനമായും ഇനിയുമൊരു നൂറു വർഷം കൂടി ജീവിക്കട്ടെ എന്നും തപ ദമ്പതികളെ ആശംസിച്ചു.
ഏതായാലും ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടത്.