
ശ്മശാനം എന്ന് കേട്ടാൽ ആകെ ഇരുണ്ട സ്ഥലമായി തോന്നുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് പല ശ്മശാനങ്ങളും ചെടികളും പൂക്കളും ഒക്കെ വച്ച് അലങ്കരിച്ച് മനോഹരമാക്കിയിരിക്കുന്നതായി കാണാം. അല്ലെങ്കിലും എന്തിനാണ് മരിച്ച മനുഷ്യരെ പേടി തോന്നുന്ന ഒരിടത്ത് നിന്നും യാത്രയാക്കുന്നത് അല്ലേ? എന്നാൽ, ഈ ശ്മശാനം ഇതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്നാണ് ചിന്തിക്കുന്നത്. ഇവിടെ പിക്നിക്കിനും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനും വരെ ആളെത്തുന്നു.
ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ദിസയിലാണ് ഈ ശ്മശാനം. 12,000 ചതുരശ്ര അടി വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ശ്മശാനത്തിന്റെ നിർമ്മാണച്ചെലവ് 5-7 കോടി രൂപ വരെയാണ്. വളരെ മനോഹരമാക്കിയാണ് ഇത് പണിതിരിക്കുന്നത്. ശ്മശാനത്തിന്റെ പണി 80 ശതമാനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിനോടകം തന്നെ ഇവിടെ പിക്നിക്കിനും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനും ജന്മദിനാഘോഷത്തിനും വരെ ആളുകളെത്തുന്നുണ്ടത്രെ.
ബനാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദിസ ശ്മശാനത്തിന്റെ കവാടം പോലും ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഉള്ളതാണ്. ഒപ്പം തന്നെ ഒരു പ്രാർത്ഥനാ ഹാൾ, മുതിർന്നവർക്കുള്ള വായനാമുറി, ഒരു വലിയ പൂന്തോട്ടം, കുട്ടികൾക്കുള്ള കളിസ്ഥലം, കുളിമുറി, ശുചിമുറി എന്നിയെല്ലാം ഉൾപ്പെടുന്നു. അതുപോലെ തന്നെ ഇവിടുത്തെ ഗ്രാമീണ ജീവിതങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും പ്രതിമകളും ഒക്കെ വച്ചാണ് ശ്മശാനം കൂടുതൽ മനോഹരമാക്കിയിരിക്കുന്നത്. മഴവെള്ളം സംഭരിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
രണ്ട് ഭാഗങ്ങളാണ് ശ്മശാനത്തിനുള്ളത്. ഒന്ന് ശവസംസ്കാരത്തിന് എത്തുന്നവർക്കുള്ളതാണ്. മറ്റൊന്ന് പിക്നിക്കിനും മറ്റ് ആഘോഷങ്ങൾക്കും എത്തുന്നവർക്കുള്ളതും. ഏതായാലും പൂർണമായും പണി തീർന്നില്ലെങ്കിലും ഇപ്പോൾ തന്നെ ഇത് പ്രശസ്തമായിക്കഴിഞ്ഞു.