
സാധാരണയായി പെറ്റ്(pet) എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് പൂച്ചയും പട്ടിയും ഒക്കെയായിരിക്കും അല്ലേ? എന്നാൽ, ഇവിടെ യുവതി പെറ്റ് ആയി വളർത്തുന്നത് മുതലയേയാണ്. അതും ഒന്നും രണ്ടുമൊന്നുമല്ല, ആറ് മുതലകളെ (crocodiles). തായ്‍വാനിൽ നിന്നുള്ള സാഷിമി (Sashimi) എന്ന യുവതിയാണ് വീട്ടിൽ മുതലകളെ വളർത്തുന്നത്. അവ വളരെ ഫ്രീയായി വീട്ടിലങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
തായ്‍വാനിലെ ഒരു ബ്രീഡറിൽ നിന്നാണ് അവൾ ആദ്യത്തെ മുതലയെ വാങ്ങുന്നത്. ഇന്ന് ആറ് മുതലകളുണ്ട് അവളുടെ വീട്ടിൽ. എന്നാലും എല്ലാ സമയത്തും അവ എങ്ങനെ ആയിരിക്കും എന്നൊന്നും പറയുക സാധ്യമല്ല. ചിലപ്പോൾ പ്രവചനാതീതമായിരിക്കും അവയുടെ സ്വഭാവം. അതിൽ ഫിൽ എന്നൊരു മുതലയുണ്ട്. അതിന് ഇഷ്ടം സാഷിമിയുടെ ഷൂസ് ആണ്. അത് ഏതുനേരവും കടിച്ചുപിടിച്ചിട്ടാണ് ഫിൽ നടക്കുന്നത്. അത് സാഷിമി തന്നെ ഒരു വീഡിയോയിൽ വിവരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് എന്നറിയില്ല. ഷൂസ് അതിന് ഭയങ്കര ഇഷ്ടമാണ്. അതിനാൽ തന്നെ അവ എപ്പോഴും കാണാതാവും എന്നും സാഷിമി പറയുന്നു.
എന്നാൽ, മുതലകളെ പട്ടിയേയും പൂച്ചയേയും ഒക്കെ പോലെ പെറ്റ് ആയി വളർത്താനാവുമോ, അവയ്ക്ക് മനുഷ്യരുടെ സുഹൃത്തായിരിക്കാനാവുമോ എന്ന് ചോദിച്ചാൽ സാഷിമിയുടെ മറുപടി ഇതാണ്. 'മിക്കവാറും ആളുകൾ ചിന്തിക്കുന്നത് പോലെയല്ല. നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ അവയ്ക്ക് മനുഷ്യരുടെ സുഹൃത്തായിരിക്കാൻ സാധിക്കും. മുതലകൾക്ക് വേദനിക്കില്ല എന്നും വികാരങ്ങളില്ല എന്നുമൊക്കെയാണ് നാം ചിന്തിക്കുന്നത്. അത് ശരിയല്ല. മുതലയുടെ ശരീരത്തിൽ ഒരു സോഫ്റ്റ് സ്പോട്ട് ഉണ്ട്. അവിടെ തൊട്ടാൽ അവ പ്രതികരിക്കും' എന്നും സാഷിമി പറയുന്നു.
സാമൂഹികമാധ്യമങ്ങളിൽ നിരവധിപ്പേരാണ് സാഷിമിയെയും അവളുടെ മുതലകളെയും പിന്തുടരുന്നത്.