പ്രൊഫഷണലായി ആളുകളെ കെട്ടിപ്പിടിക്കും, ഒരു സെഷന് ഫീസ് 8000 രൂപ!

By Web TeamFirst Published Dec 9, 2022, 2:40 PM IST
Highlights

തൻറെ സേവനം ആവശ്യമുള്ള ഓരോ വ്യക്തികളുമായും നിരവധി സമയം സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു കരാറിൽ ഒപ്പിട്ടതിനു ശേഷം മാത്രമേ അവരുമായുള്ള സെക്ഷനുകൾ ആരംഭിക്കുകയുള്ളൂ എന്നും ഇവർ പറയുന്നു.

സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. പക്ഷേ, പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം എല്ലാവരും നിന്നും കിട്ടിക്കൊള്ളണമെന്നില്ല. ഏറെ പ്രിയപ്പെട്ടവരിൽ നിന്നും ഇത്തരത്തിൽ സ്നേഹം നിഷേധിക്കപ്പെടുമ്പോൾ സ്വാഭാവികമായും അതു വലിയ ദുഃഖത്തിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കും ഒരാളെ തള്ളിവിടും. ഇത്തരത്തിൽ സ്നേഹം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ അല്ലെങ്കിൽ പ്രണയം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ഹൃദയം തകർന്നിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഈ 46 -കാരി. 

മിസ്സി റോബിൻസൺ എന്ന ഇവർ 'കഡിൽ തെറാപ്പിസ്റ്റ്' എന്നാണ് അറിയപ്പെടുന്നത്. എന്നുവെച്ചാൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് തന്‍റെ ആലിംഗനത്തിലൂടെ സ്നേഹം നൽകി അവരുടെ മാനസിക പിരിമുറുക്കങ്ങൾ ഇവർ കുറയ്ക്കും. പക്ഷേ, ഒരു കാര്യമുണ്ട് ചുമ്മാതങ്ങ് ചെന്നാൽ ഇവർ ആലിംഗനം ചെയ്യുകയൊന്നുമില്ല കേട്ടോ. കൃത്യമായി പണം നൽകിയാൽ മാത്രമേ ഇവരുടെ സേവനം ലഭ്യമാവുകയുള്ളൂ. 

ഇവർ തന്റെ ക്ലയന്റുകളെ അവർ ശുപാർശ ചെയ്യുന്ന സ്ഥലങ്ങളിൽ സന്ദർശിച്ച് അവരെ കെട്ടിപ്പിടിക്കുകയും അതുവഴി സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. സാധാരണയായി ഒരു സെഷനായി ഏകദേശം 8000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്.  99 വ്യത്യസ്‌ത തരത്തിലുള്ള ആലിംഗനങ്ങളെ കുറിച്ച് പറയുന്ന ഒരു ആലിംഗനസൂത്ര പുസ്തകവും  ഇവരുടെ കൈവശമുണ്ട്.  തൻറെ ജോലിയുടെ സ്വഭാവം കൊണ്ട്  ഒരു ലൈംഗികത്തൊഴിലാളിയായി തന്നെ ഒരിക്കലും കാണരുതെന്നും തന്റെ സേവനങ്ങളിൽ ലൈംഗിക അടുപ്പം ഉൾപ്പെടുന്നില്ലെന്നും ഇവർ പറയുന്നു.

സ്ത്രീകളും പുരുഷന്മാരും ഇവർക്ക് ക്ലൈന്റുകളായി ഉണ്ട്. തൻറെ സേവനം ആവശ്യമുള്ള ഓരോ വ്യക്തികളുമായും നിരവധി സമയം സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു കരാറിൽ ഒപ്പിട്ടതിനു ശേഷം മാത്രമേ അവരുമായുള്ള സെക്ഷനുകൾ ആരംഭിക്കുകയുള്ളൂ എന്നും ഇവർ പറയുന്നു. തൻറെ ശരീരഭാഗങ്ങളിൽ എവിടെയും അനാവശ്യമായി സ്പർശിക്കാനുള്ള അവകാശമോ അവസരമോ ക്ലൈന്റുകൾക്ക് നൽകില്ലെന്നും ഇവർ പറയുന്നു.

മിസ്സി മുമ്പ് ഒരു ഫാഷൻ ബ്ലോഗറും പബ്ലിസിസ്റ്റും ആയിരുന്നു കൂടാതെ ഓസ്‌ട്രേലിയൻ ആർമിയിലും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പ്രൊഫഷണൽ കഡ്‍ലർമാരെ കണ്ട ഒരു ടിവി ഷോയിൽ നിന്നാണ്  ഇപ്പോഴത്തെ തൊഴിലിനെക്കുറിച്ചുള്ള ആശയം മിസ്സിക്ക് ലഭിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്കുള്ള ഒരു സാമൂഹിക സേവനമായാണ് ഇവർ തന്റെ തൊഴിലിനെ കാണുന്നത്.

tags
click me!