
ഇന്ത്യയിൽ നിന്നും സ്വീഡനിലേക്ക് മൂന്നാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാനെത്തിയ തന്റെ മാതാപിതാക്കളെ ഞെട്ടിച്ച ചില കാര്യങ്ങളെ കുറിച്ചാണ് സൃഷ്ടി എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശുദ്ധമായ വായുവിനെ കുറിച്ചാണ് ആദ്യം സൃഷ്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്. സ്വീഡനിൽ കാലുകുത്തി ആദ്യമായി ശ്വാസമെടുക്കുമ്പോൾ 'മോളെ, ഇവിടുത്തെ വായു പോലും എന്തൊരു ധാരാളിത്തമുള്ളതാണ്' എന്നായിരുന്നു അമ്മയുടെ പ്രതികരണം.
ടാപ്പിൽ നിന്ന് നേരിട്ട് ഗ്ലാസിൽ വെള്ളം നിറച്ച അച്ഛൻ, 'ഇത് തിളപ്പിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യേണ്ടേ? നേരിട്ട് കുടിക്കാമോ?' എന്ന് അത്ഭുതത്തോടെ ചോദിച്ചതിനെ കുറിച്ചും സൃഷ്ടി പറയുന്നുണ്ട്.
അതുപോലെ, വഴിയാത്രക്കാർക്കായി കാത്തു നിൽക്കുന്ന വാഹനങ്ങളായിരുന്നു അവരുടെ മറ്റൊരു അത്ഭിുതം. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തിക്കൊടുക്കുന്നത് കണ്ട് അവർ ഞെട്ടി.
പ്രായമായവർ ആരെയും ആശ്രയിക്കാതെ ജീവിക്കുന്നതും ഇവരെ അമ്പരപ്പിച്ചു. 80 വയസ്സുള്ള ദമ്പതികൾ ദിവസവും പുറത്തിറങ്ങി സ്വന്തം കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുന്നത് കണ്ടപ്പോൾ അച്ഛൻ ചോദിച്ചത്, 'ഇവർക്ക് ശരിക്കും 80 വയസ്സുണ്ടോ?' എന്നാണത്രെ.
അതുപോലെ, സൂപ്പർമാർക്കറ്റിലെ ബിൽ തുക കണ്ട അമ്മ 'ഇവിടെ വിലപേശാൻ കഴിയില്ലേ?' എന്ന് ചോദിച്ചപ്പോൾ, 'ഇല്ല, ഇവിടെ വില സ്ഥിരമാണ്, ചോദിക്കുന്ന തുക നൽകണം' എന്ന് മകൾ മറുപടി നൽകി.
സാധനങ്ങളുടെ വില നിരന്തരം ഇന്ത്യൻ രൂപയിലേക്ക് മാറ്റി നോക്കിക്കൊണ്ടിരുന്ന അച്ഛൻ, ഒരു പിടി മല്ലിയിലയുടെ വില 170 രൂപ എന്ന് കണ്ട് ശരിക്കും ഞെട്ടിപ്പോയി എന്നും സൃഷ്ടി പറയുന്നു.
അവധിക്ക് വരാൻ നല്ലതാണെങ്കിലും നാട്ടിലെ പച്ചക്കറി വ്യാപാരികളെയും മറ്റും മിസ്സ് ചെയ്യുന്നതിനാൽ എന്നെന്നേക്കുമായി ഇവിടെ താമസിക്കാൻ കഴിയില്ലെന്നാണ് സൃഷ്ടിയുടെ മാതാപിതാക്കളുടെ പക്ഷം. 'ക്ലീൻ എയർ ഇതുപോലെ അത്ഭുതപ്പെടുത്താറുണ്ട്', 'ഇന്ത്യൻ മാതാപിതാക്കൾ എന്തിന്റെയും വില രൂപയിലേക്ക് മാറ്റുന്നത് സാർവത്രികമാണ്' തുടങ്ങി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്.